കോഴിക്കോട്: പേരാമ്പ്ര ഡിഗ്നിറ്റി കോളേജിൽ സീനിയർ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പോലീസ്. രണ്ടാം വർഷ ബി.കോം ഫിനാൻസ് വിദ്യാർത്ഥി മുഹമ്മദ് ഷാക്കിറിനെയാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ മുഹമ്മദ് ഷാക്കിറിന്റെ വലത് കണ്ണിന് താഴെ എല്ലിന് ക്ഷതമേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കി. അവസാന വർഷ ബി.കോം വിദ്യാർത്ഥിയായ അബ്ദുൾ റഹ്മാനെതിരെയാണ് പേരാമ്പ്ര പോലീസ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഷാക്കിറിന് ഗുരുതര പരിക്കാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം കോളേജ് വിട്ട് സ്കൂട്ടർ പാർക്ക് ചെയ്ത സ്ഥലത്തെത്തിയ മുഹമ്മദ് ഷാക്കിറിനെ അബ്ദുൾ റഹ്മാൻ ചീത്തവിളിച്ചതിനെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ഇത് ചോദ്യം ചെയ്ത ഷാക്കിറിന്റെ മുഖത്ത് അബ്ദുൾ റഹ്മാൻ ഇടിക്കുകയായിരുന്നു. അബ്ദുൾ റഹ്മാനെതിരെ തടഞ്ഞുവെച്ച് മർദ്ദിച്ചതിനും എല്ലിന് ക്ഷതമേൽപ്പിച്ചതിനും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഭവത്തെ തുടർന്ന് അബ്ദുൾ റഹ്മാനെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, സംഭവത്തിന് റാഗിംഗ് സ്വഭാവമുണ്ടായിരുന്നിട്ടും അത് ആ രീതിയിൽ പോലീസിനെ അറിയിക്കുന്നതിൽ കോളേജിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മുഹമ്മദ് ഷാക്കിറിന്റെ കുടുംബം ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ നൽകാൻ കോളേജ് വിസമ്മതിക്കുകയാണെന്നും കുടുംബം പരാതിപ്പെട്ടു. അക്രമത്തിൽ ഉൾപ്പെട്ടവരെ കോളേജിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ടാം വർഷ വിദ്യാർത്ഥികൾ കോളേജിൽ പ്രതിഷേധവും സംഘടിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിച്ചുവരികയാണ്.