കോട്ടയം: തീവണ്ടിയില്‍ പണം കടത്തുന്നതിനിടെ റെയില്‍വേ പോലീസ് പിടിച്ച മഹാരാഷ്ട്ര സ്വദേശി പ്രശാന്ത് ശിവജി(30)യെ ആദായനികുതി വകുപ്പിന് കൈമാറിയതോടെ അന്വേഷണം പുതിയ തലത്തിലേക്ക്. ഇയാളില്‍നിന്ന് പിടിച്ചെടുത്ത 32 ലക്ഷം രൂപ കോടതിയില്‍ ഹാജരാക്കിയശേഷം ട്രഷറിയിലടച്ചു. ട്രെയിനിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി റെയില്‍വേ പൊലീസും, എക്സൈസും, ആര്‍.പി.എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച്ച ഇയാള്‍ പിടിയിലായത്. സംഭവത്തില്‍ കേന്ദ്ര ഏജന്‍സി വിശദ അന്വേഷണം നടത്തും. കള്ളപ്പണത്തിന്റെ വേരുകള്‍ കണ്ടെത്താനും ശ്രമിക്കും.

പണം എസ്.ബി.ഐ.യില്‍ പരിശോധിച്ചശേഷം റിപ്പോര്‍ട്ട് സഹിതം കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയെ ആദായനികുതി വകുപ്പിന് കൈമാറിയത്. കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ സീറ്റിനടിയില്‍ പണമടങ്ങിയ ബാഗ് ഒളിപ്പിച്ചുകടത്തുന്നിതിനിടെയാണ് ബുധനാഴ്ച രാത്രി പണം പോലീസ് പിടിച്ചെടുത്തത്. മഹാരാഷ്ട്രയിയില്‍നിന്ന് പണം അനധികൃതമായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരികയായിരുന്നുവെന്ന് സംശയിക്കുന്നതായി റെയില്‍വേ എസ്.ഐ. റെജി പി.ജോസഫ് പറഞ്ഞു. കോട്ടയം റെയില്‍വേ പോലീസാണ് കേസെടുത്തത്.

മഹാരാഷ്ട്രയില്‍ നിന്നും കൊച്ചുവേളിയ്ക്കുള്ള ട്രെയിന്‍ ചെങ്ങന്നൂരില്‍ എത്തിയപ്പോള്‍ എസ് 7 കോച്ചില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രശാന്തിനെ കാണുകയായിരുന്നു. ഇയാളുടെ ബാഗിനുള്ളില്‍ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് 500 രൂപയുടെ കെട്ടുകള്‍ കണ്ടെത്തിയത്. ഓച്ചിറയിലെ സ്വകാര്യ സ്ഥപാനത്തിലേക്കു കൊണ്ടു പോകുകയാണ് പണം എന്നാണ് മൊഴി നല്‍കിയത്. തുടര്‍ന്ന് റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വരുമാന നികുതി വിഭാഗത്തിനും പണം എസ്.ബി.ഐ അധികൃതര്‍ക്കും കൈമാറുകയായിരുന്നു. പിടിച്ചെടുത്ത നോട്ട് കള്ളനോട്ടാണോയെന്ന് പരിശോധിച്ച് ബാങ്ക് അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും.

ട്രെയിനിന്റെ എസ് 7 ബോഗിയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ടത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് ട്രെയിന്‍ എത്തിയപ്പോഴാണ് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ ബാഗിനുള്ളില്‍ പത്രക്കടലാസ് കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക് കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്തു എന്താണ് എന്ന് ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ഇത് തുറന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഓച്ചറിയിലെ സ്ഥാപനത്തിന്റെ പേര് പുറത്തു വിട്ടിട്ടില്ല. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കുന്നുണ്ടെന്ന സംശയം റെയില്‍വേ പോലീസിന് വന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സിയായ ആദായ നികുതി വകുപ്പിന് പ്രതിയെ കൈമാറിയത്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും അന്വേണഷം തുടങ്ങിയിട്ടുണ്ട്.

റെയില്‍വേ പൊലീസ് എസ് ഐ റോബി ചെറിയാന്‍, എക്‌സൈസ് സി ഐ കെ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതിനിടെ തമിഴ്‌നാട്ടില്‍ നിന്നും രേഖകളില്ലാതെ കൊണ്ടു വന്ന മുപ്പത്തി നാലര ലക്ഷം രൂപ ഇടുക്കിയിലെ കുമളി ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പിടികൂടി. തമിഴ് നാട് സ്വദേശി മുത്തു ബാലാജിയാണ് പണവുമായി എത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊണ്ടു വന്നതാണെന്നാണ് ഇയാള്‍ പറഞ്ഞത്. രേഖകള്‍ ഇല്ലാത്തതിനാല്‍ പണം പൊലീസിന് കൈമാറി. കേസെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കുന്ന പണം മതിയായ രേഖകള്‍ ഹാജരാക്കിയാലേ വിട്ടുനല്‍കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. കേരളത്തിലേക്ക് കള്ളപ്പണ ഒഴുക്ക് സജീവമാകുന്നതിന്റെ സൂചനകളാണ് ഇതും.