കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍, ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ ചില വാഹനങ്ങള്‍ പിടിച്ചെടുത്തതോടെ, നടന്മാരായ ദുല്‍ഖര്‍ സല്‍മാനും, പൃഥ്വിരാജും, അമിത് ചക്കാലയ്ക്കലും മറുപടി പറയേണ്ടി വരും. ദുല്‍ഖറിനും, പൃഥ്വിക്കും, അമിത്തിനും കസ്റ്റംസ് നോട്ടീസ് അയയ്ക്കും. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകള്‍ നേരിട്ട് ഹാജരാകണമെന്നും പിഴ അടച്ച് കേസ് തീര്‍ക്കാന്‍ കഴിയില്ലെന്നും ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലക്കലും ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ് വ്യക്തമാക്കി.

ഭൂട്ടാനില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന ദുല്‍ഖറിന്റെ നാലുവാഹനങ്ങളില്‍ രണ്ടെണ്ണമാണ് പരിശോധിച്ചത്. അതില്‍ ലാന്‍ഡ് റോവര്‍ പിടിച്ചെടുത്ത് കസ്റ്റംസ് യാര്‍ഡിലേക്ക് കൊണ്ടുവന്നു. നിസ്സാന്‍ പട്രോള്‍ റോഡ് ഫിറ്റ്‌നസ് ഇല്ലാത്തത് കൊണ്ട് യാര്‍ഡിലേക്ക് കൊണ്ടുവരാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. ദുല്‍ഖറിന്റെ തന്നെ നിസ്സാന്‍ വൈ 60, നിസാന്‍ വൈ 61 എന്നിവ കണ്ടുകിട്ടാനുണ്ട്. ഇവ എവിടെയെന്ന് വ്യക്തമല്ല.




മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീടിന് സമീപത്തെ ഗാരേജിലും പരിശോധന നടന്നു. പതിനൊന്നുമണിയോടെയാണ് മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വീട്ടില്‍ കസ്റ്റംസ് എത്തിയത്. ഹോം സ്റ്റേ ആയി നല്‍കുന്ന ഈ വീടിന് സമീപത്തുതന്നെയുള്ള ഗാരേജിലായിരുന്നു പരിശോധന. മുമ്പ് മമ്മൂട്ടി ഉപയോഗിച്ചിരുന്ന പത്ത് കാറുകള്‍ ഗാരേജിലുണ്ട്. ആഡംബരക്കാറുകളുടെ പഴയ മോഡലുകളാണ് ഏറെയും. രേഖകള്‍ പരിശോധിച്ചെങ്കിലും ഒന്നും കസ്റ്റഡിയില്‍ എടുത്തില്ല. മമ്മൂട്ടിയുടെ ഇളംകുളത്തെ വീട്ടിലാണ് ദുല്‍ഖര്‍ സല്‍മാന്‍ താമസിക്കുന്നത്.

പൃഥ്വിരാജിന്റെ തേവരയിലെ വീട്ടില്‍ റെയ്ഡ് നടന്നങ്കിലും വാഹനങ്ങളൊന്നും പിടിച്ചെടുത്തില്ല. പൃഥ്വിരാജിന്റെ ഡിഫന്‍ഡര്‍ വാഹനം ഏംബസി വഴിയാണ് കൊണ്ടുവന്നതെങ്കിലും കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് വാഹന കടത്ത് നടത്തുന്ന സംഘത്തിന്റെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിത് ചക്കാലയ്ക്കലിന്റെ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ പ്രാഡോ അടക്കം ആറു വാഹനങ്ങള്‍ പിടിച്ചെടുത്തു. അമിത് അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ആരോപണമുണ്ട്. ഇയാള്‍ സമന്‍സ് കൈപ്പറ്റാന്‍ വിസമ്മതിച്ചു. ഇതോടെ, പരിശോധന നടക്കുന്നതിനിടെ കസ്റ്റംസ് അധികൃതര്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തി. താരത്തിന് നിയമോപദേശം നല്‍കാനെത്തിയ അഭിഭാഷകരെ പോലീസ് തടഞ്ഞു. നിലവില്‍ താരത്തിന് നിയമോപദേശം നല്‍കാന്‍ അഭിഭാഷകരെ അനുവദിക്കാനാവില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കള്ളവണ്ടിക്കാരില്‍ നിന്നാണ് വാഹനം വാങ്ങിയത് എന്ന അറിവോടെയാണ് നടന്മാര്‍ അത് ചെയ്തതെങ്കില്‍ വലിയ കുറ്റമാകും. വലിയ കുറ്റമാണെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി നേരിടേണ്ടിവരും. ചെറിയ കുറ്റമാണെങ്കില്‍ പിഴ ഉള്‍പ്പെടെയുള്ള നടപടികളായിരിക്കും നേരിടേണ്ടിവരുക. വിദേശത്തു നിന്ന് യൂസ്ഡ് കാര്‍ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധം എന്ന് ബോധ്യപ്പെട്ടാണ് 36 വാഹനങ്ങള്‍ പിടിച്ചെടുത്തത്.

ഓപ്പറേഷന്‍ നുംഖോര്‍ എന്ത്? എന്തിന്?

ഭൂട്ടാനിലെ സോങ്ഖ ഭാഷയില്‍ നുംഖോര്‍ എന്നാല്‍ വാഹനം എന്നാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂട്ടാനില്‍ നിന്നുള്ള വാഹന കടത്ത് പിടിക്കാനുള്ള ഓപ്പറേഷന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണണേറ്റ് ഓപ്പറേഷന്‍ നുംഖോര്‍ എന്ന് പേരിട്ടത്. കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ്, എടിഎസ്, സംസ്ഥാന പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് 30 വ്യത്യസ്ത ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. ഉയര്‍ന്ന മൂല്യമള്ള സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തി വഴി കടത്തുന്നുവെന്ന കൃത്യമായ ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.




സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. അതല്ലെങ്കില്‍, ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സില്‍, കസ്റ്റംസ് തുറമുഖങ്ങള്‍ വഴി 160 ശതമാനം ഡ്യൂട്ടി അടച്ച് വേണം സെക്കന്‍ഡ് കാറുകള്‍ കൊണ്ടുവരേണ്ടത്. ലഭ്യമായ വിവരം അനുസരിച്ച് കാറുകള്‍ ഭാഗങ്ങളായോ, കണ്ടെയ്‌നുകള്‍ക്കുള്ളിലോ, ടൂറിസ്റ്റ് വാഹനമെന്ന വ്യാജേനയോ ആണ് ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടിരിക്കുന്നത്.

പരിവാഹന്‍ വെബ്‌സൈറ്റില്‍ കൃത്രിമം കാണിച്ചാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കസ്റ്റംസ് കണ്ടെത്തി. ഭൂട്ടാനില്‍ നിന്ന് ഇറക്കുമതി ചെയ്തതായി കാണിച്ചാണ് പല വാഹനങ്ങളും കേരളത്തിലെത്തിച്ചത്. ഇന്ത്യന്‍ ആര്‍മിയുടെയും അമേരിക്കന്‍ എംബസിയുടെയും പേരില്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പല വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സോ ഫിറ്റ്‌നസോ ഇല്ലായിരുന്നു. ജിഎസ്ടി വെട്ടിപ്പും കണ്ടെത്തി. രണ്ട് വര്‍ഷത്തോളമായി ഈ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇറക്കുമതി ചെയ്യുന്നതിലെ നിയന്ത്രണങ്ങള്‍ മറികടക്കാനും ശ്രമങ്ങളുണ്ടായി. വാഹനക്കടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും നികുതി വെട്ടിപ്പ് നടന്നതായും കസ്റ്റംസ് വ്യക്തമാക്കി

ഇത്തരം കടത്ത് വാഹനങ്ങളില്‍ പലപ്പോഴും സ്വര്‍ണവും മയക്കുമരുന്നും കടത്തിയതായി റിപ്പോര്‍ട്ടുകള്‍ കിട്ടി. കോയമ്പത്തൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കള്ളക്കടത്ത് റാക്കറ്റ് ഇന്ത്യന്‍ കറന്‍സിയും വിദേശ കറന്‍സിയും ഭൂട്ടാനിലേക്ക് കടത്തിയതായും കണ്ടെത്തി. ഇത്തരം ആഡംബര വാഹനങ്ങളെല്ലാം വാങ്ങിയത് സിനിമാ താരങ്ങള്‍ അടക്കം സമ്പന്നരായ വ്യക്തികളായിരുന്നു. ഇവര്‍ അറിഞ്ഞോ അറിയാതെയോ അതില്‍ പങ്കാളികളായതാവാം. അനധികൃത കടത്തിലൂടെ കേരളത്തില്‍ 150 മുതല്‍ 200 വരെ വാഹനങ്ങള്‍ എത്തിയതായാണ് വിവരം. അതില്‍ 36 എണ്ണമാണ് ചൊവ്വാഴ്ചത്തെ റെയ്ഡില്‍ പിടികൂടിയത്. മറ്റുള്ളവ കണ്ടെത്താന്‍ പരിശോധന തുടരുകയാണ്.