കൊച്ചി: സിപിഎം നേതാക്കള്‍ക്കെതിരെ അധിക്ഷേപ പ്രചാരണം നടത്തിയെന്ന കേസില്‍ പറവൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്‍ പോലീസിന് മുന്നില്‍ ഹാജരാകില്ല.

ഗോപാലകൃഷ്ണനും കെ എം ഷാജഹാനും അന്വേഷക സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച ഹാജരാകണമെന്നാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ഇരുവരുടെയും വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഗോപാലകൃഷ്ണന്‍ തല്‍ക്കാലം ഹാജരാകില്ല. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കും.

സിപിഎം പറവൂര്‍ ഏരിയകമ്മിറ്റി അംഗം കെ ജെ ഷൈനിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പ്രചാരണം നടത്തിയതില്‍ കേസെടുത്തതിന് പിന്നാലെ ഗോപാലകൃഷ്ണനും ഷാജഹാനും ഒളിവിലാണെന്ന പ്രചരണം എത്തി. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസ് എത്തിയപ്പോള്‍ ഷാജഹാന്‍ വീട്ടിലുണ്ടായിരുന്നു. ചോദ്യം ചെയ്യാന്‍ ഷാജഹാന്‍ എത്തുമോ എന്ന് വ്യക്തമല്ല.

ഗോപാലകൃഷ്ണന്റെ കെടാമംഗലത്തുള്ള വീട്ടില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണ്‍ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തിരുന്നു, ഈ ഫോണില്‍നിന്നാണോ കെ ജെ ഷൈനിനെതിരായ പോസ്റ്റ് ഇട്ടതെന്ന് പരിശോധിക്കും. സൈബര്‍ ഫോറന്‍സിക് സംഘത്തിന് ഫോണ്‍ കൈമാറി. സ്ത്രീത്വത്തെ അപമാനിച്ചതിനുപുറമെ ഐടി ആക്ടും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 'കൊണ്ടോട്ടി അബു' എന്ന -ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ഉടമ യാസറിനെയും പ്രതിചേര്‍ത്തു.

ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷകസംഘം. വ്യാജവും അധിക്ഷേപകരവുമായ പ്രചാരണം നടത്തിയ നൂറിലധികം പ്രൊഫൈലുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. അധിക്ഷേപ പോസ്റ്റുകളിലെ വിവരങ്ങള്‍ തേടി എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനം മെറ്റയ്ക്ക് കത്ത് നല്‍കിയിരുന്നു. മെറ്റയില്‍ നിന്നും വിവരം കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷ. ഇതു മനസ്സില്‍ വച്ചാണ് മുമ്പോട്ട് അന്വേഷണം പോകുന്നത്.