- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുട്ടിയെ അപകടപ്പെടുത്താൻ മുൻപും ശ്രമം നടന്നു; അന്ന് പൂവാർ പോലീസിൽ കൃഷ്ണപ്രിയ പരാതി നൽകി; ഷിജിൽ തള്ളിയിട്ടതിനെ തുടർന്ന് പരിക്കേറ്റു; മരിക്കുമ്പോൾ ഇഹാന്റെ കയ്യിൽ പ്ലാസ്റ്റർ; നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരനെ പിതാവ് ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ ഇഹാൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പിതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അമ്മ കൃഷ്ണപ്രിയ രംഗത്തെത്തിയിരുന്നു. ഇഹാന് നേരത്തേയും ഷിജിലിൽ നിന്ന് ദേഹോപദ്രവം ഏറ്റിരുന്നതായി കൃഷ്ണപ്രിയ പൂവാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കുട്ടി മരിക്കുമ്പോൾ വലതുകൈയിൽ പ്ലാസ്റ്റർ ഇട്ടിരുന്നതായും, ഷിജിൽ തള്ളിയിട്ടതിനെ തുടർന്നാണ് ഈ പരിക്ക് പറ്റിയതെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഷിജിലും കൃഷ്ണപ്രിയയും രണ്ട് മാസം മുൻപ് വരെ പിണക്കത്തിലായിരുന്നു. കൃഷ്ണപ്രിയ സ്വന്തം അന്തിയൂർ കോണം കുഴിവിള തടത്തരികത്ത് വീട്ടിലേക്ക് താമസം മാറിയ ശേഷം രണ്ട് മാസം മുൻപാണ് കവളാകുളത്തെ വാടകവീട്ടിൽ വീട്ടിൽ ഒരുമിച്ച് താമസം ആരംഭിച്ചത്. സംഭവത്തിൽ പിതാവ് ഷിജിലിനെതിരെ കൊലക്കുറ്റം ചുമത്തി. കുഞ്ഞ് കരയുന്നത് ഇഷ്ടമല്ലായിരുന്നുവെന്നും, ഭാര്യ കൃഷ്ണപ്രിയയുമായി ഈ വിഷയത്തെ ചൊല്ലി സ്ഥിരം വഴക്കിട്ടിരുന്നുവെന്നും ഷിജിൽ പോലീസിനോട് പറഞ്ഞു. കൃഷ്ണപ്രിയ കുഞ്ഞിനെ എടുത്ത് ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഷിജിൽ തടഞ്ഞിരുന്നു. പോലീസ് സർജന്റെയും അന്വേഷണ സംഘത്തിന്റെയും കണ്ടെത്തലിനെ തുടർന്നാണ് ഷിജിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കവളാകുളം സ്വദേശിയായ ഷിജിലിനെ നെയ്യാറ്റിൻകര പോലീസ് വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുള്ള സംശയവും കുഞ്ഞിനോടുള്ള വെറുപ്പുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഷിജിൽ പോലീസിന് മൊഴി നൽകി. വലതുകൈമുട്ടുകൊണ്ട് കുട്ടിയുടെ അടിവയറ്റിൽ മർദ്ദിച്ചതായി പ്രതി സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ഇഹാന്റെ വായിൽ നിന്ന് നുരയും പതയും വന്നതിനെത്തുടർന്ന് ഷിജിലും ഭാര്യ കൃഷ്ണപ്രിയയും ചേർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
എന്നാൽ, ആശുപത്രിയിൽ എത്തിക്കും മുമ്പ് കുട്ടി മരിച്ചിരുന്നു. ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിനെ തുടർന്നാണ് നുരയും പതയും വന്നതെന്നായിരുന്നു ഷിജിൽ ഡോക്ടർമാരോട് പറഞ്ഞിരുന്നത്. എന്നാൽ, കുട്ടിയുടെ ദേഹപരിശോധനയിൽ വിഷാംശം അകത്തുചെന്നിട്ടില്ലെന്നും, അടിവയറ്റിൽ ക്ഷതമേറ്റതായും ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ കണ്ടെത്തി. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫൊറൻസിക് സർജനും അടിവയറ്റിൽ ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
കുഞ്ഞിന്റെ മരണത്തിൽ തുടക്കം മുതലേ സംശയം തോന്നിയ പൊലീസ്, ഇഹാന്റെ സംസ്കാരം കഴിഞ്ഞയുടൻ മാതാപിതാക്കളായ ഷിജിലിനെയും കൃഷ്ണപ്രിയയെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നതായും, കുഞ്ഞിന്റെ കൈയിലുണ്ടായിരുന്ന പൊട്ടലിനെക്കുറിച്ച് വിശദീകരിക്കാൻ ഇവർക്ക് കഴിഞ്ഞില്ലെന്നും പൊലീസ് പറയുന്നു. ഇന്നലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് ഷിജിൽ കുഞ്ഞിനെ മർദിച്ചത് സമ്മതിച്ചത്. മടിയിലിരുത്തി കൈമുട്ട് കൊണ്ട് അടിവയറ്റിൽ മർദിക്കുകയായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി. കൊലക്കുറ്റം ചുമത്തി അറസ്റ്റിലായ ഷിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് കേസിൽ വിശദമായ അന്വേഷണം നടക്കുമെന്നും പൊലീസ് അറിയിച്ചു.


