കൊച്ചിയില്‍ എത്തിയത് ബോള്‍ഗാട്ടി പാലസില്‍ അലന്റെ ഡിജെ പാര്‍ട്ടിയ്ക്കുള്ള സാധനവുമായി; കൊക്കൈന്‍ കണ്ടെത്തിയത് നിര്‍ണ്ണായക തെളിവായി; ക്രൗണ്‍പ്ലാസ ഹോട്ടലിലെ റെയ്ഡ് നിര്‍ണ്ണായകമായി; സിനിമാക്കാരും ഗുണ്ടയെ കാണാനെത്തി; ഓംപ്രകാശ് വീണ്ടും അഴിക്കുള്ളിലേക്ക്

കൊച്ചി: ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നു കുണ്ടന്നൂരിലെ ഹോട്ടലില്‍ നടത്തിയ തിരച്ചിലില്‍ കുടുങ്ങിയ ഗുണ്ടാ നേതാവ് തിരുവനന്തപുരം സ്വദേശി കെ.കെ.ഓംപ്രകാശ്(44) അറസ്റ്റില്‍. പോള്‍ജോര്‍ജ് വധക്കേസുള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയാണ്. കൊച്ചിയിലെ കേസില്‍ ഓംപ്രകാശിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ റിമാന്‍ഡിലാകാന്‍ സാധ്യത ഏറെയാണ്.

ഓംപ്രകാശില്‍ നിന്നും കൊക്കയിന്‍ കണ്ടെത്തിയെന്നാണ് എഫ് ഐ ആര്‍. ക്രൗണ്‍ പ്ലാസ ഹോട്ടലിലായിരുന്നു താമസം. ബോള്‍ഗാട്ടി പാലസില്‍ അലന്‍ എന്ന ആളുടെ ഡിജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനുള്ള മയക്കുമരുന്ന് ഇവരുടെ കൈയ്യിലുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നായിരുന്നു ക്രൗണ്‍ പ്ലാസയില്‍ പോലീസ് റെയ്ഡിനെത്തിയത്. റെയ്ഡില്‍ ചെറിയ അളവില്‍ കൊക്കൈയന്‍ കണ്ടെത്തി. ഡിജെ പാര്‍ട്ടിക്ക് വിതരണം ചെയ്തതിന്റെ ബാക്കിയായിരുന്നു ഇത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇക്കാര്യം ഓംപ്രകാശ് സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്.

ഓംപ്രകാശും കൊല്ലം സ്വദേശി ഷിഹാസും (45) തങ്ങിയിരുന്ന മുറിയില്‍ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചിരുന്നതായും കണ്ടെത്തി. ഷിഹാസിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശനിയാഴ്ചയാണ് ഓംപ്രകാശ് ഹോട്ടലില്‍ മുറിയെടുത്തത്. ഇതിനു ശേഷം മലയാള സിനിമാ രംഗത്തെ ചിലരുള്‍പ്പെടെ കൂടുതല്‍ പേര്‍ രാത്രിയില്‍ ഈ മുറിയിലെത്തി മടങ്ങിയിരുന്നു. മുറിയില്‍ ലഹരിമരുന്ന് ഉപയോഗം നടന്നോ എന്നുള്ള പരിശോധനയും പൊലീസ് തുടരുന്നു. ഓംപ്രകാശിനെ ഇന്നലെ വൈകിട്ട് കൊച്ചി സിറ്റി ഡിസിപിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന് സംശയിക്കുന്നതിന്റെ പേരിലാണ് ഇവരെ കുണ്ടന്നൂരിലെ സ്റ്റാര്‍ ഹോട്ടലില്‍നിന്നും പിടികൂടിയതെന്ന് പോലീസ് പറയുന്നു. 20-ഓളം കേസുകളില്‍ പ്രതിയാണ് ഇവര്‍. പരിശോധനയില്‍ ഷിഹാസിന്റെ മുറിയില്‍നിന്നും രാസലഹരിയും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ കൊച്ചിയില്‍ വന്നതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ട്.

1999 മുതല്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകല്‍, വീടുകയറി ആക്രമണങ്ങള്‍, ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെ ഇരുപതിലേറെ കേസുകളിലെ പ്രതിയാണ് ഓംപ്രകാശ്. അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയതാണ്. കഴിഞ്ഞ വര്‍ഷം

പാറ്റൂരിലെ ഗുണ്ടാ ആക്രമണക്കേസില്‍ ഒളിവില്‍ പോയ ഓംപ്രകാശിനെ കുടുക്കിയത് റിയല്‍ എസ്റ്റേറ്റ് കച്ചവടവുമായി ബന്ധപ്പെട്ട ഫോണ്‍ വിളികളായിരുന്നു. 11 മാസം വിവിധ സംസ്ഥാനങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഓംപ്രകാശ് തലസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളിലും തര്‍ക്കങ്ങളിലും രഹസ്യമായി ഇടപെടുന്നതും പലരെയും ഭീഷണിപ്പെടുത്തുന്നതും പൊലീസ് കണ്ടെത്തിയിരുന്നു.




തുടര്‍ന്ന് ഇയാളുമായി ബന്ധമുള്ളവരുടെ പട്ടിക തയാറാക്കി ഇവരുടെ ഫോണ്‍ വിളികളും സമൂഹമാധ്യമ അക്കൗണ്ടുകളും ബാങ്ക് ഇടപാടുകളും നിരീക്ഷിച്ചാണ് ഓം പ്രകാശിനെ പിടികൂടിയത്. പാറ്റൂരിലെ ആക്രമണത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ്, ഫ്‌ലാറ്റ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമായിരുന്നു. 2023 ജനുവരി 9ന് പുലര്‍ച്ചെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമയായ നിഥിനെയും സുഹൃത്തുക്കളെയും കാര്‍ തടഞ്ഞു നിര്‍ത്തി കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്.

അന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച ശേഷം ഓംപ്രകാശ് സ്ഥിരമായി ഫോണ്‍ നമ്പര്‍ ഉപയോഗിച്ചില്ല. താമസ സ്ഥലം മാറുന്നതിനൊപ്പം പലരുടെയും പേരില്‍ എടുത്ത സിം കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. ഇയാള്‍ ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവിലായിരുന്നു. വന്‍കിട ഹോട്ടലുകളില്‍ ആണ് ഓംപ്രകാശ് താമസിച്ചിരുന്നത്. അക്കൗണ്ടുകള്‍ മരവിപ്പിച്ചെങ്കിലും ഇയാള്‍ക്ക് ധനസഹായം ലഭിച്ചുകൊണ്ടിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം ഓംപ്രകാശ് ലഹരി കച്ചവടം സജീവമാക്കി എന്ന സൂചനയാണ് ഇപ്പോള്‍ പോലീസ് നല്‍കുന്നത്.