- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ റെയ്ഡുകളും അടച്ചുപൂട്ടലും തുടരുന്നു; മിന്നൽ ഹർത്താൽ നിയമവിരുദ്ധമായിട്ടും ഒന്നും ചെയ്തില്ലെന്ന ഹൈക്കോടതിയുടെ കുറ്റപ്പെടുത്തലിന് പിന്നാലെ അതിവേഗ നടപടികൾ; പിഎഫ്‌ഐ നിരോധനത്തിൽ ദുരൂഹത കണ്ട് മുസ്ലിംലീഗും; നിരോധിച്ചതു സംശയാസ്പദമെന്ന് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം
കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള നടപടികൾ തുടർന്ന് പൊലീസ്. സംസ്ഥാനത്ത് പലയിടത്തും റെയ്ഡുകൾ നടത്തുകയും ഓഫിസുകൾ സീൽ വയ്ക്കുകയും ചെയ്തു. മിന്നൽ ഹർത്താൽ നിയമ വിരുദ്ധമായിട്ടും അനുകൂലികളുടെ പ്രകടനങ്ങളും വഴിതടയലും തടയാൻ സംസ്ഥാന ഭരണകൂടം ഒന്നും ചെയ്തില്ലെന്നു ഹൈക്കോടതി കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് പൊലീസ് നടപടികൾ ഊർജിതമാക്കിയത്.
വടകര പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഓഫിസ് പ്രവർത്തിക്കുന്ന വടകര സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ ഓഫിസ് സീൽ വച്ചു. നാദാപുരത്ത് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന ഓഫിസും സീൽ ചെയ്തു. നാദാപുരം ഡിവൈഎസ്‌പി വി.വി.ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി. തണ്ണീർപന്തലിലെ കരുണ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസിൽ പൊലീസ് നോട്ടിസ് പതിച്ചു. മീഞ്ചന്തയിലെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസായ യൂണിറ്റി ഹൗസ് പൂട്ടി. ഇവിടെയുള്ള രേഖകൾ പരിശോധിച്ചുവരികയാണ്.
ആലപ്പുഴ, മണ്ണഞ്ചേരി, തിരുവനന്തപുരം, മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂർ, കണ്ണൂർ, തൊടുപുഴ, തൃശൂർ, കാസർകോട്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി ഓഫിസുകളിലും പരിശോധന നടക്കുന്നുണ്ട്. ഈ ഓഫിസുകളും ഇന്ന് പൂട്ടും. പിഎഫ്‌ഐ ഓഫിസുകൾ അടച്ചുപൂട്ടുന്നതും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾക്കുള്ള അധികാരം കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും സർക്കാർ നൽകിയിരിക്കുന്നു.
അതേസമയം പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതു സംശയാസ്പദമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. നിരോധനവുമായി ബന്ധപ്പെട്ടു ലീഗ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. നിരോധനം പുറത്തു വന്ന ഉടൻ ലീഗ് നേതാക്കൾ പലരും ആദ്യ പ്രതികരണം പറഞ്ഞിരുന്നു. എന്നാൽ കാര്യങ്ങളെ കൃത്യമായി വിലയിരുത്തിയ ശേഷം വളരെ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പി.എം.എ.സലാം പറഞ്ഞു.
കേന്ദ്ര നിയമം എന്ന നിലയിൽ നടപടിയെ അംഗീകരിക്കുന്നുണ്ട്. അതേസമയം നിരോധനത്തിൽ സംശയവുമുണ്ട്. പിഎഫ്‌ഐയുടേതിനു സമാനമായ വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന ആർഎസ്എസ് അടക്കമുള്ള സംഘടനകൾ രാജ്യത്ത് പ്രവർത്തിക്കുന്നു. ഇവരെയൊന്നും തൊടാതെ പിഎഫ്‌ഐയെ മാത്രം ഏകപക്ഷീയമായി നിരോധിച്ചതിൽ സംശയകരമായി പലതുമുണ്ട്. പോപ്പുലർ ഫ്രണ്ടിന്റെ ആശയങ്ങൾ ജനാധിപത്യ രാജ്യത്തിനു ചേർന്നതല്ലെന്ന് അതിന്റെ തുടക്കം മുതൽ എതിർത്തു കൊണ്ടിരുന്ന പാർട്ടി ലീഗ് ആണ്. ലീഗിനു തീവ്രത പോരെന്നായിരുന്നു പലരുടെയും വിമർശനം.
സമൂഹത്തിൽ പോപ്പുലർ ഫ്രണ്ടിനെ കുറിച്ചു മുന്നറിയിപ്പു നൽകാൻ ലീഗ് ശ്രമിച്ചു കൊണ്ടിരിക്കെ പുറകിലൂടെ അവരുമായി കൈകോർത്തതു മറ്റു ചിലരാണ്.ഇപ്പോഴും പലയിടത്തും ഒരുമിച്ചു ഭരിക്കുന്നു. എതിർപ്പുകൾക്ക് ജനാധിപത്യപരമായ മാർഗങ്ങൾ ഉണ്ട് എന്നു തന്നെയാണ് ലീഗ് എല്ലാകാലത്തും വിശ്വസിക്കുന്നതെന്നും പി.എം.എ.സലാം പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ