കൊച്ചി: റൈസ് പുള്ളര്‍ നല്‍കാമെന്ന് പറഞ്ഞ് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. തോപ്പുംപടി ചുള്ളിക്കല്‍ അറയ്ക്കല്‍ വീട്ടില്‍ ആന്റണി ബിജു (45)വാണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി സ്വദേശിയായ ജയേഷിന്റെ പക്കല്‍ നിന്നും റൈസ് പുള്ളര്‍ നല്‍കാമെന്ന് പറഞ്ഞ് പണം കൈപ്പറ്റിയത്. കഴിഞ്ഞ നാല് മാസമായി ഇതിനുള്ള ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു.

തോപ്പുംപടി, ചുള്ളിക്കല്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച് റൈസ് പുള്ളര്‍ കാണിച്ചു. അതില്‍ ഉപ്പ് ഇട്ട് ബ്രൗണ്‍ നിറമാക്കി കാണിച്ച് വിശ്വസിപ്പിച്ചാണ് പതിനൊന്നര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചത്. തുടര്‍ന്ന് മുദ്ര പത്രത്തില്‍ കരാറും വച്ചു. ഒന്നരലക്ഷം രൂപ അഡ്വാന്‍സ് ആയി വാങ്ങി. ചുള്ളിക്കലുള്ള കാസ് ഹോംസ്റ്റേയില്‍ വച്ച് സാധനം കൈമാറുന്നതിനായി എത്തിച്ചേര്‍ന്നു.

വിരലടയാളത്തോടു കൂടിയ ലോക്കിംഗ് സംവിധാനമുള്ള വലിയ ബോക്സ് കാണിക്കുകയും അതിനുള്ളില്‍ റൈസ് പുള്ളര്‍ സൂക്ഷിച്ചിരിക്കുകയാണെന്നും പറഞ്ഞു വിശ്വസിച്ച് വച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഇവര്‍ എത്താത്തിരുന്നപ്പോള്‍ തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ ജയേഷ് പരാതിപ്പെട്ടു.

ഹോം സ്റ്റേയില്‍ എത്തിയ തോപ്പുംപടി പോലീസ് വലിയ ബോക്സ് കസ്റ്റഡിയില്‍ എടുത്തു. സ്റ്റേഷനില്‍ കൊണ്ടു വന്ന് ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയെക്കൊണ്ട് പരിശോധിപ്പിച്ചു. പിന്നീട് ബോക്സ് തുറന്നു പരിശോധിച്ചതില്‍ കുറച്ച് പഞ്ഞിക്കെട്ട് മാത്രമാണ് ഉണ്ടായിരുന്നത് പെട്ടി തുറക്കുന്നത് വരെ പരാതിക്കാരന്‍ പോലീസിനോട് പറഞ്ഞത് റൈസ് പുള്ളര്‍ പെട്ടിക്കുള്ളില്‍ ഉണ്ടെന്നും അത് വക്കുന്നത് കണ്ടിരുന്നു എന്നുമാണ്. തുറന്നപ്പോള്‍ ഇയാളും ഞെട്ടി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി ആന്റണി ബിനുവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു മട്ടാഞ്ചേരി എസിപി കിരണിന്റെ നിര്‍ദ്ദേശാനുസരണം തോപ്പുംപടി പോലീസ് ഇന്‍സ്പെക്ടര്‍ സി.ടി. സഞ്ജയ്, എസ്ഐമാരായ ഷാഫി എ എസ് ഐ രൂപേഷ് ഉണ്ണി സിപിഒ ബിബിന്‍ ജോര്‍ജ് സാംസണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.