കഴക്കൂട്ടം: പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 20 വയസ്സുകാരൻ അറസ്റ്റിൽ. കഴക്കൂട്ടം മേനംകുളം മരിയൻ എൻജിനിയറിങ് കോളേജിന് സമീപം ആറ്റരികത്ത് വീട്ടിൽ രോഷിതാണ് (20) പോക്സോ നിയമപ്രകാരം കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ, മുൻപരിചയം മുതലെടുത്ത് മേനംകുളം ജങ്ഷനു സമീപം വെച്ച് സ്കൂളിൽ എത്തിക്കാമെന്ന് പറഞ്ഞ് രോഷിത് തന്റെ കാറിൽ കയറ്റുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

പീഡനത്തിനിരയായ പെൺകുട്ടി സ്കൂളിലെത്തിയ ശേഷം അധ്യാപകരോട് വിവരം പറയുകയും തുടർന്ന് അധ്യാപകർ കഴക്കൂട്ടം പോലീസിൽ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു. കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ രോഷിതിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.