- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലിചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; പട്ടാമ്പി സ്വദേശിയില്‍നിന്ന് തട്ടിയത് 41.36 ലക്ഷം രൂപ; കോഴിക്കോട് സ്വദേശി പിടിയില്‍; ചെറിയ തുക നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ നല്‍കി വിശ്വാസം പിടിച്ചുപറ്റിയ ശേഷം വന്‍തുക കൈപ്പറ്റി തട്ടിപ്പ്
ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലിചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്
പാലക്കാട്: ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലിചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പട്ടാമ്പി സ്വദേശിയില്‍നിന്ന് 41.36 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് സ്വദേശി അറസ്റ്റിലായി. കോഴിക്കോട് കസ്റ്റംസ് റോഡ് സ്വദേശി ഫഹദ് അലിയെയാണ് (37) പാലക്കാട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനായി ജോലി തരപ്പെടുത്താം എന്നു വിശ്വസിപ്പിച്ചാണ് പണം തട്ടിപ്പു നടന്നത്.
2025 ജനുവരി മുതല്‍ തട്ടിപ്പുകാര്‍ ഇരയെ വാട്ട്‌സ്ആപ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് പ്രോപ്പര്‍ട്ടികളുടെ റേറ്റിങ് കൂട്ടുന്ന ജോലി ഓണ്‍ലൈനായി ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. ആദ്യം തട്ടിപ്പുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ചെറിയ തുകകള്‍ നിക്ഷേപം നടത്തിച്ച് ചെറിയ ലാഭം നല്‍കി വിശ്വാസം നേടിയെടുത്തു. പിന്നീട് ഭീമമായ തുക നിക്ഷേപം നടത്തിച്ച് മുഴുവനും തട്ടിയെടുക്കുകയായിരുന്നു.
പാലക്കാട് സൈബര്‍ ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിവരവെ പരാതിക്കാരന് നഷ്ടപ്പെട്ട തുകയിലെ 7,96,000 രൂപ ഫഹദിന്റെ കോഴിക്കോട് ബേപ്പൂരുള്ള ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ അക്കൗണ്ടിനെതിരെ വിവിധ സംസ്ഥാനങ്ങളിലായി നാല് പരാതികള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി എം. പ്രസാദിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി. ശശികുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ബൈജു സി. എല്‍ദോ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.കെ. ശരണ്യ, വി. ഉല്ലാസ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷണം നടത്തിയത്. പ്രതിയില്‍നിന്നു ലഭ്യമായ വിവരങ്ങളനുസരിച്ച് കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി മനസ്സിലായിട്ടുണ്ടെന്നും കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.