പത്തനംതിട്ട: ബ്ലേഡ് പലിശക്ക് പണം കൊടുക്കുന്നതിലൂടെ അനധികൃതമായി അമിതാദായമുണ്ടാക്കുന്നവര്‍ക്കെതിരായ നിയമനടപടിയുടെ ഭാഗമായി ജില്ലയില്‍ പോലീസിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി പ്രത്യേകപരിശോധന നടന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം, 'ഓപ്പറേഷന്‍ കുബേര' എന്ന പേരില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 69 റെയ്ഡുകളാണ് നടന്നത്. കുറ്റകൃത്യം സംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നു പേരെ അറസ്റ്റ് ചെയ്തു. അതിനിടെ പല പോലീസ് സ്റ്റേഷനുകളിലും റെയ്ഡ് വിവരം ചോര്‍ന്നു. പണവും പ്രോമിസറി നോട്ടും ബ്ലാങ്ക് ചെക്കുകളുമടക്കം ബ്ലേഡുകാര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ബ്ലേഡ് പലിശക്കാരില്‍ നിന്നും മാസപ്പടി പറ്റുന്ന പോലീസുകാരാണ് റെയ്ഡ് വിവരം ചോര്‍ത്തിയത് എന്നാണ് ആക്ഷേപം.

തിരുവല്ല,കോയിപ്പുറം,റാന്നി,പെരുമ്പെട്ടി എന്നീ പോലീസ് സ്റ്റേഷനുകളിലാണ് മണി ലെന്‍ഡിങ് ആക്ടിലെയും അമിത പലിശ ഈടാക്കുന്നതിനെതിരായ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവല്ലയിലും കോയിപ്പുറത്തും പെരുമ്പെട്ടിയിലുമായി ഓരോരുത്തരെ അറസ്റ്റ് ചെയ്തു. അമിതപലിശ ഈടാക്കി ആളുകള്‍ക്ക് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട വിവിധ രേഖകള്‍ പരിശോധനയില്‍ പിടിച്ചെടുത്തു. പെരുമ്പെട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെരുമ്പെട്ടി പതാലില്‍ തോട്ടത്തില്‍ വീട്ടില്‍ ടി ഡി ബാലകൃഷ്ണനെ( 54)അറസ്റ്റ് ചെയ്തു. അനുമതി പത്രമോ ലൈസന്‍സോ ഇല്ലാതെ അമിതാദായത്തിനായി അനധികൃതമായി ചെക്കുകളും മുദ്രപ്പത്രങ്ങളും ഈടായി വാങ്ങി പലിശയ്ക്ക് പണം കൊടുക്കുന്നതു സംബന്ധിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. പെരുമ്പെട്ടി എസ്എച്ച്ഓയുടെ ചുമതലയുള്ള വെച്ചുച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ എം ആര്‍ സുരേഷിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടില്‍ ബുധനാഴ്ച രാവിലെ റെയ്ഡ് നടത്തിയത്.

വീട്ടില്‍ നിന്നും 13,500 രൂപയും വിവിധ ബാങ്കുകളുടെ പലരുടെ പേരിലുള്ള മൂന്ന് ബ്ലാങ്ക് ചെക്ക് ലീഫുകളും മൂന്ന് മുദ്രപത്രങ്ങളും കണ്ടെടുത്തു. ബാലകൃഷ്ണനെ സ്റ്റേഷനിലെത്തിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.ഐ ടി.പി ശശികുമാറാണ് കേസെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. കോയിപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍, തോട്ടപ്പുഴശ്ശേരി ചെട്ടിമുക്ക് കുളഞ്ഞിക്കൊമ്പില്‍ വീട്ടില്‍ എബ്രഹാം വര്‍ഗീസ്(69) പിടിയിലായി. തുകയോ തീയതിയോ രേഖപ്പെടുത്താതെ നിരവധി ചെക്ക് ലീഫുകളും വിവരങ്ങള്‍ രേഖപ്പെടുത്താത്ത മുദ്രപത്രങ്ങളും, പലയാളുകള്‍ ഒപ്പിട്ട വെള്ളക്കടലാസുകളും രാവിലെ നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച വിവിധ ഡയറികളില്‍ നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. ദേശസാല്‍കൃതമായതുള്‍പ്പെടെയുള്ള വിവിധ ബാങ്കുകളുടെ പല തുകകള്‍ക്കുള്ള ചെക്ക് ലീഫുകളും മുദ്രപത്രങ്ങളും കണ്ടെടുത്തു. പലരുടെയും ഒപ്പ് രേഖപ്പെടുത്തിയ വെള്ളക്കടലാസുകളും പണം പലിശയ്ക്ക് കൊടുത്തതിന്റെയും ചെക്കുകുളം മറ്റും വാങ്ങിയതിന്റെയും കണക്കുകള്‍ ഡയറികളില്‍ രേഖപ്പെടുത്തിയിരുന്നു. അലമാരയുടെ അടിത്തിട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടിയില്‍ നിന്നും അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും മറ്റും കറന്‍സി നോട്ടുകളും കണ്ടെടുത്തു. ഇത്തരത്തില്‍ ആകെ 91770 രൂപയാണ് കണ്ടെടുത്തത്. പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. കോയിപ്രം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എസ്.ഐ ഷൈജു, എ എസ് ഐ ഷിബുരാജ്, എസ് സി പി ഓമാരായ ഷെബാന, വിപിന്‍രാജ്, സി പി ഓ അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്.

തിരുവല്ല പോലീസ് നടത്തിയ പരിശോധനയില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു അറസ്റ്റ് ചെയ്തശേഷം നോട്ടീസ് നല്‍കി വിട്ടയച്ചു. കുറ്റപ്പുഴ ചുമത്ര പുന്നമറ്റം തടത്തില്‍ വീട്ടില്‍ റിജോ മോന്‍ (32) ആണ് അറസ്റ്റിലായത്. തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ എസ്. സന്തോഷിന്റെ നിര്‍ദേശപ്രകാരം എസ്.ഐ ഐ ഷിറാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തത്. പോലീസ് സംഘത്തില്‍ പ്രൊബേഷന്‍ എസ്.ഐ ജയ്മോന്‍, എസ്.സി.പി.ഓ വിനോദ്, സി.പി.ഓ അശ്വതി എന്നിവരാണ് ഉണ്ടായിരുന്നത്. നിയമപരമുള്ള രജിസ്ട്രേഷന്‍ ഇല്ലാതെ അനധികൃതമായി പണം കടം കൊടുക്കുന്നതായും പൂരിപ്പിക്കാത്ത വിവിധ ബാങ്കുകളുടെ ചെക്കുകളും മുദ്രപത്രങ്ങളും വാങ്ങി സൂക്ഷിക്കുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ്. പണം പലിശക്ക് കൊടുക്കുന്നതിനോ അതിലേക്കായി ചെക്കുകളോ മുദ്രപത്രങ്ങളോ വാങ്ങി വയ്ക്കുന്നതിനോ നിയമപരമായ രജിസ്ട്രേഷന്‍ ഇല്ല എന്ന് വ്യക്തമായതിനെതുടര്‍ന്ന് 10 ചെക്ക് ലീഫുകളും മുദ്രപ്പത്രവും ഡയറിയും പിടിച്ചെടുത്തു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

റാന്നി പോലീസ് നടത്തിയ പരിശോധനയില്‍ മക്കപ്പുഴ മന്ദമരുതി അമ്പാട്ടു ലിന്റോ തോമസിന്റെ വീട്ടില്‍ നിന്നും അനധികൃത രേഖകള്‍ പിടിച്ചെടുത്തു. റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന്റെ നിര്‍ദേശാനുസരണം രാവിലെ എസ്.ഐ റെജി തോമസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ആളുകളില്‍ നിന്നും വാങ്ങിയ തുക വിവരങ്ങള്‍ രേഖപ്പെടുത്താത്ത ഒപ്പിട്ട ചെക്കുകള്‍, ഒപ്പിട്ട മുദ്രപത്രങ്ങള്‍, വസ്തു ക്രയവിക്രയം നടത്തിയ ആധാരങ്ങള്‍, വാഹന കച്ചവടത്തിന്റെ രേഖകള്‍ തുടങ്ങിയവ കണ്ടെടുത്തു. ലിന്റോ വീട്ടില്‍ ഇല്ലായിരുന്നു. എസ്.സി.പി.ഓ സുമില്‍, സി.പി.ഓമാരായ സനില്‍, രേവതി എന്നിവരായിരുന്നു പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. ജനങ്ങളെ അനധികൃതമായി കൊള്ളപ്പലിശ ഈടാക്കി സാമ്പത്തിക ചൂഷണങ്ങള്‍ക്ക് വിധേയരാക്കുന്നവര്‍ക്കെതിരെയുള്ള പരാതികളുടെ പശ്ചാത്തലത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശമനുസരിച്ചായിരുന്നു ജില്ലയിലാകെ പരിശോധനകള്‍ നടന്നത്. ഇത്തരം കുറ്റവാളികള്‍ക്കെതിരെ തുടര്‍ന്നും നിയമ നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.