- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ലഹരി പരിശോധനയ്ക്ക് സന്നദ്ധയെന്ന പ്രയാഗാ മാര്‍ട്ടിന്റെ നിലപാട് നിര്‍ണ്ണായകമായി; ഓംപ്രകാശിനെ ഗുഗിളില്‍ തിരഞ്ഞു മനസ്സിലാക്കിയെന്ന മൊഴിയും വിശ്വാസയോഗ്യം; ക്രൗണ്‍പ്ലാസയില്‍ അന്ന് മറ്റൊരു നടിയും എത്തി; ആ നടിയുടെ പോക്ക് ഓംപ്രകാശിന്റെ മുറിയിലേക്കോ? പ്രയാഗയ്ക്ക് ക്ലീന്‍ ചിറ്റ് നല്കുമ്പോള് സിസിടിവിയില്‍ തെളിയുന്നത് മറ്റൊരു താരം
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെ ഇനി ചോദ്യം ചെയ്യില്ല. നടിയുടെ മൊഴി തൃപ്തകരമെന്നും വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിക്കഴിഞ്ഞു. നക്ഷത്ര ഹോട്ടലില്‍ പോയത് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി. സുഹൃത്തുക്കളില്‍ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജോസഫും ഉണ്ടായിരുന്നു. ശ്രീനാഥിനൊപ്പമാണ് ഹോട്ടലില്‍ എത്തിയത്. ലഹരി ഇടപാടോ പാര്‍ട്ടിയോ നടന്നതായി അറിവില്ലായിരുന്നുവെന്നും പ്രയാഗ പറഞ്ഞു.
ലഹരി പരിശോധനയ്ക്ക് സാംപിളുകള്‍ ശേഖരിക്കാന്‍ സന്നദ്ധരാണെന്ന് താരങ്ങള്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതും നിര്‍ണ്ണായകമായി. നിലവില്‍ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. മൊഴികള്‍ വിലയിരുത്തിയ ശേഷമാകും ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ തീരുമാനം കൈക്കൊള്ളുക. ശ്രീനാഥും ബിനു ജോസഫും തമ്മിലെ പണം ഇടപാടും പരിശോധിക്കും. അതിനിടെ ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ മറ്റൊരു നടിയും എത്തിയതായി വിവരമുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. നടി എത്തിയത് ഓം പ്രകാശും കൂട്ടരും തങ്ങിയ മുറിയിലാണോ എന്നതില്‍ അന്വേഷണം നടക്കുകയാണ്. ഈ മുറിയിലേക്കാണ് എത്തിയതെന്ന് ഉറപ്പിച്ചാല്‍ നടിയെ ചോദ്യം ചെയ്യും.
ഇതിനൊപ്പം ശ്രീനാഥ് ഭാസിയും ബിനു ജോസഫും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും. ഇരുവരും തമ്മില്‍ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. ബിനു ജോസഫുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട് എന്ന് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ശ്രീനാഥ് ഭാസിയെ നാലര മണിക്കൂറാണ് പൊലീസ് ചോദ്യം ചെയ്തിരുന്നത്. ശ്രീനാഥ് ഭാസിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ ഉള്ളതായാണ് സൂചന.
നക്ഷത്ര ഹോട്ടലില്‍ കഴിഞ്ഞ ദിവസം ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തേ തുടര്‍ന്നാണ് പൊലീസ് സംഘം അവിടെയെത്തിയത് കൊലക്കേസുകളിലടക്കം ആരോപണവിധേയനായ ഗുണ്ടാ, ക്വട്ടേഷന്‍ തലവന്‍ ഓംപ്രകാശിനെയാണ് അവിടെ കാണാന്‍ കഴിഞ്ഞത്. ഷിഹാസ് എന്നയാളും ഒപ്പമുണ്ടായിരുന്നു. ഇവരില്‍ നിന്ന് ലഹരിമരുന്നായ കൊക്കെയ്ന്‍ കണ്ടെടുത്തു. ബോബി ചലപതി എന്നയാളുടെ പേരിലാണ് പ്രതികള്‍ മുറിയെടുത്തിരുന്നത്.
ഓംപ്രകാശിന്റെ മുറിയില്‍ ഫൊറന്‍സിക് പരിശോധന നടത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിടാനും തീരുമാനിച്ചു. കുണ്ടന്നൂരിലെ ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെക്കൂടാതെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള ഏതാനും പേരുടെ മൊഴിയും രേഖപ്പെടുത്തി. പഞ്ചനക്ഷത്ര ഹോട്ടല്‍ മുറിയില്‍ ഓംപ്രകാശ് നടത്തിയത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഓംപ്രകാശ് ഇത് നിഷേധിക്കുന്നു.
സംഭവ ദിവസം ഹോട്ടലില്‍ പോയിരുന്നുവെന്ന് പ്രയാഗ സ്ഥിരീകരിച്ചിട്ടുണ്ട്. സുഹൃത്തിന്റെ സുഹൃത്തുക്കളെ കാണാനാണ് പോയത്. അല്‍പസമയം അവരുടെ മുറിയില്‍ വിശ്രമിച്ചു. താന്‍ ലഹരി ഉപയോഗിക്കുന്ന ആളില്ലെന്നും പ്രയാഗ പറയുന്നു. ഇതെല്ലാം ഈ ഘട്ടത്തില്‍ പോലീസ് സ്ഥിരീകരിക്കുകയാണ്.