പത്തനംതിട്ട: അശ്രദ്ധമായി പിന്നോട്ട് എടുത്ത കാര്‍ ഇടിച്ച് വയോധികന് പരുക്കേറ്റ സംഭവത്തില്‍ കൊടുത്ത മൊഴി അട്ടിമറിച്ച് എഫ്ഐആര്‍ തയാറാക്കിയെന്ന് പോലീസുകാരനെതിരേ പരാതി. പത്തനംതിട്ട നന്നുവക്കാട് വൈക്കത്ത് വടക്കേതില്‍ വീട്ടില്‍ രാധാകൃഷ്ണനാണ് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരനെതിരേ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതി അന്വേഷിക്കാന്‍ എസ്.പി പത്തനംതിട്ട ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.

ജൂലൈ 25 ന് വൈകിട്ട് 5.45 ന് പത്തനംതിട്ട ശാന്തി ഹോട്ടലിന് മുന്നില്‍ വച്ചാണ് സംഭവം. സമീപമുള്ള ടോബീസ് ഹോട്ടലിലെ ജീവനക്കാരനാണ് രാധാകൃഷ്ണന്‍. ഫുട്പാത്തിലൂടെ നടന്നു പോകുമ്പോഴാണ് പിന്നോട്ടെടുത്ത വാഹനം ഇടിച്ച് രാധാകൃഷ്ണന്‍ നിലത്തു വീണത്. ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് പിന്നോട്ട് എടുത്ത വാഹനമാണ് ഇടിച്ചത്. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വാഹനം വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രാധാകൃഷ്ണന്‍ വീണു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തോളെല്ലിന് പൊട്ടലേറ്റതായി ഡോക്ടര്‍ പറഞ്ഞു.

27 ന് പത്തനംതിട്ട സ്റ്റേഷനില്‍ പോയി മൊഴി നല്‍കി. എന്നാല്‍, താന്‍ പറഞ്ഞ പ്രകാരമല്ല പോലീസുകാരന്‍ മൊഴി രേഖപ്പെടുത്തിയത് എന്നാണ് രാധാകൃഷ്ണന്റെ പരാതി. തന്നെയോ ഒപ്പം വന്ന മകനെയോ മൊഴി വായിച്ചു കേള്‍പ്പിക്കാതെ ഒപ്പിട്ടു വാങ്ങുകയായിരുന്നു. പ്രതിഭാഗവുമായി ചേര്‍ന്ന് ഉദ്യോഗസ്ഥന്‍ സ്വന്തം ഇഷ്ടപ്രകാരം മൊഴി എഴുതിയെന്ന് രാധാകൃഷ്ണന്‍ ആരോപിക്കുന്നു.അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം എഫ്ഐആറിന്റെ കോപ്പി വാങ്ങിയിരുന്നു. അത് കഴിഞ്ഞ് കുറച്ച് സമയത്തിന് ശേഷം ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കി എന്നാണ് രാധാകൃഷ്ണന്റെ പരാതി. പരാതി അന്വേഷിക്കാന്‍ എസ്പി, പത്തനംതിട്ട ഡിവൈ.എസ്.പിക്ക് നിര്‍ദേശം നല്‍കി.