തിരുവനന്തപുരം: അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തിനെതിരെയും കേസ്. അടൂര്‍ സ്വദേശിയായ സുഹൃത്ത് ജോബി ജോസഫിനെയും കേസില്‍ പ്രതിചേര്‍ത്തു. ഗര്‍ഭചിദ്രത്തിന് ഗുളിക എത്തിച്ചു നല്‍കിയത് ഇയാളാണ്. അശാസ്ത്രീയവും നിര്‍ബന്ധിതവുമായ ഗര്‍ഭഛിദ്രമാണ് രാഹുലിനെതിരായ മുഖ്യകുറ്റം. ഇതേകുറ്റം തന്നെയാണ് ജോബി ജോസഫിനെതിരെ ചുമത്തിയത്.

ഭീഷണിപ്പെടുത്തി ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് യുവതി മൊഴി നല്‍കി. കുട്ടി ഉണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുംമെന്നും രാഹുല്‍ പറഞ്ഞു. ഗുളിക നല്‍കിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്. ഗര്‍ഭഛിദ്രത്തിനായി രാഹുലിന്റെ സുഹൃത്താണ് ഗുളിക എത്തിച്ചത്. ഗുളിക കഴിച്ചുവെന്ന് വീഡിയോ കോളിലൂടെ രാഹുല്‍ ഉറപ്പാക്കിയെന്നും അതിജീവിതയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്.

യുവതിയുടെ വാട്‌സാപ് സന്ദേശങ്ങള്‍ മുന്‍പ് പുറത്തുവന്നിരുന്നെങ്കിലും ഇന്നലെയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വനിതാ സെല്ലിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ രാത്രി മൊഴിയെടുത്തത്. മെഡിക്കല്‍ രേഖകള്‍ യുവതി പൊലീസിനു മുന്നില്‍ ഹാജരാക്കി. ഗര്‍ഭിണിയാണെന്നു രാഹുലിനോട് പറഞ്ഞപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനാണ് പറഞ്ഞത്. അതിനു സമ്മതമല്ലെന്ന് അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ഗര്‍ഭഛിദ്രം നടത്താന്‍ പലതവണ നിര്‍ബന്ധിച്ചു.

കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം ചീത്ത വിളിച്ചു. ബന്ധത്തില്‍നിന്ന് അകലാന്‍ രാഹുല്‍ ശ്രമിച്ചു. ഗുളിക നല്‍കിയാണ് രാഹുല്‍ ഗര്‍ഭഛിദ്രം നടത്തിയത്. എവിടെനിന്നാണ് ഗുളിക എത്തിച്ചതെന്ന് അറിയില്ല. സുഹൃത്ത് വഴിയാണ് എത്തിച്ചത്. ഗുളിക കഴിച്ചെന്ന് വിഡിയോ കോളിലൂടെ ഉറപ്പിച്ചു. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും രക്തസ്രാവവുമുണ്ടായി. സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗര്‍ഭഛിദ്രത്തിന് താല്‍പര്യമില്ലായിരുന്നെന്നും രാഹുലിന്റെ നിര്‍ബന്ധപ്രകാരമാണ് സമ്മതിച്ചതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇന്ന് യുവതിയെ കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്.

ഗുളിക എത്തിച്ച സുഹൃത്തിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുലിനുമേല്‍ ചുമത്തിയിരിക്കുന്നത്. പരാതിവരട്ടെ എന്നാണ് രാഹുല്‍ ഇതുവരെ പറഞ്ഞിരുന്നത്. പരാതി വന്നതോടെ രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനു നീക്കം തുടങ്ങി. ഗര്‍ഭഛിദ്രം നടത്തിയതിനു മെഡിക്കല്‍ രേഖകള്‍ മതിയായ തെളിവാണെന്ന് പൊലീസ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനായി രാഹുല്‍ പാലക്കാട് പ്രചാരണം നടത്തുന്നതിനിടെയാണ് യുവതി പരാതി നല്‍കിയത്.

പരാതി നല്‍കിയതിനെ തുടര്‍ന്ന് എംഎല്‍എ ഓഫിസ് അടച്ചു. കാര്‍ ഫ്‌ലാറ്റില്‍ ഇട്ടശേഷം മറ്റൊരു കാറില്‍ രാഹുല്‍ പുറത്തേക്ക് പോയി. സ്റ്റാഫ് അംഗങ്ങളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. രാഹുലിന്റെ അടൂരിലെ വീട്ടിലും എംഎല്‍എ ഓഫിസിനും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഇന്ന് മഹിളാമോര്‍ച്ച രാഹുലിന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു.

പിന്നാലേ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. രാഹുലിനെതിരെയുള്ള നടപടികളില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമാണ് തുടക്കം മുതല്‍. കര്‍ശന നടപടി വേണമെന്ന് ഒരു വിഭാഗം പറയുന്നു. രാഷ്ട്രീയപ്രേരിതമായ കേസെന്നാണ് മറുവിഭാഗം പറയുന്നത്. ഇന്നലെ സെക്രട്ടേറിയറ്റില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്കാണ് യുവതി പരാതി നല്‍കിയത്. മുഖ്യമന്ത്രി ഡിജിപിക്കു പരാതി കൈമാറി. സംഭാഷണങ്ങളും ചാറ്റുകളും അടക്കമുള്ള ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും യുവതി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.