- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനുവിന്റെ ആത്മഹത്യ: മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍; വീഡിയോ പകര്‍ത്തിയതും സൈബറിടത്തില്‍ പ്രചരിപ്പിച്ചതും ഇയാള്‍; ഇയാളുടെ നിരന്തര പ്രേരണയിലാണ് മനു തൂങ്ങിമരിച്ചതെന്ന് സംശയം
ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനുവിന്റെ ആത്മഹത്യ
തിരുവനന്തപുരം: ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനു ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍.മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭര്‍ത്താവാണ് പൊലീസിന്റെ കസ്റ്റഡിയില്‍ ആയത്. എറണാകുളം പിറവത്ത് ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
പി ജി മനു മാപ്പു പറയുന്നതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയത് ഇയാളാണ്. മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ കൂടിയായ പി.ജി മനു നിയമസഹായം തേടിയെത്തിയ ഇരയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായിരുന്നു. കര്‍ശന വ്യവസ്ഥയോടെ ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് മറ്റൊരു യുവതിയുമായി ബന്ധപ്പെട്ട് പിജി മനുവിനെതിരെ ലൈംഗിക പീഡന ആരോപണം ഉയര്‍ന്നത്. ലൈംഗിക പീഡന ആരോപണം യുവതിയുടെ കുടുംബത്തോട് ഇയാള്‍ മാപ്പ് ചോദിക്കുന്നുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചിരുന്നു.
പീഡനക്കേസില്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമോ എന്ന മാനസിക സംഘര്‍ഷം കാരണമായിരിക്കാം മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനു ആത്മഹത്യ ചെയ്തതെന്ന് സഹപ്രവര്‍ത്തകന്‍ കൂടിയായ അഡ്വ. ബി.എ. ആളൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊട്ടാരക്കരതാലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ ആളൂരും പി.ജി. മനുവും ആയിരുന്നു പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത്. ഈ കേസിന്റെ നടത്തിപ്പിനായാണ് കൊല്ലം ആനന്ദവല്ലീശ്വരത്ത് രണ്ടുമാസം മുന്‍പ് വാടക വീടെടുത്ത് മനു താമസം തുടങ്ങിയത്. ഇവിടെയാണ് മനുവിനെ തൂങ്ങീ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മനുവിന്റെ മരണം വളരെ ദുര്‍ഭാഗ്യകരമാണെന്ന് ആളൂര്‍ പറഞ്ഞു. 'സോഷ്യല്‍ മീഡിയയിലെ ഇല്ലാത്ത കാര്യങ്ങളുടെ പേരില്‍ രണ്ടാമതൊരു ബലാത്സംഗ കേസുകൂടി തനിക്കെതിരെ വരുന്നുണ്ട് എന്ന പേടി കാരണമാകാം മനു ജീവനൊടുക്കിയത്. അതിന്റെ മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇനന് രാവിലെ ജൂനിയര്‍ അഭിഭാഷകര്‍ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മനുവിനെതിരെ ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. ആദ്യ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ സുപ്രീം കോടതിയില്‍ വരെ പോയിട്ടും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 59 ദിവസം ജയിലില്‍ കിടന്ന ശേഷമാണ് ജാമ്യം കിട്ടിയത്. രണ്ടാമതും കേസ് വന്നാല്‍ വീണ്ടും ജയിലില്‍ പോകേണ്ടി വരുമല്ലോ എന്ന മാനസിക സംഘര്‍ഷം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത്' -അഡ്വ. ബി.എ. ആളൂര്‍ പറഞ്ഞു.
തനിക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ വീട്ടില്‍ അഡ്വ. പി.ജി. മനു കുടുംബസമേതം എത്തി തൊഴുകൈയോടെ മാപ്പുപറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളും ഒപ്പമുള്ള സ്ത്രീകളും പീഡനത്തിനിരയായ യുവതിയുടെയും ബന്ധുക്കളുടെയും കാല് പിടിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കൊല്ലത്തെ വീട്ടില്‍ മനുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മറ്റൊരു പീഡനക്കേസിലെ അതിജീവിതയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് മനു. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി.ജി. മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതിനു ശേഷം തന്റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചിരുന്നു.
രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതി മൊഴിനല്‍കിയിരുന്നു. മനു അയച്ച വാട്സാപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവില്‍ എറണാകുളം പുത്തന്‍കുരിശ് പൊലീസിനു മുന്‍പാകെ മനു കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മനുവിനെ പ്ലീഡര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത്.
ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് പുതിയ പീഡനക്കേസ് കൂടി ഉയര്‍ന്നത്. ഭര്‍ത്താവിന്റെ കേസിന് വേണ്ടി മനുവിനെ സമീപിച്ച യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഭര്‍ത്താവിന്റെ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രെ യുവതിയെ പീഡിപ്പിച്ചത്. കേസ് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി ഭര്‍ത്താവിനോടും മറ്റും മാപ്പു പറഞ്ഞത്.
എന്‍.ഐ.എ പ്രോസിക്യൂട്ടറായിരുന്ന മനുവാണ് പാനായിക്കുളം, നാറാത്ത് തുടങ്ങിയ കേസുകളില്‍ എന്‍.ഐ.എക്ക് വേണ്ടി ഹാജരായത്. വീട്ടുടമ ചായ എത്തിച്ചപ്പോള്‍ വാങ്ങി കുടിച്ചിരുന്നു. അതിനുശേഷം രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.