ലക്‌നൗ: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ ബലാത്സംഗക്കേസിലെ ഇരയായ പതിനേഴുകാരിയെ പ്രതി വെടിവെച്ച് കൊന്നു. കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ യുവാവാണ് ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽ അതിക്രമിച്ചുകയറി ഈ ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ പോലീസ് പ്രതിക്കായി ഊർജ്ജിത തിരച്ചിൽ ആരംഭിച്ചു.

പുലർച്ചെ ഒരു മണിയോടെ വീടിന്റെ പിൻവാതിലിലൂടെ അതിക്രമിച്ചുകടന്ന പ്രതി, സഹോദരനൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയുടെ തലയിലും കഴുത്തിലും വെടിയുതിർക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരനെയും ആക്രമിച്ച പ്രതി, പുറത്തുറങ്ങുകയായിരുന്ന അമ്മക്ക് നേരെയും വെടിയുതിർത്ത് ഭീഷണിപ്പെടുത്തി. കുടുംബം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അയാളെ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ബസ്തി അഡീഷണൽ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഇതേ ഗ്രാമത്തിൽ താമസിക്കുന്ന പ്രതി പെൺകുട്ടിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തത്. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും, ഡിസംബർ 16-ന് ചില ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഡിസംബർ 17-ന് കൽവാരി പോലീസ് കേസെടുത്തു.

പോക്സോ നിയമം, ഐ.ടി ആക്ട് എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്ത അന്നുമുതൽ പ്രതി ഒളിവിലായിരുന്നു. പഞ്ചാബിൽ ജോലി ചെയ്യുന്ന പിതാവ് ഇല്ലാത്തതിനാൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. യു.പി ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്ന ഈ വിദ്യാർത്ഥിനിയുടെ കൊലപാതകം പ്രദേശത്ത് വലിയ ആശങ്കയും പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്.