ഹൈദരാബാദ്: വാലന്റൈന്‍സ് ദിനത്തില്‍ പ്രണയാഭ്യാര്‍ഥന നിരസിച്ച യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാ സ്വദേശിനി ഗൗതമിയെയാണ് (23) യുവാവ് ആക്രമിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയെ സ്ഥിരമായി ശല്യം ചെയ്തിരുന്ന ഗണേഷിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. കാദിരി റോഡില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു ഗൗതമി. ആന്ധ്ര പ്രദേശിലെ പേരമ്പള്ളിയില്‍ വച്ചായിരുന്നു ആസിഡ് ആക്രമണം.

ഏപ്രില്‍ 29ന് ശ്രീകാന്ത് എന്ന യുവാവുമായി ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയാറെടുപ്പിലായിരുന്നു ഗൗതമിയുടെ കുടുംബം. എന്നാല്‍ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു. ഗണേഷിന്റെ പ്രണയാഭ്യര്‍ഥന ഗൗതമി ആദ്യമേ തന്നെ തള്ളിയിരുന്നു. വാലന്റൈന്‍സ് ദിനത്തിലും ഗണേഷ് വീണ്ടും തന്റെ പ്രണയം ഗൗതമിയെ അറിയിച്ചു. എന്നാല്‍ വിവാഹനിശ്ചയം കഴിഞ്ഞ ഗൗതമി പ്രണയാഭ്യര്‍ഥന വീണ്ടും നിരസിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ കൊല്ലാന്‍ മാതാപിതാക്കള്‍ പാല്‍ വാങ്ങാന്‍ പോയ സമയം നോക്കി ഗൗതമിയുടെ വീട്ടിലെത്തി. ഗൗതമിയെ കണ്ടയുടന്‍ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയില്‍ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്യുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഗൗതമി ആശുപത്രിയില്‍ ചികിത്സയിലാണ്.