ഹൈദരാബാദ്: രാത്രി വിദ്യാർത്ഥികൾ ഹോസ്റ്റലിലെ മെസ്സിലെത്തി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി. കറി വിളമ്പിയപ്പോൾ കണ്ണിൽ പെടുന്നനെ തിളക്കം വീശി അപ്പോഴാണ് വിദ്യാർത്ഥികൾ ശ്രദ്ധിക്കുന്നത്. സൂക്ഷിച്ചു നോക്കിയപ്പോൾ കിട്ടിയത് നല്ല അസ്സൽ 'ബ്ലേഡ്'. ഇതോടെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തുവരുകയായിരുന്നു.

ഹോസ്റ്റല്‍ ഭക്ഷണത്തില്‍ നിന്നും 'ബ്ലേഡ്' കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍. ന്യൂ ഗോദാവരി ഹോസ്റ്റല്‍ മെസ്സിൽ വിളമ്പിയ കറിയില്‍നിന്ന് ചൊവ്വാഴ്ച രാത്രിയാണ് ബ്ലേഡ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് യൂണിവേഴ്‌സിറ്റിയുടെ പ്രധാന റോഡ് ഉപരോധിച്ചത്. കറിപാത്രവുമായി വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

ഭക്ഷണത്തില്‍നിന്ന് ബ്ലേഡ് കണ്ടെത്തിയത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രണ്ട് ദിവസം മുമ്പ് വിളമ്പിയ കാബേജ് കറിയില്‍നിന്ന് പുഴുവിനെ കിട്ടിയിരുന്നെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഭക്ഷണത്തില്‍ പുഴുക്കളും ഗ്ലാസ് കഷണങ്ങളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എം. കുമാറിനോട് തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

മുമ്പ് ഭക്ഷണത്തില്‍നിന്ന് ഒരു വിദ്യര്‍ഥിക്ക് ഗ്ലാസ് കഷ്ണങ്ങള്‍ കിട്ടിയിരുന്നു. എല്ലാ തവണയും ഞങ്ങള്‍ പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ ഇനി അങ്ങനെ സംഭവിക്കില്ലെന്നാണ് മെസ്സിലെ സ്റ്റാഫ് ഉറപ്പുതരാറുള്ളതെന്ന് വിദ്യാര്‍ഥികളിലൊരാള്‍ പറഞ്ഞു. ഹോസ്റ്റല്‍ മെസ്സിലെ ജീവനക്കാര്‍ കൃത്യമായി ജോലിചെയ്യാറില്ലെന്നും സ്വയം ഭക്ഷണം വിളമ്പി കഴിക്കാന്‍ അവര്‍ നിര്‍ബന്ധിക്കാറുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

'ഹോസ്റ്റല്‍ മെസ്സില്‍ നല്‍കുന്ന നിലവാരമില്ലാത്ത ഭക്ഷണത്തിന് പ്രതിമാസം 2,500 മുതല്‍ 3,000 രൂപ വരെയാണ് ഞങ്ങള്‍ക്ക് ബില്ല് വരുന്നത്. പരിഹാരം തേടി സര്‍വകലാശാലാ അധികൃതർക്ക് നിരവധി പരാതി നല്‍കിയിട്ടും പ്രശ്‌നം തുടരുകയാണ്, വിദ്യാര്‍ഥി വ്യക്തമാക്കി. ഹോസ്റ്റലില്‍ നിലവിലുള്ള കുടിവെള്ളം സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ആശങ്ക പ്രകടിപ്പിച്ചു. വിദ്യാര്‍ഥികള്‍ പലപ്പോഴും രോഗബാധിതരാകാറുണ്ട്. ടാങ്കറുകളെ ആശ്രയിക്കുന്നതിനുപകരം ഒരു കുഴല്‍ക്കിണര്‍ സ്ഥാപിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും വിദ്യാർഥികൾ ഒന്നടങ്കം വ്യക്തമാക്കുന്നു.