നോയിഡ: മകളുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പരാതി നൽകിയ അമ്മയ്ക്കുനേരെ ആക്രമണം നടത്തിയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. രണ്ടിൽ ബൈക്കിലെത്തിയ അജ്ഞാതരാണ് പരാതിക്കാരിയെ കത്തി കൊണ്ട് ആക്രമിച്ചത്. സെക്ടർ 10ൽ താമസിക്കുന്ന ഗീതയ്ക്കു (42) നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകുന്നേരമാണ് ആക്രമണം ഉണ്ടായത്.

ജോലി കഴിഞ്ഞു വീട്ടിലേക്കു വരുമ്പോഴായിരുന്നു ഗീതയ്ക്കു നേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം ഗീതയെ വഴിയിൽ തടഞ്ഞു നിർത്തി. ശേഷം കത്തി കൊണ്ട് തലയിൽ ആക്രമിക്കുകയായിരുന്നു. അക്രമികൾ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായില്ല. പിന്നിൽ ഇരുന്നയാളാണ് എന്നെ പലവട്ടം ആക്രമിച്ചത്. മരിച്ചുവെന്നു കരുതിയാണ് അവർ സ്ഥലംവിട്ടത്. പിന്നീട് ബന്ധുക്കളെയും പോലീസിനെയും വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

ഇടതു കവിളിൽ 11 സ്റ്റിച്ചും വലതു കവിളിൽ 5 സ്റ്റിച്ചും ഇട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വലതു കൈയിൽ 11 സ്റ്റിച്ചും ഉണ്ട്. നോയിഡ ഫേസ് 1 പോലീസ് സ്റ്റേഷനിൽ ശനിയാഴ്ചയാണ് പരാതി നൽകിയത്. 2023 ഒക്ടോബർ ഒൻപതിനാണ് പരാതിക്കാരിയായ ഗീതയുടെ 17 വയസ്സുള്ള മകളെ മുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വരുൺ എന്നയാൾ പെൺകുട്ടിയെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയെന്നാണ് ഗീതയുടെ ആരോപണം. അയൽവാസിയായ വരുൺ എന്നയാൾ സ്ഥലത്തുനിന്നു പോകുന്നതും കണ്ടെത്തിയിരുന്നു.

വരുൺ (വീരു) ഉൾപ്പെടെ ഒൻപതുപേർക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന പരാതിയാണ് ഗീത നൽകിയിരിക്കുന്നത്. അന്ന് ആത്മഹത്യാപ്രേരണയ്ക്കാണ് വരുണിനെതിരെ കേസെടുത്തത്. എന്നാൽ മകളുടെ മരണം കൊലപാതകമാണെന്ന ഗീത ഉറപ്പിച്ച് പറഞ്ഞിരുന്നു. അന്നുമുതൽ വരുണിന്റെ കുടുംബാംഗങ്ങൾ ഭീഷണിപ്പെടുത്തുകയാണെന്ന് ഗീത പരാതിയിൽ പറയുന്നു.

2023ലും 2024ലും വരുണിന് ജാമ്യം നിഷേധിച്ചെങ്കിലും ഈ ഏപ്രിലിൽ അലഹാബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗീതയ്ക്ക് നേരെ ആക്രമമുണ്ടായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.