- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓണ്‍ലൈനിലൂടെ കണ്ടെത്തിയ ഐടി കമ്പനിയിലെ ജോലിക്ക് എത്തിയത് മൂന്ന് വര്‍ഷം മുന്‍പ്; താമസിക്കുന്ന മുറിയില്‍ നിന്നും കാണാതായിട്ട് മൂന്ന് മാസം; അമൃത്സറിലെത്തിയെന്ന വിവരം പൊലീസിന് കിട്ടിയെങ്കിലും അന്വേഷണം വഴിമുട്ടി; അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം
ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം മുന്‍പ് സ്വന്തമായി ഓണ്‍ലൈനിലൂടെ കണ്ടെത്തിയ ഐടി കമ്പനിയിലെ ജോലിക്ക് വേണ്ടിയാണ് പത്തനംതിട്ട സ്വദേശി ശ്രീവിഷ്ണു ഹരിയാന ഗുരുഗ്രാമിലെ സുഖ്‌റാലിയില്‍ എത്തുന്നത്. ഡിസംബര്‍ 11ന് താമസിക്കുന്ന മുറിയില്‍ നിന്നും നഗരത്തിന് പുറത്തേക്ക് പോയ അയാളെ പിന്നെ ആരും കണ്ടിട്ടില്ല. അയാള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാതെ അയാള്‍ക്കുവേണ്ടി കാത്തിരിക്കുകയാണ് കുടുംബം.
അമൃത്സറിലെത്തിയെന്ന വിവരം പൊലീസിന് കിട്ടിയെങ്കിലും അന്വേഷണം വഴിമുട്ടി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്റെ പരാതി. സെക്ടര്‍ 17 സിയിലെ മുറിയിലാണ് താമസിച്ചിരുന്നത്. പ്രമുഖ ഐടി സ്ഥാപനമായ ആക്‌സഞ്ചറിലെ സൂപ്പര്‍വൈസറായിരുന്ന വിഷ്ണു ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസിലും ബാക്കി സമയം മുറിയിലിരുന്നുമായിരുന്നു ജോലി ചെയ്തിരുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചെന്നും ഫെബ്രുവരിയില്‍ നാട്ടിലേക്ക് വരാന്‍ അവധി ലഭിച്ചെന്നും വിഷ്ണു വീട്ടുകാരോട് പറഞ്ഞിരുന്നു.
കാണാതായ ഡിസംബര്‍ പതിനൊന്നിന് വീട്ടുകാരുമായി വീഡിയോ കോളിലൂടെയടക്കം വളരെ സന്തോഷത്തോടെ സംസാരിച്ചിരുന്നു. നഗരത്തിന് പുറത്തേക്കാണ് പോകുന്നതെന്ന് കെട്ടിട ഉടമയോട് പറഞ്ഞിരുന്നു. പതിനായിരം രൂപ വാട്‌സാപ്പിലൂടെ കടമായി ചോദിച്ചിരുന്നുവെന്നും എന്തിനാണ് പണമെന്ന് ചോദിക്കാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നെന്നും ഉടമ പറയുന്നു. അതിനുശേഷം ഇതുവരെ ആ ഫോണ്‍ ഓണായിട്ടില്ല. കാണാതാകുന്ന ദിവസം ധരിച്ച വസ്ത്രവും, മൊബൈല്‍ ഫോണുമല്ലാതെ വിഷണുവിന്റെ സാധനങ്ങളെല്ലാം മുറിയിലുണ്ട്.
ഒടുവില്‍ പഞ്ചാബിലെ അമൃത്സറില്‍ വിഷ്ണു എത്തിയതായാണ് പൊലീസിന് വിവരം ലഭിച്ചത്. കാണാതായ ദിവസം ഗുരുഗ്രാമില്‍നിന്നും ദില്ലിയിലെ കശ്മീരി ഗേറ്റിലേക്ക് വിഷ്ണു പോയതായും വിവരമുണ്ട്. ദില്ലിയില്‍ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ബസുകള്‍ പുറപ്പെടുന്ന സ്ഥലമാണ് കശ്മീരി ഗേറ്റ്. പിന്നെ ഒരു വിവരവുമില്ലെന്ന് ഗുരുഗ്രാം പൊലീസും പറയുന്നു.
കാണാതായതിന് പിന്നാലെ ഗുരുഗ്രാമിലെത്തിയ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് ഹരിയാന പൊലീസ് കേസെടുത്തത്. പത്തനംതിട്ട എംപി ആന്റോ ആന്റണി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും സഹമന്ത്രിക്കും നല്‍കിയ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവസാനമായി വിഷ്ണുവെത്തിയെന്ന് കരുതുന്ന അമൃത്സറില്‍ ഹരിയാന പൊലീസ് പോയി അന്വേഷിച്ചോയെന്ന് വ്യക്തമല്ല. ദുരൂഹ സാഹചര്യത്തില്‍ ഒരു യുവാവിനെ കാണാതായി മൂന്ന് മാസമാകാറാകുമ്പോഴും പോലീസ് അന്വേഷണം എവിടെയുമെത്തിയിട്ടില്ല. വിഷയത്തില്‍ അധികാരികളുടെ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന കുടുംബത്തിന്റെ പരാതി ?ഗൗരവമുള്ളതാണ്.