കണ്ണൂര്‍: കണ്ണൂരിനെ ഞെട്ടിച്ച പട്ടാപ്പകല്‍ നടന്ന അരുംകൊലയില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ കയറി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരു വളത്ത് പറമ്പ് പട്ടേരി ഹൗസില്‍ ജിജേഷ് (35) കുറ്റിയാട്ടൂരിലെ ഉരുവച്ചാലില്‍ വാടകയ്ക്കു താമസിക്കുന്ന അജീഷിന്റെ ഭാര്യ പ്രവീണയുമായി (39) നേരത്തെ പരിചയവും സൗഹൃദവുമുണ്ടെന്നാണ് പൊലിസ് പറയുന്നത്. ഒരേ കാലയളവില്‍ സ്‌കൂളില്‍ പഠിച്ച പെരുവളത്ത് പറമ്പ് സ്വദേശികളാണിവര്‍.

സോഷ്യല്‍ മീഡിയയിലൂടെയാണ് വീണ്ടും പരിചയം പുതുക്കുന്നത്. ഏറെക്കാലമായി ഗള്‍ഫില്‍ ജോലി ചെയ്തു വരികയാണ് പ്രവീണയുടെ ഭര്‍ത്താവ് അജീഷ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പ്രവീണയുമായി 'ഈകാര്യങ്ങളില്‍ ജിജീഷും സഹകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തമ്മില്‍ അടുത്ത പരിചയം പുലര്‍ത്തിയിരുന്നുവെന്നാണ് കേസ് അന്വേഷണം നടത്തുന്ന പൊലിസ് പറയുന്നത്.

ഇരുവരുടെയും ഫോണുകള്‍ പരിശോധിക്കുമെന്ന് പൊലിസ് പറഞ്ഞു. ഇരിക്കൂര്‍ മേഖലയിലെ ഒരു ക്ഷേത്രത്തിലെ ജീവനക്കാരനാണ് ജിജീഷ്. താനുമായുള്ള സൗഹൃദത്തില്‍ നിന്നും പ്രവീണ ഒഴിഞ്ഞു മാറിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഫോണ്‍ വിളിച്ചിട്ടു എടുക്കാത്തതും നമ്പര്‍ ബ്‌ളോക്ക് ചെയ്തതും വൈരാഗ്യത്തിനിടയാക്കി. പ്രവീണയെ അപായപ്പെടുത്താന്‍ ഇരിക്കൂറിലെ പെട്രോള്‍ പമ്പില്‍ നിന്നും കുപ്പിയില്‍ പെട്രോളുമായാണ് ഇയാള്‍ പ്രവീണയും ഭര്‍തൃ കുടുംബവും താമസിക്കുന്ന വീട്ടില്‍ കൊലപാതകം നടത്താനെത്തിയത്. ആസൂത്രിതമായി പ്രവീണയെ കൊന്ന് സ്വയം മരിക്കുകയായിരുന്നു ലക്ഷ്യം.

അന്‍പതു ശതമാനം പൊള്ളലേറ്റ ഇയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രവീണയുടെ മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി വിട്ടുകൊടുക്കും. ജിജി ഷിനെതിരെ കൊല കുറ്റത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പെട്രോള്‍ കുപ്പിയുമായി വീട്ടിലേക്ക് കയറി വന്ന ജിജീഷ് വെള്ളം കുടിക്കാന്‍ ആവശ്യപ്പെടുകയും ഈ സമയം അടുക്കളയില്‍ പോയ പ്രവീണയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു.

പ്രവീണയുടെ നിലവിളി കേട്ടാണ് ആ സമയം വീട്ടിലുണ്ടായിരുന്ന ഭര്‍തൃ പിതാവും സഹോദരിയുടെ മകളും ഓടിയെത്തുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പൊലി സെത്തിയാണ് അടുക്കളയില്‍ നിന്നും പുറത്തേക്ക് ഓടികമിഴ്ന്നു കിടക്കുകയായിരുന്ന ജി ജീഷിനെയും ഇരിക്കുകയായിരുന്ന പ്രവീണയെയും പരിയാരത്തെകണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് പ്രവീണ ചികിത്സയിലിരിക്കെ മരണമടയുന്നത്. കൊലപാതകമറിഞ്ഞ് നൂറ് കണക്കിനാളുകളാണ് പ്രവീണയും ഭര്‍തൃ കുടുംബവും താമസിച്ച വാടക വീട്ടിലെത്തിയത്. കനത്ത പൊലിസ് സുരക്ഷ ഇവിടെ ഒരുക്കിയിട്ടുണ്ട്.