കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്യും. കൂടുതല്‍ തെളിവു ശേഖരണത്തിന് ശേഷമാകും പോലീസ് ചോദ്യം ചെയ്യലിലേക്ക് കടക്കുക. പ്രയാഗയെയും ശ്രീനാഥിനെയും ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ലഹരി ഇടപാടുകളില്‍ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറയുന്നു. ലഹരി ഇടപാടിന്റെ ഭാഗമായാണോ താരങ്ങള്‍ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ, ലഹരിക്കേസില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്ന് ഓം പ്രകാശിന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍നിന്ന് മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പേരുള്ള എല്ലാവരെയും ചോദ്യംചെയ്യുമെന്ന് കൊച്ചി ഡി.സി.പി. കെ.എസ്.സുദര്‍ശന്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇതിനുശേഷമാകും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയെന്നും ഡി.സി.പി. കെ.എസ്.സുദര്‍ശന്‍ പറഞ്ഞു. ഹോട്ടലില്‍നിന്ന് എല്ലാത്തരത്തിലുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. അവിടെ വന്നത് ആരൊക്കെയെന്നും എന്തൊക്കെയാണ് നടന്നതെന്നും അറിയാം.

ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പ്രതികളുടെ രക്തസാമ്പിളും യൂറിനും ശേഖരിച്ചിട്ടുണ്ട്. പ്രതികളില്‍ നിന്ന് കണ്ടെടുത്ത ലഹരിവസ്തുക്കളും രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേസ് മുന്നോട്ടുകൊണ്ടുപോകാന്‍ ഇവയുടെ ഫലം വരേണ്ടതുണ്ടെന്നും ഡി.സി.പി. കൂട്ടിച്ചേര്‍ത്തു.

ഗുണ്ടാനേതാവായിരുന്ന ഓംപ്രകാശ് മയക്കുമരുന്ന് കടത്തിലേക്ക് കടന്നതായി പോലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇയാള്‍ ഏറെനാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഡിജെ പാര്‍ട്ടികള്‍ക്കായി വിദേശത്തുനിന്ന് ഓംപ്രകാശും സംഘവും കൊക്കെയ്ന്‍ എത്തിക്കുന്നതായാണ് പോലീസ് പറയുന്നത്. ഇവര്‍ പലതവണ കൊച്ചി നഗരത്തില്‍ എത്തിയെങ്കിലും പോലീസിന് കണ്ടെത്താനായിരുന്നില്ല.

ഞായറാഴ്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഓംപ്രകാശും കൊല്ലം സ്വദേശിയായ ഷിഹാസും പിടിയിലാവുകയായിരുന്നു. ഇവിടെയും ഓംപ്രകാശ് സ്വന്തം പേരിലായിരുന്നില്ല റൂമെടുത്തത്. ബോബി ചലപതി എന്നയാളാണ് റൂമുകള്‍ ബുക്ക് ചെയ്തിരുന്നത്. ഇയാള്‍ക്കായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, പ്രതികളില്‍നിന്ന് എട്ട് ലിറ്ററോളം മദ്യം പിടികൂടിയെങ്കിലും കുറഞ്ഞ അളവിലുള്ള ലഹരിമരുന്ന് മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. മരടിലെ നക്ഷത്രഹോട്ടലില്‍ മൂന്നു മുറികളാണ് ഓംപ്രകാശും ഷിഹാസും എടുത്തിരുന്നത്. ഇവിടെ ലഹരി പാര്‍ട്ടി നടന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇവരുടെ പക്കല്‍നിന്നും ലഭിച്ച മയക്കുമരുന്നിന്റെ അളവ് കുറയാന്‍ കാരണം ഇതാണെന്നാണ് പോലീസ് കരുതുന്നത്.