ബംഗളൂരു: വളർത്തുനായയെ ലിഫ്റ്റിനുള്ളിൽ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ 29 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. എംബിഎ വിദ്യാർത്ഥിനിയായ കെ.ആർ. രസികയുടെ വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിനായി തമിഴ്നാട് സ്വദേശിനിയായ പുഷ്പലതയെ ഒരു മാസം മുൻപാണ് നിയോഗിച്ചത്. രസികയുടെ അപ്പാർട്ട്‌മെന്റിൽ താമസ സൗകര്യവും പ്രതിമാസം 23,000 രൂപ ശമ്പളവും പുഷ്പലതയ്ക്ക് നൽകിയിരുന്നു.

ശനിയാഴ്ച പുഷ്പലത രണ്ട് വളർത്തുമൃഗങ്ങളുമായി പുറത്തുപോയി തിരികെ വരുന്നതിനിടെ, ലിഫ്റ്റിൽ വെച്ച് കൂട്ടത്തിലുണ്ടായിരുന്ന 'ഗൂസി' എന്ന നായയെ ലിഫ്റ്റിന്റെ ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കരഞ്ഞുകൊണ്ട് യുവതി ഫ്‌ളാറ്റിലേക്ക് മടങ്ങി. നായയുടെ മരണത്തെക്കുറിച്ച് രസിക ചോദിച്ചപ്പോൾ പുഷ്പലത യാതൊന്നും അറിയാത്ത ഭാവം നടിച്ചു. എന്നാൽ, സംശയം തോന്നിയ രസിക അപ്പാർട്ട്‌മെന്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലിൽ, നായ നിർത്താതെ കുരച്ചതിലുള്ള ദേഷ്യം കാരണമാണ് കൊലപ്പെടുത്തിയതെന്ന് പുഷ്പലത മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, അടുത്തിടെ രസികയുടെ വീട്ടിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചതിന് പുഷ്പലതയ്ക്ക് താക്കീത് ലഭിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇതിലുള്ള പ്രതികാരമായാണ് നായയെ കൊന്നതെന്നും പോലീസ് സംശയിക്കുന്നു.