- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നോൽ ഹരിദാസൻ വധക്കേസിലെ അന്വേഷണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നു; പത്തു മാസമായിട്ടും രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിൽ തുടരുന്നു; പ്രത്യേക അന്വേഷണ സംഘം പിരിച്ചു വിട്ടത് തിരിച്ചടിയായി; ഒളിവിൽ കഴിയുന്നവർ കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർ; തലശേരിയിലെ ക്രൂര കൊലപാതക അന്വേഷണത്തിലും വീഴ്ച്ചകൾ
തലശേരി: ബി.ജെ. പി മണ്ഡലം നേതാക്കൾ വരെ കുറ്റാരോപിതരായി ജയിലിൽ കഴിയുന്ന പുന്നോലിലെ സി.പി. എം പ്രവർത്തകൻ താഴെ വയലിൽ ശ്രീമുത്തപ്പൻ വീട്ടിൽ ഹരിദാസനെ വെട്ടിക്കൊന്ന കേസിൽ (54) രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിൽ. നിലവിൽ കേസിന്റെ ചുമതലയുള്ള അന്വേഷണ സംഘം സ്ഥലം മാറ്റത്തെ തുടർന്ന് പലവഴിക്കായി ചിതറിയതാണ് അന്വേഷണത്തിന് തടസമായി മാറിയത്. കേരളത്തിൽ തന്നെ ഏറെ ചർച്ചയായ കോളിളക്കം സൃഷ്ടിച്ച കൊലക്കേസിൽ രണ്ടുപ്രതികളെ ഇതുവരെ പിടികൂടാൻ കഴിയാത്തത് വിവാദമായിട്ടുണ്ട്.
കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത് വാളുകൊണ്ടു ഹരിദാസനെ വെട്ടിപരുക്കേൽപ്പിച്ച മാഹി ചാലക്കരയിലെ ദീപക്കെന്ന ഡ്രാഗൺ ദീപു(30) നാലാം പ്രതി ന്യൂമാഹി ഈയ്യത്തും കാട്ടിലെ പുണർതത്തിൽ നിഖിൽ നമ്പ്യാർ(27) എന്നിവരാണ് അരുംകൊല നടന്നിട്ട് പത്തുമാസം കഴിഞ്ഞിട്ടും നിയമത്തിന് പിടികൊടുക്കാത്തെ അജ്ഞാത കേന്ദ്രത്തിൽ കഴിയുന്നത്. ഈക്കഴിഞ്ഞ ഫെബ്രുവരി 21 ന് പുലർച്ചെയാണ് ഹരിദാസൻ കൊല്ലപ്പെടുന്നത്. സംഭവത്തിന് ഏതാനും ദിവസം മുൻപ് സമീപത്തെ ഉത്സവ പറമ്പിലുണ്ടായ സംഘർഷത്തെ തുടർന്നാണ് സി.പി. എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ ബിജെപി- ആർ. എസ്. എസ് സംഘം ഗൂഢാലോചന നടത്തി സ്വന്തം വീട്ടുമുറ്റത്ത് വെച്ചു മത്സ്യബന്ധനം കഴിഞ്ഞു മടങ്ങിയെത്തിയപ്പോൾ വെട്ടിക്കൊന്നത്.
തലശേരി താലൂക്കിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവും ക്രൂരമായതൊന്നായിരുന്നു ഹരിദാസന്റെത്. ഈ കേസ് അന്വേഷിക്കുന്നതിനായി സർക്കാർ പ്രത്യേകം ചുമതല നൽകി ന്യൂമാഹിയിലെത്തിച്ച അന്നത്തെ അഡീഷനൽ സിറ്റി കമ്മിഷണർ പി.പി.സദാനന്ദൻ, എ.സി.പി പ്രിൻസ് എബ്രഹാം, ന്യൂമാഹി ഇൻസ്പെക്ടർ വി.വി ലതീഷ്, അന്വേഷണം ഏകോപിച്ച അന്നത്തെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ എന്നിവർ ഇപ്പോൾ തൽസ്ഥാനത്തു നിന്നും മാറി പലവഴിക്കാണുള്ളത്. ആർ. എസ്. എസ് സജീവ പ്രവർത്തകരാണ് ദീപുവും നിഖിൽ നമ്പ്യാരും. കൊലനടത്തിയതിനു ശേഷം രണ്ടു പേരെയും ആർ. എസ്. എസ് കൈയൊഴിഞ്ഞതായി വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ആർ. എസ്. എസ് ഒരുക്കിയ ഒളിത്താവളങ്ങളിലാണ് ഇവർ കഴിയുന്നതെന്നാണ് ആരോപണം.
ഒളികേന്ദ്രത്തെ കുറിച്ചു ചില സൂചനകൾ ലഭിച്ചതിനെ തുടർന്ന് ഏതാനും മാസം മുൻപ് ഇവരെ അന്വേഷിച്ചു പോയ പൊലിസ് സംഘം നിരാശരായി തിരിച്ചുവരുന്നതിനിടെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ബോംബെറുണ്ടായിരുന്നു. ആകെ 17 പ്രതികളുള്ള ഹരിദാസ് വധക്കേസിലെ കുറ്റപത്രം ഈക്കഴിഞ്ഞ മെയ് 20ന് പ്രത്യേക അന്വേഷണ സംഘം തലശേരി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരുന്നു. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് സൂചിപ്പിക്കുന്ന കുറ്റപത്രത്തിൽ ഓരോരുത്തരുടെയും പങ്കാളിത്തം അക്കമിട്ടു പറഞ്ഞിരുന്നു.
ബിജെപി തലശേരി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുുമായ കൊമ്മൻ വയലിലെ ശ്രീശങ്കരാലയത്തിൽ കെ.ലിജേഷാണ് കേസിലെ ഒന്നാം പ്രതി. അണ്ടലൂർ സ്വദേശിനി ശ്രീനന്ദത്തിൽ രേഷ്മായാണ് (42) കേസിലെ പതിനേഴാം പ്രതി. പുന്നോൽ സ്‌കൂളിലെ അദ്ധ്യാപികയാണ് രേഷ്മ. ഹരിദാസ് വധക്കേസിൽ പൊലിസ് തെരയുന്ന ഏഴാം പ്രതിയായ നിജിൽ ദാസിന് പിണറായയിലെ ആളൊഴിഞ്ഞ തന്റെ വാടകവീട്ടിൽ ഒളിത്താവളം നൽകിയെന്നാണ് രേഷ്മയ്ക്കെതിരെയുള്ള കേസ്. ഒരു രാഷ്ട്രീയ കൊലപാതക കേസിൽ സ്ത്രീ പ്രതിയായതും ഹരിദാസ് വധക്കേസിന്റെ പ്രത്യേകതകളിലൊന്നാണ്.
തലശേരി നഗരസഭാ കൗൺസിലറായ കെ. ലിജേഷ് അറസ്റ്റിലായതിനു ശേഷം റിമാൻഡിൽ തന്നെ തുടരുകയാണ്. അതിനു ശേഷം നഗരസഭാകൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇതോടെ കൗൺസിലർ സ്ഥാനത്തു നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഭരണപക്ഷമായ സി.പി. എം ഉയർത്തുന്നുണ്ട്. തുടർച്ചയായി മൂന്നു തവണ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാത്തതിരുന്നാൽ അയോഗ്യനാക്കണമെന്നു തദ്ദേശ സ്വയം ഭരണ സ്ഥാപനനിയമപ്രകാരമുണ്ടെന്നു ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. സി.പി. എംഭരിക്കുന്ന തലശേരി നഗരസഭയിൽ മുഖ്യപ്രതിപക്ഷം ബിജെപിയാണ്. പ്രതിപക്ഷ നേതാവിന്റെ റോൾ വഹിക്കുന്നതിനിടെയാണ് ലിജേഷ് കൊലക്കേസിൽ കുടുങ്ങുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്