- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സമൂഹമാധ്യമങ്ങളില്‍ ജോലി തേടുന്നവരുടെ ബാങ്ക് അക്കൗണ്ട് ലക്ഷ്യം വെച്ച് സൈബര്‍ തട്ടിപ്പ് സംഘം; ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും നല്കിയാല് തട്ടിപ്പു സംഘത്തിലെ അംഗമായി മാറും: മുന്നറിയിപ്പുമായി പോലീസ്
സമൂഹമാധ്യമങ്ങളില്‍ ജോലി തേടുന്നവരുടെ ബാങ്ക് അക്കൗണ്ട് ലക്ഷ്യം വെച്ച് സൈബര്‍ തട്ടിപ്പ് സംഘം
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ ജോലി തിരയുന്ന യുവതി യുവാക്കളെ ലക്ഷ്യം വെച്ച് സൈബര്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നതായി കേരളാ പോലിസിന്റെ മുന്നറിയിപ്പ്. ജോലി അന്വേഷകരുടെ ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യം വച്ചാണ് തട്ടിപ്പ്. ബാങ്ക് അക്കൗണ്ട് കൈക്കലാക്കിയാല്‍ കള്ളപ്പണം ഇതിലേക്ക് മാറ്റുകയും പിന്നീട് പിന്‍വലിക്കുകയുമാണ് ഇവരുടെ രീതി. അക്കൗണ്ട് ഉടമകള്‍ക്ക് കമ്മീഷന്‍ കാശ് നല്‍കുകയും ചെയ്യും.
സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടും ഉള്ളവര്‍ക്ക് ജോലി നല്‍കുന്നതാണ് തട്ടിപ്പുസംഘത്തിന്റെ രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് എത്തുന്ന പണം ഒരു ലക്ഷം രൂപ കടക്കുമ്പോള്‍ കമ്മിഷന്‍ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്ന അക്കൗണ്ടില്‍ അയച്ചു നല്‍കുകയെന്നതാണ് ജോലി. ഉയര്‍ന്ന കമ്മിഷനാണ് തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകള്‍ വാടക അക്കൗണ്ട് ആയി ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.
സാമൂഹമാധ്യമങ്ങളില്‍ പാര്‍ട്ട് ടൈം/ ഓണ്‍ലൈന്‍ ജോലികള്‍ തിരയുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇത്തരത്തില്‍ സൈബര്‍ തട്ടിപ്പുസംഘങ്ങളുടെ വലയില്‍ അകപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവില്ലാത്ത യുവതീയുവാക്കള്‍ തങ്ങള്‍ അറിയാതെ തന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. നമ്മുടെ അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുതെന്നും ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ വിവരം 1930 ല്‍ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.