കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശിനെ അറിയില്ലെന്ന് നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്‍ട്ടിനും പറയുമ്പോള്‍ വിശദ അന്വേഷണത്തിന് പോലീസ്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയിട്ടുണ്ട്. ഹോട്ടലില്‍ ലഹരി പാര്‍ട്ടി നടന്നതായി അറിയില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഹോട്ടലില്‍ എത്തിയത് ബിനു ജോസഫിന് ഒപ്പമെന്നുമായിരുന്നു ശ്രീനാഥ് ഭാസിയുടെ മൊഴി. ഓംപ്രകാശുമായി ബന്ധമില്ലെന്ന് പ്രയാഗ മാര്‍ട്ടിനും അന്വേഷണ സംഘത്തോട് പറഞ്ഞു. ചോദ്യം ചെയ്യലിനോട് രണ്ടു പേരും പൂര്‍ണ്ണമായും സഹകരിച്ചു. നിലവിലെ സാഹചര്യത്തില്‍ ശ്രീനാഥ് ഭാസിയ്ക്കും പ്രയാഗാ മാര്‍ട്ടിനും പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയേക്കും.

ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും കഴിഞ്ഞ ദിവസം ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഇവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേ പൊലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. ഇതോടെയാണ് വിവാദത്തിന് പുതിയ തലം വന്നത്. ഓംപ്രകാശിന് ജാമ്യം കിട്ടുകയും ചെയ്തു. ഇതിനിടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഒരു ചിത്രം പങ്കുവെച്ചു പ്രയാഗ. 'ഹ,ഹ,ഹ, ഹു,ഹു' എന്നെല്ലാമെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് വിലയിരുത്തല്‍ എത്തിയത്. പ്രയാഗ പോയിട്ടേ ഇല്ലെന്ന വിലയിരുത്തലുമെത്തി. ഇതിനിടെയാണ് പോലീസിന് സിസിടിവി ദൃശ്യം കിട്ടിയത്. ഇതോടെ പ്രയാഗ വാദങ്ങള്‍ മാറ്റി. ഇതു തന്നെയാണ് പോലീസിന് മുന്നിലും പ്രയാഗ ആവര്‍ത്തിച്ചത്. തല്‍കാലം രണ്ടു പേരേയും കേസില്‍ പ്രതികളാക്കില്ല. തെളിവില്ലാത്തതു കൊണ്ടാണ് ഇത്. രണ്ടു പേരുടേയും മുടിയോ നഖമോ പരിശോധനയ്ക്കും അയയ്ക്കില്ല.

എറണാകുളം സൗത്ത് എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും ചോദ്യംചെയ്തത്. വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് ശ്രീനാഥ് ഭാസി മരട് പോലീസ് സ്റ്റേഷനിലെത്തിയത്. ഒന്നരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് 5.30 വരെ നീണ്ടു. തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ ശ്രീനാഥ് മടങ്ങി. മാസ്‌കും തൊപ്പിയും വെച്ച് മുഖം ഏറക്കുറെ മറച്ചായിരുന്നു താരം വന്നത്. കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പലവട്ടം ചോദിച്ചെങ്കിലും പ്രതികരിച്ചില്ല. ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും രാവിലെ 10-ന് ഹാജരാകണമെന്നാണ് പോലീസ് നിര്‍ദേശിച്ചിരുന്നത്. വൈകീട്ട് 5.30-ഓടെയാണ് പ്രയാഗ മാര്‍ട്ടിന്‍ സൗത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. നടന്‍ സാബുമോനും ഒപ്പമുണ്ടായിരുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ബോബം ചലപതിയേയും ചോദ്യം ചെയ്തു.

പ്രയാഗയും ഓംപ്രകാശിനെ അറിയില്ലെന്നാണ് പോലീസിനോട് പറഞ്ഞത്. നിയമ സഹായത്തിനായാണ് താന്‍ വന്നതെന്ന് സാബുമോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ടുമണിക്കൂറിനു ശേഷം രാത്രി ഏഴരയോടെ പ്രയാഗ മടങ്ങി. ഓംപ്രകാശിനെ അറിയില്ലെന്ന് പ്രയാഗ മാധ്യമങ്ങളോട് പറഞ്ഞു. വിവാദമുണ്ടായ ശേഷം ഗൂഗിളില്‍ തിരഞ്ഞാണ് ഓംപ്രകാശിനെക്കുറിച്ച് അറിഞ്ഞത്. താന്‍ ഹോട്ടലില്‍ പോയ ദിവസം ഓംപ്രകാശ് അവിടെ ഉണ്ടായിരിക്കാം. പക്ഷേ തനിക്കറിയില്ലെന്നും പ്രയാഗ പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലിലെ സി.സി. ടി.വി. ദൃശ്യങ്ങളില്‍ ഇരുവരെയും കണ്ട സാഹചര്യത്തെ ഗൗരവത്തിലാണ് പോലീസ് എടുക്കുന്നത്. പ്രയാഗയുടേയും ശ്രീനാഥ് ഭാസിയുടേയും ഓണ്‍ ലൈന്‍ പണം ഇടപാടും പോലീസ് പരിശോധിക്കുന്നുണ്ട്. വ്യക്തമായ തെളിവില്ലാത്തതു കൊണ്ടു തന്നെ കേസില്‍ പോലീസിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. ഓംപ്രകാശിന് കോടതിയില്‍ നിന്നും ജാമ്യം കിട്ടിയതും കേസിനെ ദുര്‍ബ്ബലമാക്കി.

കൊച്ചിയില്‍ ബോള്‍ഗാട്ടിയില്‍ അലന്‍ വാക്കറുടെ ഡി.ജെ. ഷോയില്‍ പങ്കെടുക്കാനെന്ന പേരില്‍ ഹോട്ടലില്‍ മുറി എടുത്താണ് ലഹരി ഉപയോഗമെന്ന് പോലീസ് പറയുന്നു. ബോബി ചലപതി എന്നയാളുടെ പേരില്‍ ബുക്ക് ചെയ്ത മുറിയില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ആളുകള്‍ ലഹരി ഉപയോഗിച്ചെന്നും എല്ലാത്തിനും ചുക്കാന്‍ പിടിച്ചത് ഗുണ്ടാ തലവന്‍ ഓം പ്രകാശാണെന്നുമാണ് പോലീസ് കണ്ടെത്തല്‍. എളമക്കര സ്വദേശി ബിനു തോമസ് വഴിയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും മുറിയില്‍ എത്തിയതെന്നും ഓംപ്രകാശിന് ഇവരെ നേരിട്ട് പരിചയമില്ലെന്നും പോലീസ് പറയുന്നു. ഇതോടെ സിനിമയിലെ മട്ടാഞ്ചേരി മാഫിയ പ്രതിക്കൂട്ടിലായി. ഹേമാ കമ്മറ്റിയിലും സിനിമയിലെ മയക്കുമരുന്ന് ഇടപെടലിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഇതെല്ലാം മനസ്സില്‍ വച്ചാണ് പോലീസ് ശക്തമായ അന്വേഷണം നടത്തുന്നത്. എന്നാല്‍ തെളിവില്ലാ എന്നത് വലിയ വെല്ലുവിളിയായി മാറും.