- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലഹരിക്കേസില്‍ പ്രയാഗക്കും ശ്രീനാഥ് ഭാസിക്കും പങ്കില്ല; സിനിമാ താരങ്ങളുടെ മൊഴികള്‍ വിശ്വസനീയമെന്ന് പോലീസ് കമ്മീഷണര്‍; കൂടുതല്‍ പേരെ ചോദ്യം ചെയ്യും; കൊച്ചിയില്‍ ഓംപ്രകാശും ഷിഹാസും പതിവായി തങ്ങുന്ന സ്ഥലങ്ങളിലേക്ക് അന്വേഷണം
ലഹരിക്കേസില്‍ പ്രയാഗക്കും ശ്രീനാഥ് ഭാസിക്കും പങ്കില്ല
തിരുവനന്തപുരം: ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പ്പെട്ട ലഹരിക്കേസില്‍ സിനിമാ താരങ്ങളുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണത്തിന് അറുതിയാകുന്നു. താരങ്ങള്‍ക്ക് ലഹരിക്കേസുമായി ബന്ധമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായ കാര്യം. സിനിമാ താരങ്ങള്‍ക്ക് കേസില്‍ പങ്കില്ലെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. കേസില്‍, ഇരുവരെയും ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും മൊഴിയെടുക്കാന്‍ വിളിപ്പിക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയില്‍ മറ്റു സിനിമാ താരങ്ങള്‍ ആരും വന്നതായി കണ്ടെത്തിയിട്ടില്ല. ടെലിവിഷന്‍ താരമായരാള്‍ ഹോട്ടലില്‍ എത്തിയിരുന്നു. എന്നാല്‍ ലഹരി പാര്‍ട്ടിക്ക് വന്നതായി ഇത് വരെ സൂചനയില്ല. വിദഗ്ധ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാര്‍ട്ടിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
കുണ്ടന്നൂരിലെ ഹോട്ടലില്‍ ലഹരിപ്പാര്‍ട്ടി നടത്തിയതിന് കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശും കൂട്ടാളി ഷിഹാസും അറസ്റ്റിലായിരുന്നു. ഈ ഹോട്ടലില്‍ ഇവരെ സന്ദര്‍ശിച്ചെന്ന പേരിലാണ് നടന്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ പൊലീസ് സംഘം ചോദ്യം ചെയ്തത്. ഓംപ്രകാശിനെക്കുറിച്ചും ലഹരി പാര്‍ട്ടിയെക്കുറിച്ചും അറിയാതെയാണു ഹോട്ടലില്‍ എത്തിയതെന്നാണു പ്രയാഗയുടെ മൊഴി. പ്രയാഗ അടക്കം പൊലീസ് ചോദ്യം ചെയ്ത പലരും പ്രതികളെ സംരക്ഷിക്കുന്ന മൊഴികളല്ല പൊലീസിനു നല്‍കിയത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രീനാഥ് ഭാസിയും പ്രയാഗയും രക്ത പരിശോധനയ്ക്കു തയാറായിരുന്നെങ്കിലും പൊലീസ് ഒഴിവാക്കി.
കൊച്ചിയില്‍ ഓംപ്രകാശും ഷിഹാസും പതിവായി തങ്ങുന്ന സ്ഥലങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു. വന്‍കിട ലഹരിക്കച്ചവടങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും വേണ്ടി മാത്രമാണ് ഓംപ്രകാശും ഷിഹാസും നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ മുറിയെടുക്കാറുള്ളത്. ഇവര്‍ക്കു സ്വാധീനമുള്ള ആഡംബര ഫ്‌ലാറ്റുകളിലാണ് സാധാരണ ദിവസങ്ങളില്‍ ലഹരിപാര്‍ട്ടി സംഘടിപ്പിക്കുന്നത്.
ലഹരിപാര്‍ട്ടികളില്‍ നിന്നു ലഭിക്കുന്ന തുകയുടെ 10 മുതല്‍ 20 ശതമാനം വരെ പാര്‍പ്പിട സമുച്ചയ അസോസിയേഷന്‍ ഭാരവാഹികള്‍ക്കു 'കപ്പം' നല്‍കിയാണ് ഇവര്‍ നിശാപാര്‍ട്ടികള്‍ക്കു വേദി ഒരുക്കുന്നത്. ഇതില്‍ രണ്ടിടങ്ങളില്‍ ഓംപ്രകാശിനും ഷിഹാസിനും സ്വന്തമായും വാടകയ്ക്കും ഫ്‌ലാറ്റുകളുണ്ടെന്നും പൊലീസ് കണ്ടെത്തി.
നേരത്തെ ശ്രീനാഥ് ഭാസിയും മയക്കുമരുന്ന് എത്തിച്ചെന്ന് പൊലീസ് സംശയിക്കുന്ന എളമക്കര സ്വദേശി ബിനു ജോസഫും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സമഗ്രമായി അന്വേഷിക്കമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശ്രീനാഥ് ഭാസിക്ക് മയക്കുമരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായ ബിനുവുമായി സാമ്പത്തിക ഇടപാടും മറ്റും നടത്തേണ്ട സാഹചര്യം എന്തെന്നാണ് അന്വേഷിക്കുന്നത്. ലഹരിയിടപാട് ഉണ്ടായിരുന്നോയെന്നതാണ് പ്രധാന സംശയം. ബിനുവാണ് ശ്രീനാഥ് ഭാസിയെയും മറ്റും ആഡംബരഹോട്ടലില്‍ എത്തിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
അതേസമയം ലഹരി ഉപയോഗിക്കാറില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നുമാണ് ശ്രീനാഥിന്റെ മൊഴി. ഇത് അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാല്‍, ഒപ്പം ഹോട്ടലില്‍ എത്തിയ പ്രയാഗ മാര്‍ട്ടിന്റെ മൊഴി തൃപ്തികരമെന്ന വിലയിരുത്തലാണ് അന്വേഷണസംഘത്തിന്. ഓംപ്രകാശിനെ മുന്‍പരിചയമില്ലെന്നാണ് പ്രയാഗ മൊഴിനല്‍കിയത്. നക്ഷത്രഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണെന്നും അവിടെ ലഹരിപ്പാര്‍ട്ടി നടന്നത് അറിഞ്ഞില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. ഇതുവരെ ആറുപേരുടെ മൊഴികളെടുത്തു. ഇവ പരിശോധിച്ചുവരികയാണ്. 15പേരുടെ മൊഴികള്‍ രേഖപ്പെടുത്താനുണ്ട്. തുടര്‍ന്നായിരിക്കും ഓരോരുത്തരുടെയും പങ്ക് സംബന്ധിച്ച അന്തിമ നിഗമനത്തിലേക്ക് പൊലീസെത്തുക.