- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പുനര്‍ജനി വിവാദം: മണപ്പാട്ട് ഫൗണ്ടേഷനും സിഇഒയ്ക്കും എതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ; അമീര്‍ അഹമ്മദിനെതിരെ എഫ്‌സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശം; വിദേശത്തുനിന്നും വന്ന പണവുമായി ബന്ധപ്പെട്ട് നിരവധി പൊരുത്തക്കേടുകള്‍ കാണപ്പെടുന്നുണ്ടെന്ന് വിജിലന്‍സ്
പുനര്‍ജനി വിവാദം: മണപ്പാട്ട് ഫൗണ്ടേഷനും സിഇഒയ്ക്കും എതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വാദം ഉയര്‍ത്തി അത് വേണ്ട വിധത്തില്‍ വിജയം കാണാതെ വന്ന അവസ്ഥയിലാണ് ഭരണപക്ഷം. എങ്കിലും വിവാദം നിലനിര്‍ത്തി കൊണ്ടുപോകാനുള്ള നീക്കമാണ് നടക്കുന്നത്. പുനര്‍ജനി പദ്ധതിയില്‍ മണപ്പാട്ട് ഫൗണ്ടേഷനും അതിന്റെ സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ കൂടാതെ മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയ്ക്കും അതിന്റെ ചെയര്‍മാന്‍ അമീര്‍ അഹമ്മദിനെതിരെയും എഫ്‌സിആര്‍എ നിയമപ്രകാരം സിബിഐ അന്വേഷണം വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
മണപ്പാട്ട് ഫൗണ്ടേഷന്റെ സിഇഒ അമീര്‍ അഹമ്മദും വി.ഡി. സതീശനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രളയബാധിതരെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ വിദേശത്ത് പണം പിരിച്ചു കേരളത്തിലേക്ക് അയച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെ, പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയ വാര്‍ത്ത ഇന്നലെ പുറത്തുവന്നിരുന്നു.
വിജിലന്‍സിന്റെ ഈ റിപ്പോര്‍ട്ടില്‍ അമീര്‍ അഹമ്മദിനെതിരെയും സിബിഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന വിവരാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രളയ ദുരാതാശ്വാസ പ്രവര്‍ത്തനത്തിനുവേണ്ടി യുകെയില്‍ നിന്ന് പുനര്‍ജനിക്കായി ഫണ്ട് വന്നിരുന്നത് മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കായിരുന്നു. വിദേശത്തുനിന്നും വന്ന ഈ പണവുമായി ബന്ധപ്പെട്ട് നിരവധി പൊരുത്തക്കേടുകള്‍ കാണപ്പെടുന്നുണ്ട് എന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
പുനര്‍ജ്ജനി പദ്ധതിയുടെ കാലയളവില്‍ (2018'-22) മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ്‌സിആര്‍എ അക്കൗണ്ടിലേക്ക് 1,22,23,152 രൂപ വന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നും പുനര്‍ജ്ജനി പദ്ധതിയുടെ പേരില്‍ വി.ഡി. സതീശന് വേണ്ടി സ്വരൂപിച്ച പണമാണ് ഇതെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതിയില്‍ ഉള്ളത്. അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍, മണപ്പാട് ഫൗണ്ടേഷന്‍ ഇത്തരത്തില്‍ വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ രേഖകളോ റെക്കോര്‍ഡുകളോ സൂക്ഷിച്ചിട്ടില്ല എന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയിട്ടും അതിന്റെ രേഖകള്‍ ഒന്നുംതന്നെ സൂക്ഷിക്കാത്തത് എഫ്‌സിആര്‍എ നിയമത്തിന്റെ റൂള്‍ 19-ന്റെ ലംഘനമാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മണപ്പാട് ഫൗണ്ടേഷനെതിരെയും അതിന്റെ ചെയര്‍മാന്‍ അമീര്‍ അഹമ്മദിനെതിരെയും സിബിഐ അന്വേഷണം നടത്തണം എന്ന് വിജിലന്‍സ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
മാത്രമല്ല, മണപ്പാട്ട് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ പരിശോധിച്ചതില്‍ അക്കൗണ്ടിലേക്ക് വന്ന പണവും അതിനായി വിജിലന്‍സിന് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് വിജിലന്‍സിന്റെ നിഗമനം. പുനര്‍ജനി പദ്ധതിയുടെ പേരിലാണ് പിരിച്ചതെങ്കിലും പണം അതിനുവേണ്ടി മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന നിഗമനത്തിലാണ് വിജിലന്‍സ്.
അതേസമയം പുനര്‍ജനി പദ്ധതിയില്‍ വി.ഡി സതീശനെതിരായ സര്‍ക്കാര്‍ നീക്കം നിയമോപദേശവും മറികടന്നാണെന്ന വിവരങ്ങള്‍ പുറത്തുവന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം. അക്കൗണ്ടിലേക്ക് പണം വന്നില്ലെന്നും മണപ്പാട് ഫൗണ്ടേഷന് വിദേശ ഫണ്ട് കൈകാര്യം ചെയ്യാമെന്നും കണ്ടെത്തിയിരുന്നു.
പുനര്‍ജനി പദ്ധതിയില്‍ സതീശന്‍ പണം വാങ്ങിയില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. വി.ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ല. പുനര്‍ജനി ഫണ്ട് സതീശന്‍ കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തരവകുപ്പിന് കൈമാറിയതാണ് റിപ്പോര്‍ട്ട്.




