തിരുവനന്തപുരം: പാലോട് കരിമണ്‍കോട് വയോധികന്‍ ആത്മഹത്യ ചെയ്തത് ഭാര്യയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്. മുക്കാംതോട് എ.പി. നിവാസില്‍ അജു എന്ന പുരുഷോത്തമന്‍ (64) ആണ് വളര്‍ത്ത് നായയോടൊപ്പം കാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ചൊവാഴ്ച രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. ഭാര്യ പിണങ്ങി പോയതിന്റെ മനോവിഷമത്തിലായിരുന്നു പുരുഷോത്തമന്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പുരുഷോത്തമന്‍ ആത്മഹത്യ ചെയ്തത്. വീടിനു മുന്നില്‍ നിര്‍ത്തിയിരുന്ന കാറിലായിരുന്നു ആത്മഹത്യ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് പുരുഷോത്തമനെ വളര്‍ത്തുനായയോടൊപ്പം കാറില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുരുഷോത്തമന്‍ ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസം ഭാര്യയുമായി വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇളയ മകന്‍ വീട്ടില്‍ വൈകി വന്നതിനെ തുടര്‍ന്നാണ് പുരുഷോത്തമനും ഭാര്യയുമായി തര്‍ക്കമുണ്ടായത്.

മകനെ വീട്ടില്‍ കയറ്റാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പുരുഷോത്തമന്‍ വാതില്‍ തുറന്നു കൊടുത്തില്ല. തുടര്‍ന്ന് ഭാര്യ പ്രിയ സംഭവത്തില്‍ ഇടപെടുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ തന്റെ വീട്ടിലേക്കു പോയി. ഭാര്യയും മകനും പിണങ്ങി പോയ മനോവിഷമത്തില്‍ പുരുഷോത്തമന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല എന്നാണ് സൂചന. വളര്‍ത്തു നായയെ കാറിന് പിന്നില്‍ കെട്ടിയിട്ട ശേഷമായിരുന്നു പുരുഷോത്തമന്‍ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയതെന്ന് പോലീസ് പറയുന്നു.

10 മണിയോടെ കെ എല്‍ 19 എ 4551 മാരുതി കാറിലാണ് പുരുഷോത്തമന്‍ ജീവനൊടുക്കിയത്. നാട്ടുകാര്‍ പറഞ്ഞത് അനുസരിച്ച് പാലോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി. വിദേശത്തായിരുന്ന പുരുഷോത്തമന്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. നേരത്തെ പാലോട് ജീപ്പ് സ്റ്റാന്‍ഡിലെ ഡ്രൈവറായിരുന്നു. സൗമ്യനായിരുന്നു പുരുഷോത്തമന്‍. നാട്ടുകാര്‍ക്ക് പ്രിയങ്കരനും. അതുകൊണ്ട് തന്നെ പുരുഷോത്തമന്റെ കടുംകൈ നാട്ടുകാര്‍ക്കും ഞെട്ടലായി.

ഭാര്യയും മകനും പിണങ്ങി പോയതോടെ പുരുഷോത്തമനും വളര്‍ത്തു നായയും മാത്രമായി വീട്ടില്‍. അതുകൊണ്ടാണ് പട്ടിയുമായി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. രണ്ടുദിവസമായി പുരുഷോത്തമന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത് എന്നാണ് വിവരം. പുരുഷോത്തമന് നിലവില്‍ ജോലിയൊന്നുമുണ്ടായിരുന്നില്ല എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രിയയാണ് ഭാര്യ. അതുല്‍(ഫയര്‍ ഫോഴ്സ്), അഖില്‍ എന്നിവരാണ് മക്കള്‍. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നുള്ള കാര്യം അന്വേഷിക്കുമെന്ന് പാലോട് പോലീസ് അറിയിച്ചു.