- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം; പോലിസ് ഇന്ന് സഹപാഠികളുടേയും അധ്യാപകരുടേയും മൊഴിയെടുക്കും; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികള്‍ അപായപ്പെടുത്തിയതാകാമെന്നും കുടുംബം: അമ്മുവിന്റെ മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ചു കയറിയതായും ആരോപണം
നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം; ഇന്ന് സഹപാഠികളുടേയും അധ്യാപകരുടേയും മൊഴിയെടുക്കും
പത്തനംതിട്ട: നഴ്‌സിങ് കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് വിദ്യാര്‍ഥിനി വീണുമരിച്ച സംഭവത്തില്‍ പത്തനംതിട്ട പോലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും. ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനിലെ നാലാംവര്‍ഷ വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപാറ രാമപുരത്ത്ചിറ ശിവപുരം വീട്ടില്‍ അമ്മു എ.സജീവ് (22) ആണ് വെള്ളിയാഴ്ച രാത്രി ഏഴോടെ താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്റ്റലിന്റെ മുകളില്‍നിന്ന് വീണ് മരിച്ചത്.
അതേസമയം അമ്മുവിന്റെ മരണത്തിന് പിന്നാലെ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് എത്തി. സഹപാഠികളില്‍ ചിലര്‍ അമ്മുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് കുടുംബം ആരോപിക്കുന്നത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികള്‍ അപായപ്പെടുത്തിയതാവാമെന്നുമാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥികളും തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ.എന്‍.അബ്ദുല്‍ സലാം കര്‍ശനനിര്‍ദേശം നല്‍കി. പോലിസ് ഇന്ന് സഹപാഠികളേയും അധ്യാപകരേയും ചോദ്യം ചെയ്യും.
അമ്മു സഹപാഠികളില്‍നിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് അമ്മുവിന്റെ മരണത്തിന് മുമ്പ് തന്നെ അമ്മുവിന്റെ അച്ഛന്‍ സജീവ് കോളേജ് പ്രിന്‍സിപ്പലിന് ഇ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് മൂന്നു സഹപാഠികള്‍ക്ക് മെമ്മോ നല്‍കി അവരില്‍നിന്ന് വിശദീകരണം തേടി. അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു. പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജില്‍ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരന്‍ അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇതിനിടയിലാണ് അമ്മുവിന്റെ മരണം സംഭവിച്ചത്.
അമ്മു ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്നാണ് കുടുംബത്തിന് വിവരം ലഭിച്ചത്. അമ്മു ഒരിക്കലും ആത്മഹത്യചെയ്യില്ലായെന്നും സഹപാഠികള്‍ അപായപ്പെടുത്തിയതാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ആരോടും വഴക്കിനുപോകാത്ത പ്രകൃതമാണ് അമ്മുവിന്റേത്. സഹപാഠികളായ ചില പെണ്‍കുട്ടികള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. കോളേജില്‍നിന്ന് ടൂര്‍ പോകുന്നതിനെച്ചൊല്ലിയും മറ്റുമായി ബന്ധപ്പെട്ടായിരുന്നു പീഡനങ്ങള്‍. അമ്മു താമസിച്ചിരുന്ന മുറിയില്‍ സഹപാഠികള്‍ അതിക്രമിച്ചുകയറിയതായും കുടുംബം പറയുന്നു. ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണശേഷം അധികൃതര്‍ പത്തനംതിട്ടയില്‍ അമ്മുവിന് മികച്ച ചികിത്സ നല്‍കിയില്ലെന്നും ആരോപണമുണ്ട്.
ക്ലാസില്‍നിന്ന് ടൂര്‍ പോകുന്നതിനായി അമ്മുവിനെ ടൂര്‍ കോഡിനേറ്ററായി ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ക്ലാസിലെ ഏതാനും വിദ്യാര്‍ഥികള്‍ ഇത് എതിര്‍ത്തു. സഹപാഠികള്‍ക്കിടയില്‍ നിലനിന്നിരുന്ന ചില തര്‍ക്കങ്ങളെ തുടര്‍ന്നാണ് എതിര്‍പ്പുണ്ടായതെന്നാണ് വിവരം. ഈ വിവരങ്ങള്‍ അമ്മു വീട്ടില്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അച്ഛന്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. അമ്മുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താനായി കോളേജില്‍ തിങ്കളാഴ്ച യോഗം ചേരും.
ഞായറാഴ്ച രാവിലെ അമ്മുവിന്റെ വീട്ടിലെത്തിയ സ്ഥലം എം.എല്‍.എ.കൂടിയായ മന്ത്രി ജി.ആര്‍.അനിലിനോട് മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയില്‍പ്പെടുത്താമെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി. അമ്മുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു. റിട്ട. നഴ്സിങ് സൂപ്രണ്ട് രാധാമണിയുടെയും ബിസിനസുകാരനായ സജീവന്റെയും മകളാണ് അമ്മു. സഹോദരന്‍ അഖില്‍ ചെന്നൈയില്‍ ജോലിചെയ്യുന്നു.