തലശേരി: മണിപ്പുര്‍ കലാപത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളെ എന്‍ഐഎ സംഘം തലശേരിയില്‍ അറസ്റ്റ് ചെയ്തത് ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിന് ശേഷം. ഇംഫാലില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ രാജ്കുമാര്‍ മൈപാക് സംഘിയെയാണ് (32) ഇന്നലെ വൈകുന്നേരം നഗരത്തിലെ ഒരു വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.

സ്ത്രീകളെ കൊലപ്പെടുത്തിയതടക്കമുള്ള കേസിലെ പ്രതിയായ ഇയാള്‍ തലശേരിയിലെ ഒരു ഹോട്ടലില്‍ ഹൗസ് കീപ്പിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. പതിനൊന്നു ദിവസം മുന്പാണ് ഇയാള്‍ ജോലിയില്‍ പ്രവേശിച്ചത്. ഇത് മനസ്സിലാക്കി എന്‍ഐഎ കേരളത്തിലെത്തി. കേരളാ പോലീസിനെ പോലും ഒന്നും അറിയിച്ചില്ല. ബംഗളൂരുവില്‍ നിന്ന് വരുന്നുവെന്നാണ് ഹോട്ടലില്‍ പറഞ്ഞത്. എന്നാല്‍, തിരൂരില്‍ ജോലി ചെയ്തുവരവേ തലശേരിയിലെത്തിയെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. തിരൂരില്‍ എന്‍ഐഎ എത്തിയെന്ന് മനസ്സിലാക്കിയാണ് ഇയാള്‍ തലശ്ശേരിയില്‍ എത്തിയതെന്നും സൂചനയുണ്ട്.

പ്രതി കേരളത്തിലെത്തിയിട്ടുണ്ടെന്ന വിവരത്തത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘം അന്വേഷിച്ചു വരികയായിരുന്നു. എറണാകുളത്തുനിന്നെത്തിയ എന്‍ഐഎ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊതുവേ സൗമ്യമായി പെരുമാറിയിരുന്ന ഇയാള്‍ കുറഞ്ഞ ദിവസങ്ങള്‍കൊണ്ടുതന്നെ സഹപ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ടവനായി മാറിയിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷമാണ് എന്‍ഐഎ സംഘം ലോക്കല്‍ പോലീസിനെയും റവന്യു ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിച്ചത്.

ഹോട്ടല്‍ മാനേജ്‌മെന്റില്‍നിന്ന് ഉദ്യാഗസ്ഥര്‍ വിശദമായി വിവരങ്ങള്‍ ശേഖരിച്ചു.പ്രതിയെ കൊച്ചിയിലേക്കു കൊണ്ടുപോയി. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം തുടരന്വേഷണത്തിനായി എന്‍ഐഎ ഇംഫാല്‍ യൂണിറ്റിനു കൈമാറും.