- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരിയിലെ ഇരട്ടക്കൊല കേസിലെ പ്രതി പാറായി ബാബു സഖാവ് തന്നെ! ഡിവൈഎഫ്‌ഐയുടെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത വീഡിയോ പുറത്ത്; ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലും പ്രതി; സിപിഎം പ്രവർത്തകനായ ബാബു രാഷ്ട്രീയ അക്രമക്കേസിലുൾപ്പെടെ പ്രതി; രാഷ്ട്രീയം മറയാക്കി മയക്കു മരുന്നു കച്ചവടവും ഗുണ്ടായിസവും തൊഴിലാക്കി
കണ്ണൂർ: തലശ്ശേരി ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതി പാറായി ബാബുവിന്റെ രാഷ്ട്രീയം കൂടുതൽ ചർച്ചായുകുന്നു. സിപിഎം പ്രവർത്തകരായ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തിയത് സിപിഎം പ്രവർത്തകൻ കൂടിയായ ബാബുവാണ്. ഇയാളുടെ സിപിഎം ബന്ധം തലശ്ശേരിയിൽ ഉള്ളവർക്ക് വ്യക്തമായി അറിയുകയും ചെയ്യും. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ കൊളശേരിയിൽ നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത വ്യക്തിയാണ് ബാബു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈ മാസം കൊളശേരിയിൽ ഡിവൈഎഫ്‌ഐ നടത്തിയ മനുഷ്യചങ്ങലയിൽ പാറായി ബാബു പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലഹരി വിൽപന ചോദ്യം ചെയ്തതാണോ കൊലപാതകത്തിനു പ്രകോപനമെന്ന് പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണു ദൃശ്യങ്ങൾ പുറത്തുവന്നത്. അഞ്ചു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ പാറായി ബാബു പിടിയിലായിരുന്നു. കൊല്ലപ്പെട്ട കെ.ഖാലിദിനെയും പൂവനായി ഫെമീറിനെയും കുത്തിയത് നിട്ടൂർ സ്വദേശിയായ പാറായി ബാബുവെന്നും പൊലീസ് അറിയിച്ചിരുന്നു. ഏഴുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.
ബാബു, ജാക്‌സൺ, നവനീത്, സുസ്മിത്, കണ്ടാലറിയുന്ന ഒരാൾ എന്നിവരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാന കണ്ണിയാണ് ബാബു. ആർ.എസ്.എസ്. പ്രവർത്തകനായ ബാബു പിന്നീട് പാർട്ടി മാറി സിപിഎം. പ്രവർത്തകനായി. രാഷ്ട്രീയ അക്രമക്കേസിലുൾപ്പെടെ ബാബു പ്രതിയാണ്. പ്രത്യേകതരത്തിലുള്ള കത്തിയുപയോഗിച്ചാണ് അക്രമിസംഘം ഇരുവരെയും വെട്ടിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലും പ്രതിയാണ് ബാബുവെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി വൈസ് പ്രസിഡന്റ വി ടി ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. തലശേരി നഗരസഭാ പരിധിയിലെ ഇല്ലിക്കുന്ന് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാസംഘത്തിന്റെ നേതാവാണ് പാറായി ബാബു. ഭരണപരമായ ബന്ധങ്ങൾ തന്നെയാണ് ബാബു തന്റെ വളർച്ചക്കായി ഉപയോഗിച്ചതും. തലശേരിയിലെ വാഹനകച്ചവടവും നിയന്ത്രിച്ചിരുന്നത് ബാബുവിന്റെ നേതൃത്വത്തിലാണ്. ഗുണ്ടാക്വട്ടേഷൻ സംഘമാണെന്നാണ് വിവരം.
പഴയവാഹനങ്ങൾ ചുളുവിലയ്‌ക്കെടുത്തു പൊളിച്ചുവിൽക്കുന്ന ജോലിയും ഇയാൾ ചെയ്തിരുന്നു. തലശേരിയിലെ ബിജെപി സ്വാധീനപ്രദേശമായ ഇടത്തിലമ്പലവും സി.പി. എം കോട്ടയായ കൊടുവള്ളിക്കും മധ്യേയുള്ള ഇല്ലിക്കുന്നിലാണ് ഇയാൾ ക്യാംപ് ചെയ്തിരുന്നത്. വാഹനകച്ചവടത്തിനു പുറമേ പണം കൊയ്യാനാണ് ഇയാൾ മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയത്.
തലശേരിയിൽ പിടിമുറുക്കിയ സിന്തറ്റിക്ക മയക്കുമരുന്ന് വിൽപനസംഘത്തിനും കഞ്ചാവ് ലോബിക്കും നേതൃത്വം നൽകിയിരുന്നത് പാറായി ബാബുവാണെന്നാണ് പൊലിസ് നൽകുന്ന വിവരം. കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ചാണ് ഈയാൾ പ്രവർത്തിച്ചിരുന്നത്. അതേസമയം പാറായി ബാബുവിന്റെ പോക്ക് ശരിയല്ലെന്ന പരാതി സിപിഎം പ്രാദേശിക നേതൃത്വത്തിന് ഉണ്ടായിരുന്നുവെന്നാണ് സൂചന. തലശേരിയിൽ പിടിമുറുക്കിയ ലഹരിമാഫിയക്കെതിരെ സർക്കാരും വിവിധ പാർട്ടികളും പ്രതിരോധം ശക്തമാക്കിയപ്പോൾ പാറായി ബാബുവും ജാക്‌സണുമുൾപ്പെടെയുള്ള സംഘത്തിന് പഴയതു പോലെ പണകൊയ്ത്തു നടത്താൻ കഴിഞ്ഞിരുന്നില്ല. കർണാടകയിലെ ചില ബന്ധങ്ങളാണ് അവിടെ നിന്നും മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ കൊണ്ടു വരാൻ ഇയാളെ സഹായിച്ചത്.അടവു തെറ്റിയ വാഹനങ്ങളുടെ സി.സി. പിടിക്കാനും മയക്കുമരുന്ന് വിൽപന നടത്താനുമായി എന്തിനും പോന്ന വൻഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾ പാറായി ബാബുവിന്റെ കൂടെയുണ്ട്.
കൊലനടന്ന ഉടൻ ഇയാളെ കർണാടകയിലെ വീരാജ് പേട്ടവഴി മുങ്ങാൻ സഹായിച്ചത് ഇവരാണ്. ഇവരിൽ മൂന്നു പേരെ പൊലിസ് വാഹനത്തിൽ നിന്നും പിടികൂടിയിട്ടുണ്ട്. തലശേരി ഇല്ലിക്കുന്നിലെ വിജനമായ വനപ്രദേശം കേന്ദ്രീകരിച്ചാണ് പാറായി ബാബുവും ംഘവും പ്രവർത്തിച്ചിരുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തിന്റെ അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ നേരത്തെ നാട്ടുകാർ പരാതിപ്പെട്ടിരുന്നുവെങ്കിലും പൊലിസ് പോലും ഇയാളുടെ സങ്കേതത്തിൽ കയറാൻ മടിച്ചിരുന്നു.
പാറായി ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന കഞ്ചാവുവിൽപ്പനയെ ചോദ്യം ചെയ്തതിനാണ് കൊല്ലപ്പെട്ട സി.പി. എം പ്രവർത്തകൻ ഷമീറിന്റെ മകനെ ബുധനാഴ്ച ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്സൺ മർദ്ദിച്ചത്. മകനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് എത്തിയ ഷമീറിനെയും ഭാര്യാസഹോദരനും മത്സ്യത്തൊഴിലാളിയുമായ ഖാലിദിനേയും മറ്റും ഒത്തുതീർപ്പിന് എന്ന് പറഞ്ഞ് ജാക്‌സണും സംഘവും റോഡിലേക്ക് വിളിച്ചിറക്കുകയായിരുന്നു. പൊലിസ് കേസാവുമെന്ന് തോന്നിയതിനാൽ ഒത്തുതീർപ്പിനെത്തിയതായിരുന്നു ലഹരിമാഫിയ സംഘം.
തുടർന്നുണ്ടായ വാക്തർക്കത്തിനിടെ, പകോപിതനായി കൈയിൽ കരുതിയ കത്തിയെടുത്ത് ജാക്‌സൺ ഖാലിദിനെ കുത്തുകയായിരുന്നു. ഇതുതടയാൻ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേൽക്കുകയായിരുന്നു.ഖാലിദിനും ഷമീറിനും കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വച്ചാണ് മരിച്ചത്.ഷമീറിന്റെ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബിനും സംഘർഷത്തിനിടെ കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്‌സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീർ നൽകിയ മരണമൊഴി നൽകിയിരുന്നു.
കൊലക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും സിപിഎമ്മിലോ പോഷക സംഘടനകളിലോ അംഗമായാൽ എന്ത് നിയമവിരുദ്ധ പ്രവൃത്തികളിലും ഏർപ്പെടാമെന്നത് എൽ.ഡി.എഫിന്റെ ജീർണത വ്യക്തമാക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചത്. സിപിഎമ്മുകാരനെയും ക്രമിനലിനെയും തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് രണ്ടാം പിണറായി സർക്കാർ കേരളത്തെ എത്തിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎമ്മിന്റെ നേതാക്കളും ലഹരി ഗുണ്ടാ മാഫിയകൾക്ക് കൂട്ടുനിൽക്കുയാണ്. നിർഭയരായി ആർക്കും പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകനെന്ന പരിഗണനയിൽ കൊലക്കേസ് പ്രതിക്ക് സംരക്ഷണം ഒരുക്കാൻ സിപിഎം മുതിരരുത്. തലശേരി ഇരട്ട കൊലപാതകത്തെയും മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും ഒറ്റപ്പെട്ട സംഭവമായാണോ കാണുന്നതെന്ന് വ്യക്തമാക്കാനും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ലഹരിക്കടത്ത്, ഗുണ്ടാ മാഫിയകളുടെ സുരക്ഷിത കൊറിഡോറായി കേരളം മാറിയെന്നത് പ്രതിപക്ഷം നിയമസഭയിലും പുറത്തും ആവത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഇത്തരം മാഫിയകളെ അമർച്ച ചെയ്യാൻ കാര്യക്ഷമമായ യാതൊരു നടപടിയും ആഭ്യന്തരവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തുറന്നടിച്ചു. എസ്‌പിയുടെയും എസ്.എച്ച്.ഒയുടെയും പണി സിപിഎം ജില്ലാ, ഏരിയാ സെക്രട്ടറിമാർ ഏറ്റെടുത്തിരിക്കുകയാണ്. ക്രമസമാധാനം നടപ്പാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥർ എ.കെ.ജി സെന്ററിൽ അടിമപ്പണി ചെയ്യുകയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ