കണ്ണൂർ: കണ്ണൂരിലെ കുടുംബ കോടതികളുടെ പരിസരത്ത് വെച്ച് വിവാഹമോചന കേസുകളിലെ യുവതികളെ വലയിൽ വീഴ്‌ത്താൻ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലിസ് നിരീക്ഷണം ശക്തമാക്കി. വിവാഹമോചനകേസുകളിൽ കക്ഷികളാകുന്ന യുവതികൾക്ക് സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്താണ് ഇവരെ വലയിൽ വീഴ്‌ത്താൻ ശ്രമിക്കുന്നത്്. വിവാഹമോചനകേസുകളിൽ വാദികളാവുന്ന യുവതികളെ പലതവണ നിരീക്ഷിച്ചാണ് കോടതി പരിസരത്തുവെച്ച് ഇവരെ വലയിൽ വീഴ്‌ത്താൻ ശ്രമിക്കുന്നത്.

യുവതികളുടെ കൂടെ കുടുംബക്കാരോ മറ്റാരുമോയില്ലെങ്കിൽ ഇവർ സൗഹൃദം നടിച്ചു പരിചയപ്പെടുകയാണ് പതിവ്. സൗജന്യനിയമസഹായം നൽകാമെന്നു പറഞ്ഞാണ് സെക്സ് റാക്കറ്റ് സംഘം ഇവരെ സമീപിക്കുന്നത്. ഭർത്താവിന്റെ പക്കൽ നിന്നും കൂടുതൽ തുക നഷ്ടപരിഹാരമായി വാങ്ങിച്ചു തരാമെന്നും ഇതിനു പറ്റിയ അഭിഭാഷകർ തങ്ങളുടെ കൂടെയുണ്ടെന്നുമാണ് ഇവർ പറയുന്നത്. ഇങ്ങനെ വലയിൽ വീഴ്‌ത്തുന്ന യുവതികൾക്ക് താമസസൗകര്യമുൾപ്പെടെ ഇവർ ഏർപ്പാടാക്കും.

തങ്ങളുടെ കെണിയിൽ വീഴുന്നത യുവതികളെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു ഉപയോഗിക്കലാണ് അടുത്ത പടി. ഇതിന് ഏജന്റുമാരായി പ്രവർത്തിക്കുന്നത് കണ്ണൂർ നഗരത്തിൽ താമസിക്കുന്ന ഒരുസ്ത്രീയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇവരാണ് പ്രലോഭനങ്ങൾ നൽകി യുവതികളെ വലയിൽ വീഴ്‌ത്തി സെക്സ് റാക്കറ്റിന് കൈമാറുന്നത്.

കണ്ണൂർ നഗരത്തിലെ ചില ഉന്നതരുടെ പണം പലിശയ്ക്കു കൊടുക്കുന്നതും ഇവരുടെ ഇടനിലയിലാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ കോർപറേഷൻ പരിധിയിലെ ഒരു യുവതിക്ക് ഭർത്താവിന്റെ മർദ്ദനമേറ്റിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂർ നഗരത്തിൽ വിവാഹമോചിതരായ സ്ത്രീകളെ വലയിലാക്കി കൊണ്ടുള്ള സെക്സ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പൊലിസിന് ലഭിക്കുന്നത്. കണ്ണൂരിലെ ചില ഉന്നതർക്കായാണ് വലയിലാക്കുന്ന ഇരകളെ കാഴ്ചവയ്ക്കുന്നതെന്നാണ് വിവരം. കുടുംബകോടതികൾ കേന്ദ്രീകരിച്ചുള്ള സെക്സ് റാക്കറ്റിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയാണ് കണ്ണൂരിലെ പൊലിസ്. വ്യക്തമായ തെളിവുകളും പരാതികളുംലഭിച്ചാൽ ഇതിന്റെ കണ്ണികളെ അറസ്റ്റു ചെയ്യുമെന്നാണ് പൊലിസ് നൽകുന്ന വിവരം.