കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ സിപിഎം നേതാവ് പി പി ദിവ്യ കീഴടങ്ങി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ദിവ്യ ഹാജറായി. മുന്‍കൂര്‍ ജാമ്യഹര്‍ജി തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെ രക്ഷയില്ലെന്ന് കണ്ട് അതീവ രഹസ്യമായി എത്തിയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കീഴടങ്ങിയത്. പ്രാഥമികമായി സിപിഎം നേതാവിനെ ചോദ്യം ചെയ്യുകയാണ് പോലീസ് ഇപ്പോള്‍. കോടതിയില്‍ ഹാജരാകാതെയാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങിയത്.

കണ്ണപുരത്തുവെച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ദിവ്യയുടെ അറസ്റ്റ് വൈകുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ദിവ്യയെ അറസ്റ്റു ചെയ്യണമെന്ന് നവീന്‍ ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കീഴടങ്ങല്‍ എന്നാണ് സൂചകള്‍. നേരത്തെ ദിവ്യയെ പാര്‍ട്ടിയും കൈവിട്ടിരുന്നു. ഉപതിരഞ്ഞെടുപ്പു സാഹചര്യമാണ് സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു.

ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. കെ.നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു. ദിവ്യയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി. നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍.

യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ പരസ്യവിമര്‍ശനം നടത്തിയതില്‍ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു. സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിന് കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ വിമര്‍ശനം. ഇതിന് പിറ്റേ ദിവസമാണ് നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പി പി ദിവ്യയുടെ പ്രസംഗം എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പ്രേരണയായെന്ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിപ്രസ്താവത്തില്‍ നിരീക്ഷിച്ചിരുന്നു. പ്രത്യാഘാതം മനസ്സിലാക്കിയായിരുന്നു ദിവ്യയുടെ പ്രസംഗം. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്നും കോടതി പറഞ്ഞു. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിലാണ് പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങള്‍ ഉള്ളത്. ദിവ്യ ക്ഷണിക്കാതെ വന്നതെന്നും പ്രസംഗം ആസൂത്രിതമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദങ്ങളാണ് കോടതി അംഗീകരിച്ചത്.

ദിവ്യയുടെ പ്രസംഗത്തിന്റെ ഉദ്ദേശ്യം അപമാനിക്കലായിരുന്നു. എഡിഎമ്മിനെ അപമാനിക്കാനും അപഹസിക്കാനും ദിവ്യ ശ്രമിച്ചുയ തന്റെ സഹപ്രവര്‍ത്തക്കാരുടെയും ജീവനക്കാരുടെയും മുന്നില്‍ അപമാനിതനായതില്‍ മനം നൊന്ത് മറ്റു വഴികള്‍ ഇല്ലാതെയാണ് എഡിഎം ജീവനൊടുക്കിയത്. ആസൂത്രിതമായാണ് ദിവ്യ തന്നെ ക്ഷണിക്കാത്ത പരിപാടിയിലെത്തിയത്. പ്രവൃത്തിയുടെ പ്രത്യാഘാതം മനസ്സിലാക്കിയായിരുന്നു ദിവ്യയുടെ പ്രസംഗം. ഗൗരവമേറിയ സംഭവമെന്നും കോടതി നിരീക്ഷിച്ചു. ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

നവീന്‍ബാബുവിനെ വ്യക്തിഹത്യ നടത്തുക, മാനഹാനി ഉണ്ടാക്കുക ലക്ഷ്യമിട്ട് കരുതിക്കൂട്ടിയാണ് ദിവ്യ യാത്രയയപ്പ് യോഗത്തില്‍ വന്നത്. ഇതിനായി പ്രാദേശിക ചാനല്‍ കാമറാമാനെയും കൂട്ടിയാണ് യോഗത്തിനെത്തിയത്. പ്രാദേശിക ചാനലിനെ വിളിച്ച് ഷൂട്ടു ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു. ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുകൊണ്ടു വന്നതാണെന്നതിന് തെളിവാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. നവീന്റെ പത്തനംതിട്ടയിലെ വീട്ടിലും പ്രസംഗ ദൃശ്യം പ്രചരിപ്പിച്ചു. ഇതിലൂടെ ദുരുദ്ദേശ്യം വ്യക്തമാണെന്നും കോടതി വ്യക്തമാക്കി.

യാത്രയയപ്പിന് ദിവ്യ എത്തിയത് ക്ഷണിക്കാതെയാണെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. ഉന്നത ഉദ്യോഗസ്ഥനെ പൊതുസമക്ഷത്തില്‍ പരിഹസിക്കാനാണ് ശ്രമിച്ചത്. സഹപ്രവര്‍ത്തകരുടെ മുന്നില്‍ നവീന്‍ ബാബു അപമാനിതനായി. അഴിമതിയെക്കുറിച്ച് അറിവു ലഭിച്ചെങ്കില്‍ പൊലീസിനെയോ വിജിലന്‍സിനെയോ ആണ് അറിയിക്കേണ്ടിയിരുന്നത്. പി പി ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണ്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതി സാക്ഷികളെ സ്വാധീനിച്ചേക്കാം. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.

കുടുംബത്തിലെ ഉത്തരവാദിത്തം ജാമ്യം നല്‍കാന്‍ കാരണമല്ല. ക്ഷണിക്കാതെയാണ് ദിവ്യ പരിപാടിയില്‍ പങ്കെടുത്തതെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതി ഭാഗം ഹാജരാക്കിയ സിഡിയില്‍ പ്രസംഗം ഭാഗികമായി മറച്ചുവെച്ചെന്ന വാദവും കോടതി അംഗീകരിച്ചെന്ന് 38 പേജ് ഉള്ള വിധിപ്പകര്‍പ്പില്‍ വ്യക്തമാകുന്നു. ജാമ്യത്തിനുള്ള വാദം തെളിയിക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ലെന്നും ഇതിലുണ്ട്. ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദാണ് ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിച്ചത്.

ജാമ്യം തള്ളി എന്ന ഒറ്റവാക്യത്തിലാണ് കോടതിയുടെ പ്രസ്താവം. ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടിയുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസില്‍ പ്രതിയായതോടെ ഇരിണാവിലെ വീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ദിവ്യ 13 ദിവസമായി ഒളിവില്‍ കഴിയുകയാണ്. ദിവ്യയ്ക്കുവേണ്ടി അഭിഭാഷകന്‍ കെ.വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ.അജിത്കുമാറും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ജോണ്‍ എസ്.റാല്‍ഫുമാണ് കോടതിയില്‍ ഹാജരായത്.