മുംബൈ: മുംബൈയെ ഞെട്ടിച്ച് 'ടോറസ്' ജ്വല്ലറി കുംഭകോണ കേസ് ഇപ്പോൾ പുതിയ ട്വിസ്റ്റുകളിലൂടെയാണ് കടന്നുപോകുന്നത്. ഓരോ ദിവസം കഴിയുതോറും കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളാണ് കേസിൽ ഉണ്ടാകുന്നത്. 1000 കോടി രൂപയുടെ ടോറസ് കുംഭകോണ കേസിൽ പുതിയ വെളിപ്പെടുത്തലിൽ, ടോറസ് വ്യാജ മോയ്‌സാനൈറ്റ് വജ്രങ്ങളിൽ നിന്ന് വരുമാനം വാഗ്ദാനം ചെയ്യുക മാത്രമല്ല, ലാഭകരമായ സ്വർണ്ണ നിക്ഷേപ പദ്ധതികളുടെ മറവിൽ വ്യാജ സ്വർണം വിൽക്കുന്ന ഒരു സമാന്തര പദ്ധതിയും നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ഇപ്പോഴിതാ, കേസിൽ മറ്റൊരു വെളിപ്പെടുത്തൽ കൂടി ഉണ്ടായിരിക്കുകയാണ്. ടോറസ് ജ്വല്ലറി കുംഭകോണവുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൻ്റെ സൂത്രധാരൻമാർ വിദേശികളെന്ന് മുംബൈ പോലിസ്.

പോൻസി സ്കീം തട്ടിപ്പ് വഴി (Ponzi scheme) നൂറു കണക്കിന് ആളുകളിൽ നിന്നും കോടികൾ തട്ടിയെടുത്തത് യുക്രെയ്ൻ സ്വദേശിനിയായ യുവതിയും സുഹൃത്തുമാണെന്നാണ് കണ്ടെത്തൽ. ഒലീന സ്റ്റോയിൻ, ആർടെം എന്നീ വ്യക്തികളാണ് തട്ടിപ്പിന് പിന്നിൽ. പോലീസിൽ ഇതുവരെ രേഖാമൂലം പരാതി നൽകിയിരിക്കുന്നത് എഴുപേരാണ്. 13 കോടിയോളം രൂപയാണ് ഇവർക്ക് നഷ്ടമായത്.

രത്നക്കല്ലുകൾ, സ്വർണം, വെള്ളി എന്നിവയിലെ നിക്ഷേപത്തിൽ നിന്ന് വൻ വരുമാനം തിരികെ വാഗ്ദാനം നൽകിയാണ് ഇവർ ആളുകളെ ആകർഷിച്ചത്. വലിയ വരുമാനം വാഗ്ദാനം ചെയ്ത പദ്ധതിയുടെ പേരിൽ കോടികളുടെ നിക്ഷേപമാണ് മുംബൈ കേന്ദ്രമായിട്ടുള്ള ടോറസ് ജ്വല്ലറി ശൃംഖല സ്വീകരിച്ചത്. കഴിഞ്ഞ ആഴ്ച ഇവരുടെ ആറ് സ്റ്റോറുകൾ മുന്നറിയിപ്പൊന്നുമില്ലാതെ പൂട്ടിയപ്പോഴാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്.

നിക്ഷേപകർ നൽകിയ പരാതിയെ തുടർന്ന് ടോറസ് ജ്വലറി ശൃഖലക്ക് കീഴിലുള്ള സ്ഥാപനമായ പ്ലാറ്റിനം ഹെർൺ പ്രൈവറ്റ് ലിമിറ്റഡ്, അതിൻ്റെ രണ്ട് ഡയറക്ടർമാർ, സിഇഒ, ജനറൽ മാനേജർ, ഒരു സ്റ്റോർ ഇൻചാർജ് എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മുംബൈയിൽ തട്ടിപ്പുകാർ ജ്വല്ലറി ഷോറൂമുകൾ ആരംഭിച്ചത്. നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ആറ് സ്ഥാപനങ്ങളാണ് ആരംഭിച്ചത്. രത്നക്കല്ലുകൾ വാങ്ങുന്നവർക്ക് ഒരു ബോണസ് സ്കീം പ്രഖ്യാപിച്ചായിരുന്നു തട്ടിപ്പ്. ഈ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്ന ഉപഭോക്താവിന് 10,000 രൂപ വിലയുള്ള രത്നാഭരണങ്ങൾ നൽകും. ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപത്തിന് 6 ശതമാനം പലിശ 52 ആഴ്ചയ്ക്കുള്ളിൽ നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു.

ജനുവരി അഞ്ചിന് മുമ്പ് നിക്ഷേപം നടത്തുന്നവർക്ക് പതിനൊന്നു ശതമാനം വരെ പലിശ നൽകുമെന്നായിരുന്നു മറ്റൊരു അവകാശവാദം. ഇതിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് പണം നൽകി ആഭരണം വാങ്ങിയത്. എന്നാൽ ജനുവരി ആറു മുതൽ മുന്നറിയിപ്പില്ലാതെ ഷോറൂമുകൾ എല്ലാം പൂട്ടുകയായിരുന്നു. നിക്ഷേപകർക്ക് നൽകിയ രത്നക്കല്ലുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഇപ്പോൾ സമഗ്ര അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.