- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്‌സിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തരുത്; ഇരകളുമായി ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ അനുവദിക്കരുത്; എന്തെങ്കിലും ഉണ്ടെങ്കില്‍ തന്റെ മൊബൈല്‍ നമ്പര്‍ നല്‍കണമെന്ന് യൂണിയന്‍ ചെയര്‍പേഴ്സണ്‍; ഗാന്ധിനഗറിലും പൂക്കോട്ട് മോഡല്‍ അട്ടിമറി; ആരും ഒന്നും പറയാത്തത് ഭീഷണിയില്‍; ആ വീഡിയോ പുറത്തു വന്നതു മാത്രം തെളിവ്
കോട്ടയം: ഗാന്ധി നഗര്‍ നഴ്‌സിങ് കോളേജ് റാഗിങിലും പൂക്കോട് മോഡല്‍ അട്ടിമറി നീക്കം. കേസിലെ പ്രതികള്‍ സിപിഎം വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളാണ്. ഇവരെ രക്ഷിച്ചെടുക്കാനാണ് നീക്കം. ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ റാഗിങ് കേസില്‍ ഹോസ്റ്റല്‍ അധികൃതരുടെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കാതെ പൊലീസ് മുമ്പോട്ട് പോവുകായണ്. അസിസ്റ്റന്റ് വാര്‍ഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യംചെയ്യും. മൂന്ന് മാസമായി തുടരുന്ന പീഡനം അധികൃതര്‍ അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് പൊലീസ് നിഗമനം. പ്രതികള്‍ ഹൗസ് കീപ്പറേയും ഭീഷണിപ്പെടുത്തിയോ എന്ന് സംശയമുണ്ട്. ഹോസ്റ്റലിലെ ഹൗസ് കീപ്പറുടെ മുറിയുടെ തൊട്ടടുത്താണ് റാഗിങ് നടന്നത്. ഇതിനിടെയാണ് വിദ്യാര്‍ത്ഥി നേതാവിന്റെ ഓഡിയോയും ചര്‍ച്ചകളില്‍ എത്തുന്നത്. റാഗിങ് വീഡിയോ പുറത്തു വന്നില്ലെങ്കില്‍ എല്ലാ പ്രതികളേയും സംഘടനാ കരുത്തില്‍ രക്ഷിച്ചെടുക്കമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന ഓഡിയോ.
നഴ്‌സിങ് കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തരുതെന്നും വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോടു സംസാരിക്കരുതെന്നും കോളജ് യൂണിയന്‍ ചെയര്‍പഴ്‌സന്‍ നന്ദിനി ബാബുവിന്റെ വാട്‌സാപ് സന്ദേശം. ഇരകളുടെ വിശദാംശങ്ങള്‍ പുറത്തുപോകരുത്. ഇവരുമായി ബന്ധപ്പെടാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ അനുവദിക്കരുത്. എന്തെങ്കിലും ഉണ്ടെങ്കില്‍ തന്റെ മൊബൈല്‍ നമ്പര്‍ നല്‍കണമെന്നും യൂണിയന്‍ ചെയര്‍പഴ്‌സന്‍ അയച്ച ശബ്ദസന്ദേശത്തില്‍ നിര്‍ദേശിക്കുന്നു. അതായത് സംഘടനാ പരമായ ഇടപെടലുണ്ടായി എന്ന് വ്യക്തം. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷനാണ് യൂണിയന്‍ ഭരിക്കുന്നത്. പ്രതിപ്പട്ടികയിലുള്ളവരും യൂണിയനില്‍ ഉള്‍പ്പെട്ടവരാണ്. സിപിഎം നിയന്ത്രണത്തിലുള്ളതാണ് ഈ സംഘടന. നഴ്‌സ് മേഖലയില്‍ എസ് എഫ് ഐയ്ക്ക് സംഘടനാ പ്രവര്‍ത്തനമില്ല. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവല്‍, കോരുത്തോട് സ്വദേശി വിവേക്, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, എന്നിവരാണ് പിടിയില്‍ ആയത്. അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡിലാണ്. ഇതില്‍ സംഘടനയുടെ സംസ്ഥാന നേതാവുമുണ്ട്.
മൂന്നു മാസമായി പീഡനം പതിവായി നടന്ന രണ്ടു മുറികളില്‍നിന്നു കരച്ചില്‍ പുറത്തേക്കു വരുമായിരുന്നുവെങ്കിലും ഇതു കേട്ടതായി ഒരാളും പറയുന്നില്ല. മൂന്നാം നിലയിലാണു പീഡനം നടന്ന മുറി. അതിനോട് ചേര്‍ന്ന് അസിസ്റ്റന്റ് വാര്‍ഡന്റെയും മറ്റു വിദ്യാര്‍ഥികളുടെയും മുറികളുണ്ട്. പക്ഷേ, ചെറിയൊരു ശബ്ദം പോലും ആരും കേട്ടില്ല. സംഭവത്തെക്കുറിച്ചു തുറന്നു പറയാനും ആര്‍ക്കും ധൈര്യമില്ല. ഒന്നും കണ്ടിട്ടില്ല, ഒന്നുമറിയില്ല എന്നാണു പല വിദ്യാര്‍ഥികളുടെയും മറുപടി. പീഡനത്തിനിരയായവര്‍ മാത്രമാണ് മൊഴി നല്‍കാന്‍ തയാറായി രംഗത്തുവരുന്നത്. ഈ സാഹചര്യമൊരുക്കുന്നത് യൂണിയന്റെ ഇടപെടലാണ്.
പൂക്കോട്ടെ സിദ്ധാര്‍ത്ഥന്‍ മരണത്തില്‍ എസ് എഫ് ഐയായിരുന്നു പ്രതിസ്ഥാനത്ത്. ഇവിടെ വലിയ അട്ടിമറികള്‍ നടന്നു. തെളിവുകളൊന്നും പുറത്തു വന്നില്ല. ആരും മൊഴിയും കൊടുത്തില്ല. ഇത്തരത്തിലൊരു തന്ത്രം കോട്ടയത്തും നടത്താനാണ് നീക്കം. പക്ഷേ പീഡന വീഡിയോ പുറത്തു വ്ന്നത് വലിയ തെളിവായി മാറി. ഡോ. വന്ദന വധക്കേസിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിലും പ്രതിഷേധിച്ച് യൂണിയന്‍ നടത്തിയ സമരപരിപാടികളില്‍ മുന്നില്‍ നിന്നവരാണ് പിടിയിലായവര്‍. അതിനിടെ റാഗിങ് നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കെജിഎസ്എന്‍എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. റാഗിങ്ങിനിരയായ വിദ്യാര്‍ഥികള്‍ക്ക് നിയമപരമായും സംഘടനാപരമായും പൂര്‍ണ പിന്തുണ നല്‍കുമെന്നും സംസ്ഥാന പ്രസിഡന്റ് അശ്വതി അജയന്‍ അറിയിച്ചു. നിരവധി സംശയങ്ങള്‍ റാഗിങുമായി ബന്ധപ്പെട്ടുയരുന്നുണ്ട്. അതുകൊണ്ട് തന്നെ ഗവണ്‍മെന്റ് നഴ്‌സിങ് കോളേജിലെ റാഗിങ് കേസില്‍ ഹോസ്റ്റല്‍ അധികൃതരുടെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കാതെ പൊലീസ്. അസിസ്റ്റന്റ് വാര്‍ഡനെയും ഹൗസ് കീപ്പറെയും വീണ്ടും ചോദ്യംചെയ്യും.
ഹോസ്റ്റലില്‍ മുഴുവന്‍ സമയ വാര്‍ഡന്‍ ഇല്ലാത്തതിനെതിരെയും വിമര്‍ശനമുണ്ട്. പലപ്പോഴും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആണ് ഹോസ്റ്റല്‍ നിയന്ത്രിച്ചിരുന്നത്. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ നിയോഗിച്ച സംഘവും കോളേജിലും ഹോസ്റ്റലിലും എത്തി പരിശോധന നടത്തും. നഴ്‌സിങ് എഡ്യൂക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജില്‍ നിന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന റാഗിങിന്റെ ക്രൂര ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കയ്യും കാലും കെട്ടിയിട്ട് കോമ്പസ് കൊണ്ട് ശരീരത്തില്‍ കുത്തി മുറിവുകളില്‍ ലോഷന്‍ ഒഴിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഉച്ചത്തില്‍ കരയുമ്പോള്‍ വായിലേക്ക് ലോഷന്‍ ഒഴിക്കുന്നതും ദൃശ്യത്തിലുണ്ട്.
സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഭീഷണി ഭയന്നാണ് പീഡന വിവരം ആരും പുറത്ത് പറയാതിരുന്നത്. എതിര്‍ക്കുന്നവരെ ഈ ദൃശ്യങ്ങള്‍ കാണിച്ച് പേടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുത്ത പൊലീസ്, കോളേജ് പ്രിന്‍സിപ്പാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടി. നിലവില്‍ കേസെടുത്തിരിക്കുന്നത് റാഗിങ് നിരോധന നിയമ പ്രകാരമാണ്. ആരെയും റാഗ് ചെയ്യില്ലെന്നും ചെയ്താല്‍ നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാമെന്നും രേഖപ്പെടുത്തിയ ബോണ്ടില്‍ ഒപ്പുവച്ച് പ്രവേശനം നേടിയവരാണ് റാഗിങ് കേസില്‍ അറസ്റ്റിലായവര്‍. 2009ലെ യുജിസി റാഗിങ് റഗുലേഷന്‍ അനുസരിച്ചുള്ളതാണ് ഈ ബോണ്ട്. സ്ത്രീധനം വാങ്ങില്ലെന്നും ഇവര്‍ എഴുതിക്കൊടുത്തിട്ടുണ്ട്.റാഗിങ് പരാതികളും അതില്‍ എടുത്ത നടപടികളും വ്യക്തമാക്കി സാധാരണ കോളജ് പ്രിന്‍സിപ്പല്‍മാര്‍ ഓരോ മാസവും അഞ്ചാം തീയതിക്കു മുന്‍പായി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം എന്നാണു ചട്ടം.
90 ദിവസമായി ക്രൂരമായി പീഡിപ്പിച്ചിട്ടും വിവരം പുറത്തു പറയാതിരുന്നതെന്ത് എന്ന പൊലീസിന്റെ ചോദ്യത്തിന് 'പുറത്തറിഞ്ഞാല്‍ തട്ടിക്കളയും' എന്ന പ്രതികളുടെ ഭീഷണി ഭയന്നാണെന്നായിരുന്നു നഴ്‌സിങ് വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞത്. വീട്ടില്‍പോലും പറയാന്‍ ധൈര്യമില്ലായിരുന്നു.ശനിയാഴ്ചകള്‍ വരുമ്പോള്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കു പേടി തുടങ്ങും. മദ്യപിക്കാന്‍ പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സീനിയേഴ്‌സിന്റെ ക്രൂരപീഡനം അനുഭവിക്കേണ്ടി വരും. റൂമിലേക്കു കയറിവന്നു കവിളത്ത് ആഞ്ഞടിക്കും. സഹിച്ച് അനങ്ങാതിരിക്കണം. രാത്രി 11 മണി മുതലാണ് റാഗിങ്. കരഞ്ഞാല്‍ വായിലേക്കു ഫെയ്‌സ് ക്രീം ഒഴിക്കും. റാഗിങ് സംബന്ധിച്ചു കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെയാണു കൂടുതല്‍ വിവരങ്ങള്‍ വീട്ടുകാരോടും പൊലീസിനോടും പറയാന്‍ ധൈര്യപ്പെട്ടത്.