തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് കൊലക്കേസിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്. പോസ്റ്റുമോര്‍ട്ടും റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിലെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. മരിച്ച വയോധിക ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണം. വയോധികയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിയായ തൗഫീക്കിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ പോക്‌സോ കേസിലടക്കം പ്രതിയാണ്. ഇയാളെ സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളെ കുറിച്ച് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൗഫീക്കിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തില്‍ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ സഹോദരിയാണ് വയോധികയെ ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ പൂ പറിക്കാന്‍ വേണ്ടി തങ്കമണി പോയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കള്‍ കിടക്കുന്നുണ്ട്. വയോധികയുടെ കാതിലുണ്ടായിരുന്ന കമ്മല്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊലപാതകമെന്ന സംശയം ബലപ്പെടുത്തി. കൊലപാതക സാധ്യത മുന്‍നിര്‍ത്തിയാണ് മംഗലപുരം പൊലീസ് അന്വേഷണം നടത്തുന്നത്.