- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎക്ക് കനത്ത തിരിച്ചടി; പിഎഫ്ഐയുമായി ബന്ധപ്പെട്ട 10 സ്വത്തുവകകള്‍ ജപ്തി ചെയ്ത നടപടി കോടതി റദ്ദാക്കി; ജപ്തി റദ്ദാക്കിയവയില്‍ മലപ്പുറം ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടര്‍ ഭൂമിയും കെട്ടിടവും; കണ്ടുകെട്ടേണ്ട സ്വത്ത് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നത് ആകണമെന്ന് കോടതി
പോപ്പുലര്‍ ഫ്രണ്ട് കേസില്‍ എന്‍ഐഎക്ക് കനത്ത തിരിച്ചടി
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുമായി ബന്ധപ്പെട്ട പത്ത് സ്വത്തുവകകള്‍ ജപ്തി ചെയ്ത നടപടി റദ്ദാക്കി കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി. കോടതി വിധി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) തിരിച്ചടിയായി. എന്‍ഐഎയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2022 മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) കീഴിലുള്ള നിര്‍ദ്ദിഷ്ട അതോറിറ്റി ആരംഭിച്ച ജപ്തി നടപടികളെ ചോദ്യം ചെയ്ത് സ്വത്തിന് മേല്‍ അവകാശമുള്ള ട്രസ്റ്റികളും വ്യക്തിഗത ഉടമകളും സമര്‍പ്പിച്ച അപ്പീലുകളിലാണ് വിധി വന്നിരിക്കുന്നത്.
മലപ്പുറത്ത് ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടര്‍ ഭൂമിയും കെട്ടിടവും ജപ്തി റദ്ദാക്കിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു എന്നത് ദേശീയ അന്വേഷണ ഏജന്‍സിക്ക് കനത്ത തിരിച്ചടിയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും സജീവ പ്രവര്‍ത്തനമുണ്ടായിരുന്ന കേന്ദ്രമായിരുന്നു ഇത്. പി എഫ് ഐ യുമായി ബന്ധപ്പെട്ട് എന്‍ ഐ എയുടെ പരിശോധനയ്ക്ക് വിധേയമായ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ഗ്രീന്‍വാലി.
ആലപ്പുഴയിലെ ആലപ്പി സോഷ്യല്‍ കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളവ, മണ്ണഞ്ചേരിയിലെ ഷാഹുല്‍ ഹമീദ്, കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷന്‍, പന്തളം എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയാണ് മറ്റ് സ്വത്തുക്കള്‍. ചാവക്കാട്ടെ മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍, മാനന്തവാടിയിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഭൂമി, ആലുവയിലെ അബ്ദുള്‍ സത്താര്‍ ഹാജി മൂസ സേട്ട് പള്ളിയുടെ പരിസരം, പട്ടാമ്പിയിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ്, കോഴിക്കോട് മീഞ്ചന്തയിലെ ഒരു കെട്ടിടം എന്നിവയും വിട്ടുകൊടുക്കാന്‍ ഉത്തരവായിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സ്വത്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് എന്‍ഐഎ വാദിച്ചതിനെ തുടര്‍ന്നാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. നിരവധി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ ഈ സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ചില സന്ദര്‍ഭങ്ങളില്‍ വാടക അടിസ്ഥാനത്തിലാണെന്നും എന്‍ എ എ അവകാശപ്പെട്ടു. ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ കാര്യത്തില്‍, പിഎഫ്ഐ നേതാക്കളായിരുന്നു അതിലെ ട്രസ്റ്റികളെന്നും അവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിച്ചതെന്നും എന്‍ ഐ എ ആരോപിച്ചു,
പിഎഫ്ഐ കേഡര്‍മാരെ താമസിപ്പിക്കാനും, സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ശാരീരികവും ആയുധപരവുമായ പരിശീലനം നടത്താനും ഈ കാമ്പസ് ഉപയോഗിച്ചിരുന്നുവെന്നും എന്‍ ഐ എ ആരോപിച്ചിരുന്നു. പിഎഫ്ഐയും അതിന്റെ മുന്‍ രൂപമായ നിരോധിത നാഷണല്‍ ഡെവലപ്മെന്റ് ഫ്രണ്ടോ (എന്‍ഡിഎഫ്) രൂപീകരിക്കുന്നതിന് വളരെ മുമ്പുതന്നെ ട്രസ്റ്റ് സ്ഥാപിതമായതെന്ന് ഫൗണ്ടേഷന്‍ അംഗങ്ങള്‍ വാദിച്ചു. 1993- ല്‍, സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ട്രസ്റ്റ് സ്ഥാപിതമായതെന്നും എന്‍ഐഎ ആരോപിക്കുന്നത് പോലെ അതിന്റെ ആസ്തികള്‍ തീവ്രവാദത്തിന്റെ ഭാഗമായുള്ളതല്ലെന്നും അവര്‍ വാദിച്ചു.
പിഎഫ്ഐയ്ക്കെതിരായ എന്‍ഐഎ കേസില്‍ നിലവിലെ അംഗങ്ങളുടെ ആരുടേയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും ട്രസ്റ്റികള്‍ ചൂണ്ടിക്കാട്ടി. പിഎഫ്ഐയുടെ മുന്‍ വൈസ് ചെയര്‍മാനും ട്രസ്റ്റിന്റെ സ്ഥാപക അംഗവുമായ അബ്ദുള്‍ റഹ്‌മാനെ എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും, അദ്ദേഹം ട്രസ്റ്റുമായി വളരെ ചെറിയകാലം മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂവെന്നും ഇപ്പോള്‍ അതില്‍ ഒരു സ്ഥാനവും വഹിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഗ്രീന്‍ വാലി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആയുധ പരിശീലനം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന വാദത്തെ പിന്തുണയ്ക്കുന്നതിനായി രേഖാമൂലമുള്ള തെളിവുകളും സാക്ഷി മൊഴികളും ഹാജരാക്കി എന്‍ഐഎ അപ്പീലുകളെ എതിര്‍ത്തു. ഗ്രീന്‍ വാലി, മലബാര്‍ ഹൗസ്, വള്ളുവനാട് ഹൗസ് എന്നിവിടങ്ങളില്‍ പരിശീലനം നേടിയതായി അവകാശപ്പെട്ട ഒരു മാപ്പുസാക്ഷിയുടെ മൊഴിയും ഏജന്‍സി കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചു.
ഇരുപക്ഷത്തുനിന്നുമുള്ള വാദങ്ങള്‍ പരിഗണിച്ച ശേഷം, നിര്‍ദ്ദിഷ്ട അതോറിറ്റി പുറപ്പെടുവിച്ച സ്വത്ത് കണ്ടുകെട്ടല്‍ ഉത്തരവുകള്‍ റദ്ദാക്കാന്‍ കോടതി വിധിച്ചു. 'ഇന്‍ഡോര്‍ സ്റ്റേഡിയവും അത് സ്ഥിതി ചെയ്യുന്ന ഭൂമിയും തീവ്രവാദത്തിന്റെ വരുമാനത്തെ പ്രതിനിധീകരിക്കുന്നുവെന്ന് കാണിക്കുന്ന തെളിവുകളുണ്ടെങ്കിലും, സ്വത്തിന്റെ ഒരു ഭാഗവുമായി ബന്ധപ്പെട്ട് ഉത്തരവ് നിലനിര്‍ത്താന്‍ കഴിയില്ല, കാരണം കണ്ടുകെട്ടേണ്ട സ്വത്ത് വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്നതായിരിക്കണം.' എന്ന് ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.
ട്രസ്റ്റിയുടെയോ ട്രസ്റ്റിന്റെ സ്വത്തുക്കളുടെ നടത്തിപ്പിലുള്ള വ്യക്തിയുടെയോ അറിവോടെയും സമ്മതത്തോടെയുമാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് കാണിക്കുന്ന വസ്തുതകളും ഉണ്ടായിരിക്കണം. ഇതിലെ ഏതെങ്കിലും സ്വത്തുക്കള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലൂടെ ലഭിച്ചതാണെന്ന് സൂചിപ്പിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പുതിയ നടപടികള്‍ ആരംഭിക്കുന്നതിന് വിധി തടസ്സമാകില്ലെന്ന് ജപ്തി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ജപ്തി റദ്ദാക്കിയ സ്വത്തുക്കള്‍
1. ഗ്രീന്‍ വാലി ഫൗണ്ടേഷന്‍ ട്രസ്റ്റ്, പുല്‍പ്പറ്റ, മലപ്പുറം
2. ആലപ്പുഴ സോഷ്യല്‍ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ ട്രസ്റ്റ്, ആലപ്പുഴ
3. ആലപ്പുഴ മണ്ണഞ്ചേരിയിലെ ഷാഹുല്‍ ഹമീദിന്റെ ഷോപ്പിങ് കോംപ്ലക്‌സ്
4. കാരുണ്യ ഫൗണ്ടേഷന്‍ ട്രസ്റ്റിന്റെ സ്വത്ത്, കരുനാഗപ്പള്ളി, കൊല്ലം
5. പന്തളം എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥലവും കെട്ടിടവും, പന്തളം
6. തൃശൂര്‍ ചാവക്കാട് മൂന്ന് പേരുടെ ഉടമസ്ഥതയിലുള്ള കെട്ടിടം
7. വയനാട് മാനന്തവാടിയിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റിന്റെ സ്വത്ത്
8. ആലുവയിലെ അബ്ദുല്‍ സത്താര്‍ ഹാജി മൂസ സെയ്ത് ജുമാ മസ്ജിദിന്റെ ഭൂമി
9. പാലക്കാട് പട്ടാമ്പി കല്‍പക ജംഗ്ഷനില്‍ കെ ടി അസീസിന്റെ ഷോപ്പിങ് കോംപ്ലക്‌സ്
10. കോഴിക്കോട് മീഞ്ചന്തയില്‍ ഒബെലിസ്‌ക് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഡെവലപ്പര്‍മാരുടെ കെട്ടിടം