തൃശ്ശൂർ: ബന്ധുക്കൾ എത്താതെ അജ്ഞാതനെന്ന പേരിൽ സംസ്കരിച്ച മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്ത് ഒന്നര വർഷം മുൻപ് കാണാതായ തൃശ്ശൂ‍ർ സ്വദേശി മരണപ്പെട്ട ദുരൂഹത പുറത്ത് കൊണ്ട് വരണമെന്ന് ഭാര്യയും ബന്ധുക്കളും. ഈരാറ്റുപേട്ട പോലീസ് ആണ് മൃതദേഹം സംസ്കരിച്ചത്. എന്നാൽ കാണാതായ സുനിൽകുമാർ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ആരോപിച്ചു. കോൺട്രാക്ടറായിരുന്നു സുനിൽകുമാറിന്റെ മൃതദേഹം പാലാ പൊതു ശ്മശാനത്തിലാണ് സംസ്കരിച്ചത്.

കഴിഞ്ഞ വർഷം ഏപ്രില്‍ 28 നാണ് സുനില്‍കുമാറിനെ കാണാതാവുന്നത്. ജോലിക്കാ‍‍‍ർക്ക് നൽകാനുള്ള പണവുമായി തൃപ്രയാറിലേക്ക് പോയ സുനിൽകുമാർ പിന്നീട് മടങ്ങി വന്നിട്ടില്ല. പൂരങ്ങള്‍ക്കും മറ്റും പോയി വൈകി എത്തുന്നത് പതിവായിരുന്നതിനാൽ മടങ്ങിയെത്തുമെന്ന് കരുതി കുടുംബം കാത്തിരുന്നു. ദിവസങ്ങൾ കഴിഞ്ഞും കാണാതായതിനെത്തുടര്‍ന്ന് മെയ് മൂന്നിന് പോലീസില്‍ പരാതി നല്‍കി.

ഒടുവിൽ മെയ് 27 ന് ഈരാറ്റുപേട്ട സ്റ്റേഷന്‍ പരിധിയില്‍ ആത്മഹത്യ ചെയ്ത ഒരാളുടെ മൃതദേഹം ബന്ധുക്കളാരും വരാനില്ലാതെ സംസ്കരിച്ചിരുന്നു. ഇയാളുടെ വസ്ത്രങ്ങളും ചെരുപ്പും സൂക്ഷിച്ച് വച്ചിട്ടുണ്ട്. സ്റ്റേഷന്‍ വരെയെത്തി കാണാതായ സുനിൽകുമാറിന്റെ തന്നെയാണോ എന്ന് ഉറപ്പ് വരുത്തണമെന്ന് കുടുംബത്തിന് പോലീസ് സ്റ്റേഷനില്‍ നിന്നും അറിയിപ്പ് കിട്ടി.

തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി കുടുംബാംഗങ്ങൾ ചെരുപ്പും വസ്ത്രങ്ങളും സുനിലിന്‍റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു. അതേസമയം സുനില്‍ ആത്മഹത്യ ചെയ്യാന്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു കുടുംബത്തിന്റെ അവകാശവാദം.

മാത്രമല്ല, സുനിൽകുമാർ ഈരാറ്റുപേട്ടയിലെ റബ്ബര്‍ തോട്ടത്തില്‍ എങ്ങനെ എത്തി എന്നും അന്വേഷണം ഉണ്ടായില്ലെന്നതിലും ദുരൂഹതയുണ്ട്. സുനിലിന്‍റെ തൊഴിലാളികള്‍ക്ക് നൽകാനായി കൈയ്യിലുണ്ടായിരുന്ന മുപ്പതിനായിരത്തിലേറെ രൂപ അവർക്ക് ലഭിച്ചിട്ടില്ല. ഇത് എവിടെ നഷ്ടപ്പെട്ടു എന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സുനിലിന്‍റെ ഫോണും ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല.

മെസഞ്ചര്‍ വഴി കുടുംബവുമായി തൊഴിലാളികൾ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് സുനില്‍ തൃപ്രയാറിലത്തിയില്ലെന്ന് വീട്ടുകാര്‍ മനസ്സിലാക്കുന്നത്. ഈരാറ്റുപേട്ട സ്റ്റേഷനില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ എത്തിയ ഡിഎന്‍എ പരിശോധനാ റിപ്പോര്‍ത്തിനായി കുടുംബം നിരന്തരം പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും നല്‍കാൻ അതികൃതർ മടി കാണിച്ചു. ഒടുവില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കുമെന്ന് പറഞ്ഞപ്പോഴാണ് ആറുമാസത്തിന് ശേഷം റിപ്പോർട്ട് നല്‍കിയതെന്നും സുനിത ആരോപിക്കുന്നു.

പോലീസിന്റെ സമീപനം സംശയം സൃഷ്ടിക്കുന്നുണ്ടെന്നും, ആരെയോ സംരക്ഷിക്കാനോ ഒളിക്കാനോ ആണ് പോലീസ് ശ്രമിക്കുന്നതെന്നാണ് ഭാര്യ സുനിതയുടെ ആരോപണം. കേസില്‍ തുടരന്വേഷണം വേണമെന്നും മൃതദേഹം റീ പോസ്റ്റ്മോട്ടം നടത്തണമെന്നും സുനിത ആവശ്യപ്പെടുന്നു.