തിരുവനന്തപുരം: പോലീസ് ലാത്തി എറിഞ്ഞ് ബൈക്ക് യാത്രക്കാരെ വീഴ്ത്തി എന്ന പരാതി അടിസ്ഥാന രഹിതമെന്ന് അന്വേഷണ റിപ്പോർട്ട്. ഈഞ്ചക്കലിലാണ് സംഭവം നടന്നത് . പരാതി തെറ്റാണെന്നാണ് സിസിടിവിയും സാക്ഷിമൊഴികളും പരിശോധിച്ച് രഹഹ്യാന്വേഷണ വിഭാഗം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പക്ഷെ വാഹനപരിശോധനക്കിടെ നിർത്താതെ പോയപ്പോൾ ലാത്തിയെറിഞ്ഞ് വീഴ്ത്തിയെന്ന പരാതിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാക്കൾ ഉറച്ച് നിൽക്കുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാങ്ങോട് സ്വദേശികളായ വിശാഖ്, ദിവിൻ എന്നിവരാണ് ഫോർട്ട് പോലിസിനെതിരെ പരാതി ഉന്നയിച്ചത്. മദ്യപിച്ച് വാഹനമോടിച്ചപ്പോള്‍ പോലിസ് തടഞ്ഞെന്നും, നിർത്താതെ പോയപ്പോള്‍ പിന്തുടർന്ന് ലാത്തിയെറിഞ്ഞ് വീഴ്ത്തി മർദ്ദിച്ചെന്നുമായിരുന്നു പരാതി.

പരിക്കേറ്റ ശേഷം ആബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് വിട്ടെന്നും ഇവർ പറഞ്ഞിരുന്നു. ഇതേ കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമെന്ന് കണ്ടെത്തൽ. ഈ മാസം ആറിന് പുലർച്ചെ ഈഞ്ചക്കലിൽ നിർമ്മാണം നടക്കുന്ന റോഡിൻന്റെ ബാരിക്കേഡിൽ ഇടിച്ചാണ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റതെന്നാണ് അന്വേഷണ റിപ്പോർട്ട്.

സ്ഥലത്തെ സിസിടിവി പോലീസ് പരിശോധിച്ചു. ബൈക്ക് ഇടിച്ചുവീഴുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമല്ല. പക്ഷെ പാലത്തിനടുത്ത പുലര്‍ച്ചെ, 2.45ന് ബൈക്ക് ഇടിക്കുന്നത് കണ്ട് വഴിയാത്രക്കാര്‍ ഓടുന്നുണ്ട്. നാട്ടുകാര്‍ വിളിച്ചത് അനുസരിച്ച്, 2.53ന് പൊലീസ് വാഹനം എത്തുന്നു. 2.58നാണ് ആംബുലൻസ് എത്തുന്നതും രണ്ടുപേരെയും കൊണ്ടുപോകുന്നതും.

വാഹനാപകടമെന്നാണ് ആശുപത്രി രേഖയിലും ഉള്ളത്. ഈഞ്ചക്കലിലും പഴവങ്ങാടിയിലും ഉണ്ടായിരുന്ന രണ്ട് പട്രോളിങ് വാഹനങ്ങളും ആരുടെ പിന്നാലെയും പോയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാങ്ങോട് പഞ്ചായത്ത് അംഗത്തെ അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് പോലീസിനെ രക്ഷിക്കാനുള്ള തിരക്കഥയാണെന്നാണ് പരാതി നൽകിയ യുവാക്കളും ബന്ധുക്കളും പറയുന്നത്.