കൊല്ലം: സൈക്കിള്‍ യാത്രക്കാരനായ വയോധികനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതാണ് നിര്‍ണ്ണായകമായത്. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മെയ് 26-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. നീല വാഗണ്‍ ആര്‍ കാര്‍ സൈക്കിള്‍ യാത്രക്കാരനെ ഇടിച്ചിടുന്നതും തുടര്‍ന്ന് വയോധികന്റെ ശരീരത്തിലൂടെ കയറ്റിയിറക്കിയശേഷം കാര്‍ അമിതവേഗത്തില്‍ പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. കൊല്ലം ആശ്രാമം മൈതാനത്ത് മെയ് 26-ന് നടന്ന വാഹനാപകടമാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.

കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന റിട്ട. ബി.എസ്.എന്‍.എല്‍. എന്‍ജിനീയര്‍ പാപ്പച്ചനെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരും കൂട്ടാളികളും ചേര്‍ന്ന് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ കൊല്ലത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ വനിതാ മാനേജരെയും കൂട്ടാളികളെയും പോലീസ് പിടികൂടിയിരുന്നു. സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ മാനേജരും തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയുമായ സരിത (45), സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവ് മരുതടി വാസുപ്പിള്ള ജങ്ഷനിലെ അനൂപ്(37), പോളയത്തോട് സ്വദേശി അനിമോന്‍(44), കടപ്പാക്കട സ്വദേശി മാഹീന്‍(47), പോളയത്തോട് ഹാഷിഫ് അലി(27) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു ലക്ഷം രൂപയ്ക്കാണ് സരിത ക്വട്ടേഷന്‍ നല്‍കിയത്. എന്നാല്‍ കൊലയ്ക്ക് ശേഷം കൊലപാതക വിവരം പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി അനിമോന്‍, മാഹിന്‍, ഹാഷിഫ് എന്നിവര്‍ കൂടുതല്‍ തുക സരിതയില്‍ നിന്നു വാങ്ങിയിട്ടുണ്ട്. മൂവര്‍ക്കുമായി ഏകദേശം 19 ലക്ഷം കൈമാറിയെന്നാണ് വിവരം. ഹാഷിഫ് തന്നെ മൂന്നു ലക്ഷം കൈപ്പറ്റി. അങ്ങനെ 2 ലക്ഷത്തിന്റെ ക്വട്ടേഷന്‍ 19 ലക്ഷത്തിലെത്തി. കേസിന്റെ ചുരുള്‍ അഴിഞ്ഞില്ലെങ്കില്‍ സരിതയെ ഭീഷണിപ്പെടുത്തി കൂടുതല്‍ തുക മൂവരും കൈപ്പറ്റാന്‍ സാധ്യതയുണ്ടായിരുന്നെന്നും അന്വേഷണ സംഘം പറഞ്ഞു.

പാപ്പച്ചന്‍ സൈക്കിളില്‍ വരുമ്പോഴാണ് വാഗണ്‍ ആര്‍ കാര്‍ ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിച്ചത്. മെയ് 26-ന് വൈകീട്ട് ആശ്രാമം മൈതാനത്തിന് സമീപമായിരുന്നു സംഭവം. അപകടത്തില്‍ പാപ്പച്ചന്‍ മരിച്ചു. തുടര്‍ന്ന് പാപ്പച്ചന്റെ സംസ്‌കാരം പന്തളത്ത് നടത്തുകയും ചെയ്തു. സാധാരണ അപകടമെന്ന നിലയില്‍ പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുമ്പോഴാണ് അപകടത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. കാറിടിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചതില്‍നിന്ന് സംഭവം കൊലപാതകമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.

വാഹനതിരക്കില്ലാത്ത റോഡില്‍ കാര്‍ സൈക്കിള്‍ യാത്രക്കാരനെ മനഃപൂര്‍വം ഇടിച്ചിടുന്നതും തുടര്‍ന്ന് യാത്രക്കാരന്റെ ശരീരത്തിന് മുകളിലൂടെ കാര്‍ കയറ്റുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതില്‍ സംശയം തോന്നിയതോടെ പോലീസ് സംഘം കാര്‍ ഡ്രൈവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കാറോടിച്ചിരുന്നത് അനിയാണെന്ന് വ്യക്തമായി. ഇയാളെ ചോദ്യംചെയ്തെങ്കിലും സാധാരണ അപകടമെന്നരീതിയിലായിരുന്നു മൊഴി. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സരിതയ്ക്കും അനൂപിനും ഉള്‍പ്പെടെ കൃത്യത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായത്.

പാപ്പച്ചന്‍ കുടുംബപ്രശ്‌നം കാരണം കൊല്ലത്ത് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു. തന്റെ 90 ലക്ഷത്തിന്റെ നിക്ഷേപത്തില്‍നിന്ന് 40 ലക്ഷം രൂപ പിന്‍വലിച്ചത് പാപ്പച്ചന്‍ ചോദ്യം ചെയ്തിരുന്നു. ഇതോടെയാണ് സരിതയും കൂട്ടാളികളും പാപ്പച്ചനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്. വിരമിക്കല്‍ ആനുകൂല്യമായി കിട്ടിയ പണം സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരുന്ന പാപ്പച്ചന്‍, ബാങ്കിലെ ജീവനക്കാരുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാല്‍, പാപ്പച്ചന്‍ കുടുംബവുമായി നല്ല ബന്ധത്തിലല്ലെന്ന വിവരം മാനേജര്‍ അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു. പാപ്പച്ചന്‍ മരിച്ചാല്‍ തുക ചോദിച്ച് ആരുംവരില്ലെന്നും വ്യക്തമായി മനസ്സിലാക്കിയാണ് സരിത പദ്ധതികള്‍ ആസൂത്രണം ചെയ്തത്.

വാടകയ്ക്കെടുത്ത കാര്‍ പാപ്പച്ചന്‍ ഓടിച്ച സൈക്കിളിലേക്ക് ഇടിച്ചു കയറ്റിയാണ് അപകടം ഉണ്ടാക്കിയത്. ആശ്രാമം മൈതാനത്തിനു തൊട്ടടുത്ത ഇടവഴിയില്‍ ആയിരുന്നു അപകടം. സ്ഥിരമായി സൈക്കിള്‍ മാത്രം ഉപയോഗിച്ചിരുന്ന ആളായിരുന്നു പാപ്പച്ചന്‍. പാപ്പച്ചനെ കൊല്ലാനായി ക്രിമിനല്‍സംഘത്തില്‍പ്പെട്ട അനിമോനെയും ഓട്ടോഡ്രൈവറായ മാഹീനെയുമാണ് സരിതയും അനൂപും ബന്ധപ്പെട്ടത്. തുടര്‍ന്ന് മൂന്നുതവണ പാപ്പച്ചനെ ഓട്ടോ ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനുശേഷമാണ് പ്രതികള്‍ കാര്‍ വാടകയ്ക്കെടുത്ത് കൃത്യം നടപ്പാക്കിയത്.