- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരിത്താസ് പരിസരത്തെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ജിബിന്‍; കടയില്‍ ഉണ്ടായിരുന്ന ശ്യാമിനെ ചൂണ്ടിക്കാട്ടി തട്ടുകട ഉടമ വിരട്ടാനായി പറഞ്ഞത് പോലീസ് എത്തിയെന്നും പ്രശ്‌നം ഉണ്ടാക്കിയാല്‍ അകത്ത് കിടക്കുമെന്നും; കേട്ടമാത്രയില്‍ പ്രകോപിതനായ ജിബിന്‍ ശ്യാമിനെ മര്‍ദ്ദിച്ചു വീഴ്ത്തി നെഞ്ചില്‍ ചവിട്ടി; പോലീസുകാരന്റെ ജീവനെടുത്ത ആ ക്രൂരമര്‍ദ്ദനം ഇങ്ങനെ
കാരിത്താസിലെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ജിബിന്‍ ജോര്‍ജ്ജ്
കോട്ടയം: കോട്ടയത്ത് തട്ടുകടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് പോലീസുകാര്‍. മദ്യപരുടെ അഴിഞ്ഞാട്ടം നടക്കുന്നത് പതിവായ കോട്ടയത്ത് ഉണ്ടായ മര്‍ദ്ദനവും മരണവും എല്ലാവരെയും ഞെട്ടിക്കുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിലാണ് പോലീസ് ഉദ്യോഗസ്ഥനായ മാഞ്ഞൂര്‍ ചിറയില്‍ വീട്ടില്‍ ശ്യാം പ്രസാദ് (44) മരിച്ചത്. തട്ടുകടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നിരന്തരം ക്രിമിനലായ ഒരാളാണ് ആക്രമണം നടത്തിയത്.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസറാണ് കൊല്ലപ്പെട്ട ശ്യാം. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജി(27) നെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാത്രി പെട്രോളിംഗ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കുമരകം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിബിന്‍ ജോര്‍ജ്ജ് എന്ന് വ്യ്ക്തമായിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ ഏറ്റുമാനൂര്‍ തെള്ളകം എക്‌സ്‌കാലിബര്‍ ബാറിന് സമീപമായിരുന്നു സംഭവം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിബിന്‍ കാരിത്താസിലെ തട്ടുകടയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്ത് ഭക്ഷണം കഴിക്കാന്‍ വന്ന ആളുകള്‍ അടക്കം സ്ഥലത്തുണ്ടായിരുന്നു. തെറിവിളികളുമായി ആക്രമണം തുടര്‍ന്ന സമയത്താണ് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയില്‍ എത്തിയത്.
ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനെ വരുതിയില്‍ നിര്‍ത്താനായി തട്ടുകടയുടെ ഉടമ പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം എത്തിയെന്നും , പ്രശ്‌നം ഉണ്ടാക്കിയാല്‍ പോലീസ് സ്‌റ്റേഷനില്‍ അകത്ത് കിടക്കേണ്ടി വരുമെന്നും പറഞ്ഞു. ഇതോടെ ക്ഷുഭിതനായ പ്രതി ശ്യാമിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി ആക്രമണമാണ് ജിബിന്റെ ഭാഗത്തു നിന്നും ഉണ്ടായത് അസഭ്യം വിളികളോടെ പാഞ്ഞടുത്ത ജിബിന്‍ ശ്യാമിനെ മര്‍ദ്ദിച്ചു. ശ്യം നിലത്ത് വീണതോടെ നെഞ്ചില്‍ ആഞ്ഞു ചവിട്ടുകയും ചെയ്തു. ഈ ചവിട്ടാണ് പോലീസുകാരന്റെ ജീവനെടുത്തത് എന്നാണ് സൂചന.
ഈ അക്രമ സംഭവങ്ങള്‍ കണ്ടാണ് രാത്രി പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുമരകം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് ഷിജി സ്ഥലത്ത് എത്തിയത്. പൊലീസ് വാഹനം കണ്ട ഉടന്‍ തന്നെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇതോടെ പിന്നാലെ ഓടിയ പോലീസ് സംഘം പ്രതിയെ പിടികൂടി. ഇതിന് ശേഷം പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോള്‍ ശ്യാം ജീപ്പിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി രണ്ട് മണിയോടെ ശ്യാമിന്റെ മരണം സംഭവിച്ചു.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്യാമപ്രസാദ്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് അടക്കം ഉള്ള ഉദ്യോഗസ്ഥര്‍ കാരിത്താസ് ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും എത്തി. പോലീസുകാരന്റെ മരണത്തിന്റെ നടുക്കത്തിലാണ കോട്ടയത്തെ പോലീസുകാര്‍.