ന്യൂഡല്‍ഹി: നിഹാല്‍ വിഹാറില്‍ 32കാരന്റെ കൊലപാതകം തെളിയിക്കാൻ പോലീസിന് നിർണായകമായത് ഭാര്യയുടെ ഗൂഗിൾ സെർച്ച് ഹിസ്റ്ററിയിലെ വിവരങ്ങൾ. ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. 32കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ച 29കാരി ഫര്‍സാന ഖാനെ പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ വലയിലാക്കി. യുവതിയുടെ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ഒരാളെ എങ്ങനെ കൊലപ്പെടുത്താമെന്ന് സെര്‍ച്ച് ചെയ്തത് പോലീസ് കണ്ടെത്തിയതോടെയാണ് കൊലപാതകം വിവരം പുറത്ത് വന്നത്.

ഞായറാഴ്ച വൈകുന്നേരമാണ് ഷാഹിദിനെ മരിച്ച നിലയില്‍ ഇയാളുടെ സഹോദരന്‍ ആശുപത്രിയില്‍ എത്തിച്ചത്. സാമ്പത്തിക പ്രതിസന്ധി ആത്മഹത്യ ചെയ്‌തെന്നായിരുന്നു ഫര്‍സാന പറഞ്ഞത്. എന്നാല്‍ ഷാഹിദിന്റെ ശരീരത്തിലെ കുത്തേറ്റ മൂന്ന് മുറിവുകള്‍ ഉണ്ടായിരുന്നു. ഇതിൽ പോലീസിന് സംശയം തോന്നി. ഷാഹിദ് സ്വയം കുത്തിമരിച്ചെന്ന് ഫര്‍സാന ആവര്‍ത്തിച്ച് പോലീസിനോട് പറഞ്ഞു. പക്ഷേ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കൂടി പുറത്ത് വന്നതോടെ യുവാവിന്റെ മരണം കൊലപാതമാണെന്ന് പോലീസിന് വ്യക്തമായി. കുത്തേറ്റ ഉണ്ടായ ഒരു മുറിവാണ് മരണകാരണമെന്നും ഇത് ഷാഹിദ് സ്വയം ഏല്‍പ്പിച്ചതല്ലെന്നുമായിരുന്നു ഡോക്ടര്‍മാര്‍ നൽകിയ വിവരം. തുടർന്നാണ് പോലീസ് ഫര്‍സാനയുടെ ഫോണ്‍ പരിശോധിക്കുന്നത്.

ഇതോടെ സെര്‍ച്ച് ഹിസ്റ്ററിയില്‍ ഒരാളെ കൊല്ലുന്നതിനെ കുറിച്ചും സെര്‍ച്ച് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യാമെന്നതടക്കം സെര്‍ച്ച് ചെയ്തിരിക്കുന്നത് പോലീസ് കണ്ടെത്തി. തെളിവുകൾ ലഭിച്ചതോടെ ഫർസാനയ്ക്കും പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് കാലമായി ഇരുവരുടെയും ബന്ധം വഷളായിരുന്നു. ഓണ്‍ലൈന്‍ ചൂതുകളിയിലൂടെ വലിയ ബാധ്യത ഇയാള്‍ വരുത്തിവച്ചിരുന്നുവെന്നും ലൈംഗികമായി തന്നെ തൃപ്തിപ്പെടുത്താന്‍ ഭര്‍ത്താവിന് കഴിഞ്ഞിരുന്നില്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. മാത്രമല്ല ഭര്‍ത്താവിന്റെ കസിനുമായി യുവതി പ്രണയത്തിലായിരുന്നു എന്നാണ് സൂചന. ഇതാണ് ഭര്‍ത്താവ് മുഹമ്മദ് ഷാഹിദിനെ കൊലപ്പെടുത്താൻ കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.