- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭാര്യയെയും മക്കളെയും ചുട്ടെരിക്കാൻ അർദ്ധരാത്രിയിൽ വീടിന് തീയിട്ടു; ഓടിളക്കി മാറ്റി അനുജത്തിയെ പുറത്തെത്തിച്ച് 15-കാരൻ; വകയാറിനെ നടുക്കിയ രണ്ടാനച്ഛന്റെ ക്രൂരത; ഒളിവിൽ പോയ സിജുപ്രസാദിനെ പൊക്കി പോലീസ്

കോന്നി: പത്തനംതിട്ടയിൽ ഭാര്യയെയും മക്കളെയും വീടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. പത്തനംതിട്ട വകയാറിലെ വാടകവീട്ടിൽ വെള്ളിയാഴ്ച രാത്രി ഒരുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. തീ ആളിപ്പടരുന്നതിനിടെ 15 വയസ്സുകാരനായ മകൻ പ്രവീൺ, അനുജത്തിയെ വീടിന്റെ ഓട് പൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ രജനി (40) യും മകൻ പ്രവീണും (15) കോന്നി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
വടശ്ശേരിക്കര അരീക്കക്കാവ് തെങ്ങുംപള്ളിയിൽ ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനിയെയും മക്കളായ പ്രവീണിനെയും ഇളയ മകളെയും ആക്രമിച്ചത്. കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്ന സിജു, രാത്രിയിൽ പുറത്തിറങ്ങിയശേഷം മുറിയിലേക്ക് ടിന്നർ ഒഴിക്കുകയും കതകിന് മുകളിലുള്ള വെന്റിലേഷനിലൂടെ തീപ്പന്തം എറിയുകയുമായിരുന്നു. ടിന്നർ ദേഹത്ത് വീണതിനെത്തുടർന്ന് പ്രവീൺ ഉണർന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. നിമിഷങ്ങൾക്കകം തീ പടർന്നതോടെ, പ്രവീൺ വീടിന്റെ ഇരുമ്പ് കഴുക്കോലിൽ തൂങ്ങി മുകളിൽ കയറി ഓടിളക്കി മാറ്റി അനുജത്തിയെ പുറത്തിറക്കി.
എന്നാൽ, ഗുരുതരാവസ്ഥയിലായിരുന്ന അമ്മയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടിൽനിന്ന് കൂട്ടക്കരച്ചിൽ ഉയർന്നതോടെ അയൽവാസികൾ ഓടിക്കൂടുകയും കതക് പൊളിച്ച് രജനിയെ പുറത്തെത്തിക്കുകയുമായിരുന്നു. രജനിക്ക് കൈയ്ക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രവീണിനും പൊള്ളലേറ്റിട്ടുണ്ടെങ്കിലും ഇളയ മകൾക്ക് പരിക്കുകളില്ല. വാടകവീടിന്റെ ഒരു ഭാഗത്ത് പ്രവർത്തിച്ചിരുന്ന അങ്കണവാടിയിലെ കളിപ്പാട്ടങ്ങളും തീപിടിത്തത്തിൽ നശിച്ചു.
കുടുംബകലഹമാണ് ആക്രമണത്തിന് പിന്നിലെന്ന് കോന്നി പോലീസ് അറിയിച്ചു. പെയിന്റിങ് തൊഴിലാളിയാണ് പ്രതിയായ സിജുപ്രസാദ്. ലോട്ടറി വിൽപ്പനക്കാരിയായ രജനിയുടെ രണ്ടാം വിവാഹമാണിത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സിജുപ്രസാദിനെ കോന്നി പോലീസ് പൂങ്കാവിൽ നിന്ന് പിടികൂടി. ഇൻസ്‌പെക്ടർ ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. മുജീബ്‌റഹ്‌മാൻ, എസ്.സി.പി. ഒ.സുബിൻ, സി.പി.ഒമാരായ അഭിലാഷ്, രാഗേഷ്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു.


