ചേര്‍ത്തല: ജനിച്ച് അഞ്ചുദിവസമായ കുഞ്ഞിനെ കൊന്ന് യുവതിയുടെ കാമുകന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ടതിന് പിന്നിലെ ഗൂഡാലോചന പുറത്ത്. പ്രസവിച്ച സ്ത്രീയെയും കാമുകനെയും പോലീസ് അറസ്റ്റുചെയ്തിരുന്നു. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 17-ാം വാര്‍ഡ് പല്ലുവേലി കായിപ്പുറം വീട്ടില്‍ ആശ(35), കാമുകന്‍ പല്ലുവേലി പണിക്കാശ്ശേരി റോഡില്‍ രാജേഷ് ഭവനത്തില്‍ രതീഷ്(38) എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിലാണ് വിശദാംശം പുറത്തു വന്നത്. കാമുകനാണ് കുട്ടിയെ കന്നത്. ചേര്‍ത്തല ഡിവൈ.എസ്.പി. കെ.വി. ബെന്നി, ഇന്‍സ്‌പെക്ടര്‍ ജി. അരുണ്‍, എസ്.ഐ. കെ.പി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ആശയില്‍ നിന്ന് രതീഷ് കുഞ്ഞിനെ ഏറ്റുവാങ്ങി വീട്ടിലേക്കു കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ആശയുടെ പ്രസവം. ഭര്‍ത്താവിനും അടുത്ത ബന്ധുക്കള്‍ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കുട്ടിയെ നോക്കാനാകില്ലെന്നും അതുമായി വീട്ടില്‍ വരരുതെന്നും ഭര്‍ത്താവ് യുവതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിവാഹേതര ബന്ധത്തിലെ കുഞ്ഞായതിനാല്‍ ഇവരാരും സഹകരിച്ചിരുന്നില്ല. വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ബില്‍ അടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ പിറ്റേന്നാണ് ആശുപത്രി വിട്ടത്. അപ്പോള്‍ കുഞ്ഞ് ഒപ്പമുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വീട്ടിലേക്കു പോകുംവഴി കുട്ടിയെ രതീഷിനു കൈമാറി. നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന സൂചന ലഭിച്ചതോടെ ആശയുടെ ആണ്‍ സുഹൃത്ത് രതീഷിന്റെ വീട് പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചതു നിര്‍ണായകമായി. ഇതാണ് വസ്തുത പുറത്തെത്തിച്ചത്.

ഓഗസ്റ്റ് 26-നു ജനിച്ച കുഞ്ഞിനെ 31-ന് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം ആറോടെ രതീഷിന്റെ വീട്ടിനുള്ളിലെ ശൗചാലയത്തില്‍നിന്ന് കണ്ടെടുത്തു. ആദ്യം ഇയാളുടെ വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത് ശൗചാലയത്തില്‍ കത്തിക്കാന്‍ രതീഷ് ശ്രമിച്ചെങ്കിലും നടന്നില്ല. അറസ്റ്റിലായ ഇരുവരും വിവാഹിതരാണ്. ആശയ്ക്കു രണ്ടു മക്കളും രതീഷിന് ഒരു കുട്ടിയുമുണ്ട്. കല്ലറ മുണ്ടാര്‍ സ്വദേശിനിയായ ആശയുടെ ഭര്‍ത്താവ് പല്ലുവേലി സ്വദേശിയാണ്. ആശയുടെ അകന്ന ബന്ധുവാണ് രതീഷ്.

ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുഞ്ഞു ജനിച്ചത്. 25-നാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26-ന് ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഇവിടെ മനോജ് എന്ന പേരു നല്‍കി രതീഷാണ് കൂടെ നിന്നത്. 31-നു രാവിലെ വിടുതല്‍ ചെയ്തു. അപ്പോള്‍ കുട്ടി ആരോഗ്യവാനായിരുന്നു. രാത്രി എട്ടരയ്ക്കാണ് പള്ളിപ്പുറത്തുവെച്ച് ഇരുവരും പിരിഞ്ഞത്. ബിഗ്‌ഷോപ്പറിലാണ് കുട്ടിയെ രതീഷ് കൊണ്ടുപോയത്. അതുവരെ ജീവനുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതിന് ശേഷമാണ് കൊല നടത്തിയത്.

ഭര്‍ത്തൃവീട്ടിലായിരുന്ന ആശ എട്ടാംമാസം മുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ആശമാരുടെയും നിരീക്ഷണത്തിലായിരുന്നു. എന്നാല്‍, ഗര്‍ഭിണിയാണെന്ന് ദമ്പതിമാര്‍ സമ്മതിച്ചിരുന്നില്ല. പ്രസവിച്ചതറിഞ്ഞ് കുട്ടിയെ അന്വേഷിച്ചതാണ് കൊലപാതകം പുറത്ത് എത്തിച്ചത്. കുട്ടിയെ വളര്‍ത്താന്‍ ശേഷിയില്ലാത്തതിനാല്‍ വേറെ ദമ്പതിമാര്‍ക്കു നല്‍കിയെന്നാണ് ആദ്യം പറഞ്ഞത്. സംശയമുയര്‍ന്നതോടെ ആശ പ്രവര്‍ത്തകര്‍ ഗ്രാമപ്പഞ്ചായത്തു ഭാരവാഹികളെ അറിയിച്ചു. അവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ആശയുടെ ഫോണില്‍നിന്ന് പോലീസ് രതീഷിനെ വീട്ടിലേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

ഗര്‍ഭധാരണവും പ്രസവവും രഹസ്യമാക്കി വയ്ക്കാന്‍ ചോരക്കുഞ്ഞിനെ മറവു ചെയ്ത പാണാവള്ളിയിലെ സംഭവം ആലപ്പുഴയെ ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിന് ഒരു മാസം തികയും മുന്‍പേ കിലോമീറ്ററുകള്‍ മാത്രം ദൂരെ മറ്റൊരു ചോരക്കുഞ്ഞും കൊല്ലപ്പെട്ടുവെന്നതാണ് വസ്തുത. തു നാടിനെ നടുക്കി. കഴിഞ്ഞ 7നു പുലര്‍ച്ചെയാണു പാണാവള്ളി ആനമൂട്ടില്‍ചിറയില്‍ ഡോണ ജോജി (22) വീട്ടിലെ കിടപ്പുമുറിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. ഡോണയുടെ ആണ്‍ സുഹൃത്ത് തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫും (24), ഇയാളുടെ സുഹൃത്ത് തകഴി ജോസഫ് ഭവന്‍ അശോക് ജോസഫും (30) എത്തി കുഞ്ഞിനെ കൊണ്ടുപോയി തകഴിയിലെ പാടശേഖരത്തിലെ പുറംബണ്ടിനോടു ചേര്‍ന്നു മറവു ചെയ്തു.

രക്തസ്രാവവും വയറുവേദനയും മൂലം ഡോണ രണ്ടു ദിവസത്തിനു ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണു പ്രസവ വിവരം ഡോണയുടെ വീട്ടുകാര്‍ പോലും അറിയുന്നത്. മൂന്നു പ്രതികളും നിലവില്‍ ജയിലിലാണ്.