- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചു വർഷം മുൻപ് ഭാര്യയെയും കാമുകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി; ജാമ്യത്തിൽ ഇറങ്ങിയ ശേഷം സംസ്ഥാനമൊട്ടാകെ കടപ്പാക്കല്ല് പാകുന്നതിന്റെ പേരിൽ തട്ടിപ്പ് നടത്തി; റാന്നി സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 4.10 ലക്ഷം; ഇരട്ടക്കൊലക്കേസ് പ്രതി നാലു മാസത്തിന് ശേഷം പിടിയിൽ
റാന്നി: ഭാര്യയെയും കാമുകനെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കടപ്പാക്കല്ല് പാകാമെന്ന് വാഗ്ദാനം ചെയ്ത് 4.10 ലക്ഷം തട്ടിയെടുത്തുവെന്ന പരാതിയിൽ അറസ്റ്റിൽ. തൃശൂർ മുകുന്ദപുരം കൊടകര കാവുംതറ കളപ്പുരയ്ക്കൽ കെ.കെ.ശിവദാസൻ (44) ആണ് പിടിയിലായത്.
പഴവങ്ങാടി ചെല്ലക്കാട് തേരിട്ടമട കുളമടയിൽ ചെറിയാനിക്കുഴിയിൽ രാജൻ എബ്രഹാമിന്റെ (62) പരാതിപ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്. രാജന്റെയും സുഹൃത്ത് ടൈറ്റസ് മാത്യുവിന്റെയും കൈയിൽ നിന്നും 4.10 ലക്ഷം രൂപയാണ് ഇയാൾ കൈപ്പറ്റിയത്. കടപ്പാക്കല്ല് പാകുന്ന പണി പൂർത്തിയാക്കിയില്ല എന്നാണ് പരാതി.
കഴിഞ്ഞവർഷം ഡിസംബർ 31 ന് രാജന്റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപയും ഈ വർഷം ഫെബ്രുവരി മൂന്നിന് സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ ഒരു ലക്ഷം രൂപയും ഫെബ്രുവരി 27 ന് രാജനിൽ നിന്ന് നേരിട്ട് 210000 രൂപയുമാണ് കൈപ്പറ്റിയത്. ജൂൺ ഒന്നിനാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഇയാൾക്കായി അന്വേഷണം നടന്നു വരികയായിരുന്നു.
ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ ലൊക്കേഷൻ തിരിച്ചറിഞ്ഞ പൊലീസ് ഇൻസ്പെക്ടർ എം.ആർ.സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ കൊടകരയിൽ നിന്നും കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ പണം വാങ്ങി പണി ചെയ്യാതെ തട്ടിപ്പ് നടത്തിയതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. 2017 ലാണ് ഭാര്യയെയും കാമുകനെയും തലയ്ക്കടിച്ചു കൊന്നത്. എറണാകുളം കുറുപ്പം പടി പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് കേസ് നിലവിലുണ്ട്.
രണ്ടുമക്കളുമൊത്തുകൊടകരയിൽ താമസിച്ചു വരികയാണ് ഇയാൾ. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്ത്, കടപ്പാക്കല്ല് പാകുന്ന പണി കോൺട്രാക്ട് എടുത്ത് നടത്തുമെന്ന് നോട്ടീസ് പരസ്യം ചെയ്തു വന്ന ഇയാൾ റാന്നിയിൽ ഒരു പള്ളിയിൽ ഇത്തരത്തിൽ പണി ചെയ്ത് വിശ്വാസ്യത നേടിയിരുന്നു. ഒരുപാട് പേർ ഇയാളുടെ തട്ടിപ്പിന് ഇരയായതായി പറയപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ നിർദ്ദേശം നൽകി.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ പൊലീസ് ഇൻസ്പെക്ടറെക്കൂടാതെ എസ്ഐ ശ്രീജിത്ത് ജനാർദ്ദനൻ, സി.പി.ഓമാരായ എൽ.ടി.ലിജു, അജാസ് മോൻ, ബിജു മാത്യു എന്നിവരാണ് ഉള്ളത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്