ആലപ്പുഴ: ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലി വാഗദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തുറവൂരിലാണ് നിരവധി പേര്‍ക്ക് പണം നഷ്ടമായത്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് റേറ്റിംഗ് നല്‍കിയാല്‍ കമ്മീഷനായി പണം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തുറവൂരില്‍ മാത്രം ആഞ്ഞൂറിലധികം ആളുകള്‍ക്കാണ് പണം നഷ്ടമായത്.

മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് റേറ്റിംഗ് നല്‍കിയാണ് പണം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ആദ്യമാദ്യം ജോലിക്കെത്തിയവര്‍ക്ക് കുറച്ച് പണം നല്‍കി. ഇതോടെ ഇവരെ വിശ്വാസത്തിലെടുത്ത നിരവധി ആളുകള്‍ ജോലിക്കായി തയ്യാറാവുക ആയിരുന്നു. ആദ്യം പാര്‍ട്ട് ടൈം ജോലി നല്‍കാമെന്ന് പറഞ്ഞ് ആളുകളെ സമീപിക്കും. പ്ലേ സ്റ്റോറില്‍ നിന്ന് എഎസ്ഒ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിന്നീട് വിവിധ ആപ്പുകള്‍ക്ക് ഉയര്‍ന്ന റേറ്റിംഗ് നല്‍കണം. ഒരു ടാസ്‌ക് പൂര്‍ത്തിയാക്കിയാല്‍ 38 രൂപ ലഭിക്കും. ദിവസം 760 രൂപ വരെ നേടാം. പക്ഷേ, ജോലി ലഭിക്കണമെങ്കില്‍ 19,780 രൂപ നല്‍കണം.

തുറവൂര്‍ സ്വദേശിനിയായ ജെന്‍സി എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്ന് പറ്റിക്കപ്പെട്ടവര്‍ പറയുന്നു. ആദ്യം പണം നല്‍കിയവര്‍ക്ക് ജോലിയും ചെറിയ രീതിയില്‍ വരുമാനവും ലഭിച്ചു. ഇതോടെ കൂടുതല്‍ ആളുകളില്‍ നിന്ന് പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പിന് ഇരയായവരില്‍ നൂറോളം പേര്‍ കുത്തിയതോട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എറണാകുളം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് സൂചന.

പാര്‍ട്ട് ടൈം ജോലി, ഓണ്‍ലൈന്‍, തട്ടിപ്പ്, തുറവൂര്‍, online fraud