ആലപ്പുഴ: പുന്നപ്രയിലെ കൊലപാതകത്തിന്റെ കുടൂതല്‍ വിവരങ്ങള്‍ പുറത്ത്. വാടയ്ക്കലിലിലെ ദിനേശന്റെ കൊലപാതകം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ അറസ്റ്റിലായ കിരണ്‍ ബുദ്ധിപരമായാണ് ദിനേശനെ കൊലപ്പെടുത്തിയത്. ഇലക്ട്രിക് ജോലി അടക്കം അറിയാമെന്നതു കൊണ്ടാണ് ഷോക്കടിപ്പിച്ചു കൊലപ്പെടുത്താന്‍ തീരുമാനിച്ചത. പ്ലംബിംഗും ഇലക്ട്രിക് ജോലിയുമൊക്കെ അറിയുന്ന ആളാണ് കിരണെന്ന് അയല്‍വാസികള്‍ പറയുന്നു.

കിരണിന്റെ അമ്മയുടെ സുഹൃത്താണ് ദിനേശന്‍. അയല്‍വാസികളായ എല്ലാവരും പരസ്പരം അറിയുന്നവരാണ്. ഈ സൗഹൃദം കിരണില്‍ സംശയമുണ്ടാക്കി. കഴിഞ്ഞ ദിവസം രാത്രി ദിനേശന്‍ വീട്ടിലേക്ക് വന്നപ്പോഴാണ് കിരണ്‍ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്. വീട്ടിലെ ഇലക്ട്രിക് വയര്‍ ഉപയോഗിച്ചായിരുന്ന ഷോക്കടിപ്പിച്ചത്. മുറ്റത്തേക്ക് എടുത്തുമാറ്റിയ മൃതദേഹത്തില്‍ മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ടുകൂടി ഷോക്കടിപ്പിച്ചു മരണം ഉറപ്പിക്കിയെന്നുമാണ് പോലീസ് പറയുന്നത്. പ്രതിയെ സ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.

കിരണിന്റെ അമ്മയുമായി സൗഹൃദമുണ്ടായിരുന്ന ദിനേശന്‍, രാത്രി വീട്ടിലെത്തിയപ്പോള്‍ ഷോക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം അറിഞ്ഞിട്ടും വിവരം മറച്ചുവെച്ചതിന് കിരണിന്റെ പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ കിരണിന്റെ അമ്മയേയും പ്രതി ചേര്‍ത്തിട്ടുണ്ട്. അമ്മയുമായുള്ള അടുപ്പം ബോധ്യമായ കിരണ്‍, ദിനേശനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇക്കാര്യം പറഞ്ഞ് കിരണ്‍ ദിനേശനെ പലതവണ താക്കീത് ചെയ്തിരുന്നു. ഇത് വകവെക്കാതെ ദിനേശന്‍ വീണ്ടും ബന്ധം തുടര്‍ന്നതാണ് കിരണ്‍ കടുംകൈക്ക് തുനിഞ്ഞത്.

ഇന്നലെയാണ് ദിനേശനെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്മന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയ്ക്കുശേഷവും സ്ഥലത്ത് നിന്ന് എഴുന്നേല്‍ക്കാതായതോടെയാണ് നാട്ടുകാര്‍ വാര്‍ഡ് മെമ്പറെ അറിയിച്ചത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച കിടക്കുന്നതാണെന്ന് മനസിലായത്. മുറിവേറ്റ പാടുകള്‍ കണ്ടതോടെ സംശയമായെന്നും തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായതും സംഭവത്തില്‍ കിരണ്‍ കസ്റ്റഡിയിലാകുന്നതും.

കിരണിനെ പണ്ടുമുതലെ പരിചയം ഉണ്ട് എന്നാല്‍ വലിയ അടുപ്പമില്ലെന്നും ദിനേശന്റെ മകന്‍ പറഞ്ഞു. അവര് തമ്മില്‍ പ്രശ്‌നമുള്ളതായി അറിയില്ല. ജോലി സ്ഥലത്ത് നില്‍ക്കുമ്പോഴാണ് വിവരം അറിയുന്നത്. സ്റ്റേഷനില്‍ പോയി മൊഴി കൊടുക്കുന്നതിനിടെ കിരണ്‍ വിളിച്ചിരുന്നു. സുഹൃത്താണ് ഫോണ്‍ എടുത്തത്.ജോലി കഴിഞ്ഞ് വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നാണ് കിരണ്‍ ഫോണില്‍ പറഞ്ഞത്. കിരണ്‍ മുമ്പും അച്ഛനെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ കൊലപ്പെടുത്താനുള്ള വൈരാഗ്യമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും ദിനേശന്റെ മകള്‍ പറഞ്ഞു.

അച്ഛന്റെ മരണാനന്തര ചടങ്ങിന് കിരണും അവന്റെ അച്ഛനും അമ്മയുമൊക്കെ വന്നിരുന്നു. എല്ലാകാര്യത്തിനും കൂടെയുണ്ടായിരുന്നുവെന്നും അപ്പോഴൊന്നും സംശയം ഉണ്ടായിരുന്നില്ലെന്നും മകള്‍ പറഞ്ഞു. തലയിലൊക്കെ ചോരയുണ്ടായിരുന്നുവെന്നും മുഖത്തും കയ്യിലുമൊക്കെ മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. ക്രിമിനല്‍ ബുദ്ധിയുള്ള പയ്യനാണെന്നും ദിനേശനെ മുമ്പും കിരണ്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം ഉപേക്ഷിക്കാന്‍ കിരണിന്റെ പിതാവ് സഹായിച്ചു എന്ന് വിവരവുമുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷോക്കേറ്റ് മരണമെന്നായിരുന്നു. എന്നാല്‍ മൃതദേഹം കിടന്ന സ്ഥലത്ത് ഷോക്കേല്‍ക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും പിതാവും അമ്മയും പിടിയിലായത്. പിതാവിന് കൊലപാതക വിവരം അറിയാമായിരുന്നു.