- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ പേരിൽ രണ്ട് ബീവറേജ് ഷോപ്പുകളും ഒരു ഷോപ്പിങ് മാളും; നാലരലക്ഷം രൂപ പൊടിച്ച് മകളുടെ ജന്മദിനാഘോഷം; റെയിൽവേ ശമ്പള വിതരണത്തിനുള്ള സോഫ്റ്റ്വേർ ദുരുപയോഗം ചെയ്ത് റെയിൽവേ ക്ലാർക്ക് തട്ടിയത് ലക്ഷങ്ങൾ; ലുക്കൗട്ട് നോട്ടീസ് ഇറക്കി ആർപിഎഫ്
ലക്നൗ: റെയിൽവേ ശമ്പള വിതരണത്തിനുള്ള സോഫ്റ്റ് വെയർ ദുരുപയോഗം ചെയ്തു റെയിൽവേ ക്ലാർക്ക് തട്ടിയെടുത്തത് ലക്ഷങ്ങൾ. റെയിൽവേ ജീവനക്കാർക്ക് ശമ്പളവിതരണത്തിനുള്ള 'ഐ പാസ്' എന്ന സോഫ്റ്റ്വേർ ദുരുപയോഗിച്ചാണ് ക്ലാർക്ക് തട്ടിപ്പു നടത്തിയത്. ഉത്തർപ്രദേശിലെ മുഗൾസരായി ഡിവിഷനിൽ കാൻപുർ സ്വദേശിയായ ബുക്കിങ് ക്ലാർക്ക് ബാബു യുവരാജ് സിങ് (37) ആണ് കോടികൾ തട്ടിയെടുത്തത്.
2017 മുതൽ നടത്തിയ തട്ടിപ്പുകൾക്കാണ് ഇയാൾ പിടിക്കപ്പെട്ടിരിക്കുന്നത്. ഒരേ തസ്തികയിൽ ഒരേ ഓഫീസിൽ ആറുവർഷം തുടർച്ചയായി ജോലിയിൽ തുടർന്നത് തട്ടിപ്പിന് സഹായമായതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. സോഫ്റ്റ്വേറിലെ നിസ്സാരമായ വ്യക്തിഗത വിവരങ്ങൾ മാറ്റിയാൽപ്പോലും ജീവനക്കാരുടെ മൊബൈൽഫോണിലേക്ക് ഒ.ടി.പി. പോകുന്ന സംവിധാനമുണ്ട്. ജീവനക്കാരുമായി ബന്ധപ്പെട്ട സുപ്രധാനവിവരങ്ങൾ മാറ്റണമെങ്കിൽ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ അംഗീകാരവും വേണം.
ഇവ മറികടക്കാൻ എല്ലാ ഒ.ടി.പി.യും ഭാര്യയുടെ മൊബൈൽഫോണിലേക്ക് വരുംവിധം മാറ്റിയാണ് ഇയാൾ തട്ടിപ്പുനടത്തിയത്. വിരമിച്ചവർ, വി.ആർ.എസ്. എടുത്തവർ, മരണപ്പെട്ട ജീവനക്കാർ തുടങ്ങിയവരുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. റെയിൽവേയിലെ നിരവധി ജീവനക്കാർ ഇയാളുടെ തട്ടിപ്പിന് ഇരയായി.
തട്ടിയെടുത്ത പണം കൊണ്ട് ആഡംബര ജീവിതമായിരുന്നു യുവരാജ് സിങ് നയിച്ചത്. ഇയാളുടെ ഭാര്യയുടെ പേരിൽ രണ്ട് ബിവറേജ് ഷോപ്പുകളും ഒരു ഷോപ്പിങ് മാളും ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞാഴ്ച നാലരലക്ഷം രൂപ ചെലവഴിച്ച് മകളുടെ ജന്മദിനാഘോഷം നടത്തിയത് സഹപ്രവർത്തകർക്കിടയിൽ ചർച്ചയായിരുന്നു. ഇത്തരത്തിൽ റെയിൽവേയുടെ മറ്റേതെങ്കിലും ഡിവിഷനുകളിൽനിന്ന് പണാപഹരണം നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
ഇന്റേണൽ എൻക്വയറി കമ്മിറ്റി അംഗങ്ങൾ, റെയിൽവേ വിജിലൻസ് വിഭാഗം, റെയിൽവേയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട കമ്മിറ്റികൾ, ആർ.പി.എഫ്., റെയിൽവേ പൊലീസ് എന്നിവയുടെ സഹായത്തോടെയാണ് അന്വേഷണം. തട്ടിപ്പു പുറത്തായതോടെ ഇയാൾ ഒളിവിൽ പോയിരിക്കയാണ്. ഒളിവിൽപ്പോയ യുവരാജ് സിങ്ങിനായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ലുക്കൗട്ട് നോട്ടീസിറക്കി. വിവരങ്ങൾ ദീൻ ദയാൽ ഉപാധ്യായ റെയിൽവേ സ്റ്റേഷൻ സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ(ആർ.പി.എഫ്.) ഓഫീസിൽ അറിയിക്കാനാണ് നിർദ്ദേശം. ഫോൺ: 9794848700, 9794848701.
മറുനാടന് ഡെസ്ക്