- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചെന്താമരയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന; പൊലീസ് വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടി എഡിജിപി മനോജ് എബ്രഹാം; പ്രതിക്കാതി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്; സുധാകരന്റെ ശരീരത്തില്‍ എട്ട് വെട്ടുകള്‍; വലത് കൈ അറ്റു; മാതാവ് ലക്ഷ്മിയെ 12 തവണ വെട്ടി; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും അരുകൊലയുടെ തീവ്രത വ്യക്തമാക്കുന്നത്
ചെന്താമരയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന
പാലക്കാട്: നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരയെ പിടികൂടാന്‍ കഴിയാതെ പോലീസ്. പ്രതി പാലക്കാട് നഗരത്തില്‍ ഉണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇതിന് പിന്നാലെ പൊലീസ് പാലക്കാട് നഗരത്തിലും തിരച്ചില്‍ നടത്തുന്നുണ്ട്. ചെന്താമര മലയില്‍ തന്നെയുണ്ടെന്ന് സംശയിക്കുന്നതായി നേരത്തെ പോലീസ് പറഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ പോയ സംഘം മടങ്ങിവരികയാണെന്നും തിരച്ചിലിന് കൂടുതല്‍ പേരെ നിയോഗിക്കുമെന്നും എസ്പി അറിയിച്ചു.
അതിനിടെ കൊലപാതകത്തിന് പിന്നിലെ പൊലീസ് വീഴ്ചയില്‍ എഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമാണ് പാലക്കാട് എസ്പിയോട് റിപ്പോര്‍ട്ട് ചോദിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതില്‍ നടപടി എടുക്കാത്തതിലാണ് അന്വേഷണം. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സുധാകരന്റെ വീട്ടിലെത്തിയ ചെന്താമര സുധാകരനേയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊന്നത്. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ലക്ഷ്മി മരിച്ചത്. വെട്ടിക്കൊന്ന ശേഷം ചെന്താമര നെല്ലിയാമ്പതി മേഖലയിലേക്ക് കടന്നുകളഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, ചെന്താമരയ്ക്ക് 'കൂടോത്ര'ത്തെ ഭയമായിരുന്നുവെന്ന തരത്തിലുള്ള മൊഴികളും പുറത്തുവന്നിട്ടുണ്ട്. ചെന്താമരയുടെ ഭാര്യ വേര്‍പിരിയാന്‍ കാരണം അയല്‍വാസികളുടെ കൂടോത്രമാണെന്നാണ് ഇയാള്‍ തെറ്റിദ്ധരിച്ചത്. ഇതിന് പിന്നാലെയാണ് ഈ പകയുടെ പുറത്ത് 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ പ്രതി വെട്ടിക്കൊന്നത്. അന്ന് പൊലീസില്‍ നല്‍കിയ മൊഴിയിലാണ് സജിതയുടെ കുടുംബം കൂടോത്രം ചെയ്തതായി സംശയമുണ്ടെന്ന് പ്രതി പറഞ്ഞത്.
അതേസമയം, നെന്മാറ ഇരട്ട കൊലപാതകത്തില്‍ സുധാകരനേയും വയോധികയായ അമ്മയേയും പ്രതി വെട്ടിക്കൊലപ്പെടുത്തിയത് അതിക്രൂരമായാണ്. ഇരട്ടക്കൊലപാതകത്തിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. സുധാകരന്റെ ശരീരത്തില്‍ എട്ട് വെട്ടുകളാണ് കണ്ടെത്തിയത്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റിരിക്കുകയാണ്. കഴുത്തിന്റെ പിറകിലെ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ മാതാവ് ലക്ഷ്മിയുടെ ശരീരത്തില്‍ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് ആഴത്തിലുള്ള മുറിവുകളാണ്. കണ്ണില്‍ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തില്‍. ഇതാണ് മരണത്തിന് കാരണമായതെന്നാണ് നിഗമനം.
കൊലപാതകം കഴിഞ്ഞ് ചെന്താമര വീടിനകത്ത് കയറി വെട്ടാനുപയോഗിച്ച വാള്‍ മുറിക്കകത്തുവെച്ച് മുന്‍വശത്തെ വാതിലടച്ചശേഷം പിന്നിലെ വാതിലിലൂടെ രക്ഷപ്പെട്ടിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച് സ്വന്തം വീട്ടിലെത്തിയ പ്രതി അയല്‍വാസികളെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് സുധാകരനും മകളും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാരോപിച്ച് നാട്ടുകാര്‍ പൊലീസിനെ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
പ്രതിയെ പിടികൂടാന്‍ നാലു സംഘങ്ങളായി പൊലീസിനെ നിയോഗിച്ചതായും ഉടന്‍ പിടികൂടുമെന്നും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ജില്ല പൊലീസ് സൂപ്രണ്ട് അജിത് കുമാര്‍ ഉറപ്പുനല്‍കിയതോടെയാണ് സംഘര്‍ഷം അയഞ്ഞത്. ഇതിനിടെ നാട്ടുകാരായ ചില സ്ത്രീകള്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് വീണ്ടും ബഹളംവെച്ചു. ബാബു എം.എല്‍.എ, ആലത്തൂര്‍ ഡിവൈ.എസ്.പി എന്‍. മുരളീധരന്‍, നെന്മാറ ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രസിംഹന്‍ എന്നിവര്‍ ഇവരെ അനുനയിപ്പിച്ചു. പിന്നീട് ഇന്‍ക്വസ്റ്റ് തയാറാക്കി വൈകീട്ട് നാലരയോടെ സുധാകരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പൊലീസ് നായ് 'ഡാര്‍ലി' ചെന്താമരയുടെ വീട്ടിലെത്തി കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിന്റെ മണംപിടിച്ച് പാടം കടന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള ചെന്താമരയുടെ തറവാട് വീട്ടിലെത്തി നിന്നു. പരിസരപ്രദേശങ്ങളും കുന്നിന്‍പ്രദേശങ്ങളും റബര്‍തോട്ടങ്ങളും ആയതിനാല്‍ ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി.




